Trans Man Praveen Nath : 'എന്നെ എല്ലാവരും നോക്കിയിരുന്നത് ഒരു കൗതുക വസ്തുവായിട്ടാണ്'; പെണ്ണുടലിൽ ജനിച്ച മിസ്റ്റർ കേരളയുടെ പൊള്ളുന്ന കഥ

Praveen Nath Trans Man : ഇന്ന് മെയ് നാലിനാണ് പ്രവീൺ നാഥിന് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രവീൺ.

Written by - Zee Malayalam News Desk | Last Updated : May 4, 2023, 07:55 PM IST
  • പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രവീൺ നാഥ്
  • തൃശൂരിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു
Trans Man Praveen Nath : 'എന്നെ എല്ലാവരും നോക്കിയിരുന്നത് ഒരു കൗതുക വസ്തുവായിട്ടാണ്'; പെണ്ണുടലിൽ ജനിച്ച മിസ്റ്റർ കേരളയുടെ പൊള്ളുന്ന കഥ

മൃദുവായ സ്ത്രീ ശരീരത്തിൽ നിന്ന് കരുത്തുറ്റ പുരുഷ ശരീരത്തിലേക്കുള്ള വേദനകൾ നിറഞ്ഞ യാത്രയായിരുന്നു പ്രവീൺ നാഥിന്റെ ജീവിതം. ട്രാൻസ് മാനായ പ്രവീൺ നാഥ് ബോഡി ബിൽഡർ ആയതും മിസ്റ്റർ കേരള ആയതുമെല്ലാം ചരിത്രവും പ്രചോദനവുമാണ്. നേട്ടങ്ങൾ ഏറെ നേടി നിൽക്കുമ്പോഴാണ് അതിലേക്കെത്താനുള്ള യാത്ര കഠിനമായിരുന്നു എന്ന മനസ്സിലാക്കാൻ സാധിക്കുക. നിശ്ചയദാർഢ്യം മാത്രമായിരുന്നു കൈമുതൽ. ആത്മഹത്യയുടെ വക്കിൽനിന്ന് പിന്തിരിഞ്ഞു പോയ അനുഭവങ്ങൾ പലതാണ്. അങ്ങനെ ഒരു പോരാട്ടമായിരുന്നു പ്രവീൺ നാഥിന്റെ ജീവിതം. എന്നാൽ ആ പോരാട്ടത്തിന് സ്വയം തന്നെ അവസാനം കുറിച്ചിരിക്കുകയാണ് ഇന്ന് പ്രവീൺ നാഥ്. 

തന്റെ ജീവിതത്തിലെ വേദനകളും, സന്തോഷങ്ങളുമെല്ലാം സീ മലയാളം ന്യൂസിനോട് പ്രവീൺ തുറന്ന് പറഞ്ഞിരുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി മിസ്റ്റ കേരളയായതിന്റെ സന്തോഷവും സമൂഹത്തിൽ താൻ നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ച് സീ മലയാളം ന്യൂസിന് നൽകി പ്രത്യേക അഭിമുഖം ഇങ്ങനെയായിരുന്നു.

പാലക്കാട് ജില്ലയിലെ നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. പെൺകുട്ടിയായിരുന്ന തന്റെ സ്വത്വം ആൺകുട്ടിയുടേതാണെന്ന് പ്രവീൺ തിരിച്ചറിയുന്നത് 15-ആം വയസ്സിലാണ്. അധ്യാപകരും സുഹൃത്തുക്കളുമാണ് തന്നിലെ മാറ്റങ്ങളെ ആദ്യം തിരിച്ചറിഞ്ഞത്. അവരുടെ നിർദേശപ്രകാരം കൗൺസിലിംഗിന് വിധേയമായി. സ്വന്തം സ്വത്വത്തില്‍ ജീവിക്കാൻ അവകാശമുണ്ടെന്നും അതു തെറ്റല്ലെന്നും എന്നാൽ പ്രായപൂർത്തിയാകുന്നതു വരെ കാത്തിരിക്കണമെന്നുമായിരുന്നു കൗൺസലറുടെ ഉപദേശങ്ങൾ. ഡിഗ്രി പഠന സമയം ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീട് 18ആം വയസ്സിൽ വീട് വിട്ടിറങ്ങേണ്ടിയും വന്നു.

ALSO READ : Trans Man Praveen Nath : ആരാണ് പ്രവീൺ നാഥ്? സൈബർ ആക്രമണത്തിൽ പൊലിഞ്ഞ് പോയ മറ്റൊരു ജീവൻ

