തൃശൂരിൽ ഇന്ന് പുലികളുടെ പെരുങ്കളിയാട്ടം. ഓണാഘോഷത്തിന് സമാപനം കുറിച്ചുള്ള പുലിക്കളി ഇന്ന് വൈകിട്ട് അരങ്ങേറും. ഇത്തവണ അഞ്ച് സംഘങ്ങളാണ് പുലികളെ ഇറക്കുന്നത്. സ്വരാജ് റൗണ്ടിൽ പുലിയാരവം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.
തൃശൂർ നഗരത്തെ വിറപ്പിക്കാൻ മടകളിൽ പുലികൾ തയ്യാറെടുക്കുകയാണ്. പുലി വീരൻമാർ, പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ- എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി വരുമ്പോൾ തൃശൂരിനിത് മറ്റൊരു പൂരം . അഞ്ച് സംഘങ്ങളാണ് പുലികകളുമായി നഗരത്തിൽ ഇറങ്ങുക.
ALSO READ: ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ട് ചക്രവാതച്ചുഴി; സംസ്ഥാനത്ത് 5 ദിവസം മഴയ്ക്ക് സാധ്യത
സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നിവയാണ് ടീമുകൾ . ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണമെന്നാണ് മാനദണ്ഡം. പരമാവധി 51 എണ്ണവും. അഞ്ച് സംഘങ്ങളിലും 51 വീതം പുലികളുണ്ട്.
സീതാറാം, കാനാട്ടുകര, അയ്യന്തോൾ സംഘങ്ങൾ എം ജി റോഡ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. ശക്തൻ ടീം എം.ഒ റോഡ് വഴിയും വിയ്യൂർ ദേശം വടക്കേ സ്റ്റാൻഡ് ഭാഗത്തു നിന്നുമാണ് റൗണ്ടിൽ കയറുക. പെൺപുലികളും ഇത്തവണ കളത്തിലിറങ്ങും. വിയ്യൂർ ദേശത്ത് നിന്നാണ് പെൺപുലികൾ ഇറങ്ങുന്നത്.
സമകാലിക സാമൂഹ്യ യാഥാർത്യങ്ങളും പുരാണ കഥാ സന്ദർഭങ്ങളുമൊക്കെ വിഷയമാകുന്ന നിശ്ചല ദൃശ്യങ്ങളും കാണികളെ വിസ്മയിപ്പിക്കാനെത്തും. വന്യ താളത്തിൽ ചിലമ്പണിഞ്ഞ് പുലികൾ നഗര വീഥികളിൽ നൃത്തം വെയ്ക്കുന്നതോടെ ജനക്കൂട്ടവും പുലിയാരവങ്ങളിൽ മുങ്ങി നിവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...