തൃക്കാക്കര: തൃക്കാക്കര ആരെ തുണക്കും? ഉമ തോമസിനെയോ അതോ ജോ ജോസഫിനേയോ? ഇരു മുന്നണികളെയും തകർത്ത് എ.എൻ. രാധാകൃഷ്ണൻ അട്ടിമറി വിജയം നേടുമോ? ഈ ആകാംക്ഷകൾക്ക് വെള്ളിയാഴ്ച പരിസമാപ്തിയാകും. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ കൂട്ടലും കിഴിക്കലുമായി മുന്നണികൾ സജീവമാണ്. പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെയും എൽഡിഎഫിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും തികഞ്ഞ ആത്മ വിശ്വാസമാണ് ഇരു മുന്നണികളും പ്രകടിപ്പിക്കുന്നത്. മികച്ച ഭൂരിപക്ഷത്തിൽ ഉമ തോമസിനെ തൃക്കാക്കരയിലെ ജനങ്ങൾ നിയമസഭയിലേക്ക് അയക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
പി.ടി. തോമസിന് മണ്ഡലത്തിലുണ്ടായിരുന്ന സ്വധീനവും സിൽവർ ലൈൻ വിരുദ്ധ പ്രചരണവും തുണയാകുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. പരമ്പരാഗത യുഡിഎഫ് മണ്ഡലമെന്നതും അവർക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഇതിന് പുറമെ ട്വന്റെി-20 വോട്ടുകളിൽ ഭൂരിഭാഗവും തങ്ങൾക്ക് അനുകൂലമായി പോൾ ചെയ്തതായും യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു. എന്നാൽ ബിജെപി പിടിക്കാൻ സാധ്യതയുള്ള അധിക വോട്ടുകൾ യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. കള്ള വോട്ട് മറികടന്നും മികച്ച വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പ്രതികരിച്ചു.
Read Also: തൃക്കാക്കരയിലെ ഏക ഹരിത വനിതാ തെരഞ്ഞെടുപ്പ് കേന്ദ്രം
പരാജയഭീതി കൊണ്ടാണ് ഇടത് മുന്നണി കള്ളവോട്ട് ചെയ്തതെന്നും പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്നും ഉമ തോമസ് വ്യക്തമാക്കി. ഇടത് ക്യാമ്പും വലിയ പ്രതീക്ഷയിൽ തന്നെയാണ്. തൃക്കാക്കരയിലെ ജനങ്ങൾ തങ്ങൾക്ക് അനുകൂലമായ വിധിയെഴുത്താണ് നടത്തിയതെന്ന് ഇടത് നേതാക്കൾ ആവർത്തിച്ച് പറയുന്നു. വികസനം ആഗ്രഹിക്കുന്നവരാണ് മണ്ഡലത്തിലെ ജനങ്ങൾ എന്നും അതുകൊണ്ടുതന്നെ സിൽവർ ലൈൻ പദ്ധതി അനുകൂലമാകുമെന്നുമാണ് ഇടത് മുന്നണി വിലയിരുത്തുന്നത്. പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്നും അവർ കണക്കുകൂട്ടുന്നു.
യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ കൊച്ചി നഗര സഭയിലെ 23 വാർഡുകളിലാണ് പോളിംഗ് കുറഞ്ഞതെന്നും മണ്ഡലത്തിലെ മുഴുവൻ ഇടത് വോട്ടുകളും പോൾ ചെയ്തെന്നുമാണ് നേതാക്കൾ പറയുന്നത്. വിജയം ഉറപ്പെന്ന് എൽ.ഡി.എഫ് സ്ഥാനാഥി ഡോ. ജോ ജോസഫ് പറഞ്ഞു. പരാജയ ഭീതി മൂലമാണ് യു.ഡി.എഫ് കള്ള വോട്ട് ആരോപണം ഉന്നയിക്കുന്നതെന്നും ജോ ജോസഫ് പ്രതികരിച്ചു. തൃക്കാക്കരയിൽ അട്ടിമറി വിജയം നേടുമെന്ന് തുടക്കം മുതൽ പറഞ്ഞിരുന്ന എൻ ഡിഎക്ക് വോട്ടെടുപ്പ് കഴിഞ്ഞതോടെ പ്രതീക്ഷ നഷ്ടമായ അവസ്ഥായാണ്.
Read Also: കനത്ത പോളിങ് നല്‍കുന്നത് ശുഭ സൂചന; അരുൺകുമാർ
തൃക്കാക്കര ബിജെപിയുടെ സി ക്ലാസ് മണ്ഡലമാണെന്നും വിജയ പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നുമാണ് എൻ.ഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ പ്രതികരിച്ചത്. എൽഡിഎഫിനും യുഡിഫിനും വിജയ സാധ്യത ഉണ്ടെന്നും ആര് വിജയിച്ചാലും നേരിയ മാർജിനിലായിരിക്കും വിജയമെന്നും എ.എൻ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബിജെപിയുടെ വോട്ട് വലിയ തോതിൽ വർദ്ധിക്കുമെന്നും ഇരു മുന്നണികളുടെയും വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
2008 ൽ തൃക്കാക്കര മണ്ഡലം രൂപം കൊണ്ടതിന് ശേഷം നടന്ന നാലാമത്ത തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 2011 ലെ ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ബെന്നി ബെഹനാൻ 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇ. എം. ഹസൈനാരെ ആയിരുന്നു അന്ന് ബെന്നി ബെഹനാൻ പരാജയപ്പെടുത്തിയത്. 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര യുഡി എഫിനൊപ്പം ഉറച്ച് നിന്നു.
Read Also: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ എൽഡിഎഫ് നേരിട്ടത് പച്ച വർഗീയത പറഞ്ഞ്; പിണറായിക്കെതിരെ വി.മുരളീധരൻ
2016 ൽ ബെന്നി ബെഹനാന് പകരക്കാരനായി പി.ടി തോമസ് തൃക്കാക്കരയിൽ എത്തിയപ്പോൾ പ്രമുഖനായ സബാസ്റ്റ്യൻ പോളിനെ സിപിഎം രംഗത്ത് ഇറക്കിയിട്ടും വിജയം യുഡിഎഫിന് ഒപ്പമായിരുന്നു. അന്ന് 11,996 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് തൃക്കാക്കരക്കാർ പി.ടി തോമസിനെ നിയമസഭയിലേയ്ക്കയച്ചത്. 2021ൽ രണ്ടാം വട്ടം ജനവിധി തേടിയപ്പോഴും മണ്ഡലം പി.ടി തോമസിനെ തുണച്ചു. ഇടത് തരംഗം ആഞ്ഞടിച്ചിട്ടും ഡോ. ജെ.ജേക്കബ്ബിനെ 14,329 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...