ലിംഗ–ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സഹയാത്രികയുടെ സഹായത്തോടെയാണ് പ്രവീൺ വീടുവിട്ടിറങ്ങിയത്. ഇനി വീട്ടിലേക്കില്ലെന്നും സ്വത്വം വെളിപ്പെടുത്തി ജീവിക്കാനാണ് തീരുമാനമെന്നും അന്വേഷിച്ചു വന്ന വീട്ടുകാരോട് പ്രവീൺ പറഞ്ഞു. നന്നായി പഠിക്കണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ നിർദേശം.പിന്നീട് മഹാരാജാസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയമാണ് ലിംഗമാറ്റത്തിന്റെ ചികിത്സകൾ ആരംഭിക്കുന്നത്. 2019 ൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അതിനുശേഷം നാട്ടിലേക്ക് തിരിച്ചുവന്ന പ്രവീണിന് അക്ഷയകേന്ദ്രത്തിൽ ജോലി ലഭിച്ചെങ്കിലും നാട്ടുകാരിൽ നിന്ന് പരിഹാസവും അവഗണനയും അധികമായി ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് നാട്ടിൽ നിന്ന് തൃശൂരിൽ എത്തിയ പ്രവീൺ സഹയാത്രികയിൽ കോഓർഡിനേറ്റർ ആയി ജോലി ചെയ്തു. 

ബോഡി ബില്‍ഡിങ്ങിലേക്കുള്ള പ്രവീണിന്റെ കടന്നു വരവ് ആകസ്മികമായിട്ടായിരുന്നു. എറണാകുളത്തു പഠിച്ചിരുന്ന സമയത്തും പാലക്കാട് തിരിച്ചെത്തിയപ്പോഴും  ജിമ്മിൽ പോയിരുന്നു. ശരീരം ഫിറ്റാക്കി നിർത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഒരു കൗതുക വസ്തു എന്ന നിലയിലുള്ള പെരുമാറ്റമാണ് പലപ്പോഴും നേരിടേണ്ടി വന്നത്. തൃശൂരിൽ പൂങ്കുന്നത്തിന് അടുത്തുള്ള ജിമ്മിൽ എത്തിയതോടെയാണ് ജീവിതം വഴിമാറിയത്.  ട്രെയിനര്‍ ആയ വിനുവിനോട് താൻ ട്രാൻസ്മാൻ ആണെന്ന് പറഞ്ഞപ്പോൾ  കുഴപ്പമില്ലെന്നും അതൊന്നും ആരോടും പറയേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് ജിമ്മിൽ പോകൽ സ്ഥിരമാവുകയും പതിയെ അത് ബോഡി ബിൽഡിങ്ങിലേക്ക് വഴിമാറുകയും ചെയ്തു. ബോഡി ബിൽഡറായി മാറുകയെന്ന സ്വപ്നത്തിന് നിരവധി കടമ്പകൾ മറികടക്കേണ്ടിയിരുന്നു. സ്പെഷൽ കാറ്റഗറി സൃഷ്ടിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവളി. അസോസിയേഷനുമായി ബന്ധപ്പെട്ടാണ് ഇതു സാധിച്ചെടുത്തത്. 

മിസ്റ്റർ തൃശൂർ മത്സരത്തിൽ സ്പെഷൽ കാറ്റഗറിയിൽ ആദ്യ മത്സരാർഥിയായി പ്രവീൺ. അതിനുശേഷം മിസ്റ്റർ കേരളയിലും മത്സരാർഥിയായി. ഒരു ട്രാൻസ്മാന്റെ ശരീരം എങ്ങനെയാണ് ? എന്തെല്ലാം വ്യത്യാസങ്ങളുണ്ട് ? ട്രാൻസ്മെന്നിന് എന്തെല്ലാം ചെയ്യാനാകും എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകണമെന്ന ആഗ്രഹം സഫലമായെന്ന് പ്രവീൺ പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം ആരാണ് എന്ന് ചോദിച്ചാൽ അത് ഞാൻ തന്നെയാണ് എന്നാണ് പ്രവീണിന്റെ ഉത്തരം. ജീവിതത്തിൽ വീണുപോകുമെന്ന് വിചാരിച്ച നിരവധി അവസരങ്ങളിൽ സ്വയം പ്രചോദിപ്പിച്ചാണ് പിടിച്ചുനിന്നത്. തോറ്റു പോകരുതെന്നും താൻ കാരണം തല കുനിക്കേണ്ടി വന്ന വീട്ടുകാർക്ക് അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കാനുള്ള സാഹചര്യം ഒരുക്കണമെന്നുമുള്ള ചിന്തകൾ മുന്നേറാൻ കരുത്തേകിയെന്നും പ്രവീൺ പറയുന്നു.

ട്രാൻസ്‌ജൻഡേഴ്സിനൊടുള്ള ആളുകളുടെ മനോഭാവത്തിൽ മാറ്റം വരുന്നുണ്ടെങ്കിലും അതിന് വേഗം പോരാ എന്ന അഭിപ്രായം പ്രവീണിന് ഉണ്ട്. ഇപ്പോഴും ലിംഗമാറ്റം വലിയ കുറ്റമായി കരുതുന്ന ആളുകൾ ഉണ്ട്. കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ലിംഗം ഏതെന്ന് നോക്കേണ്ടതില്ല എന്നും പ്രവീൺ പറയുന്നു. തന്നിലെ സ്വത്വം കണ്ടെത്തി പുതിയ ജീവിതം ആരംഭിക്കുന്ന ജനതയുടെ അതിജീവനം ചോദ്യചിഹ്നമായി നിൽക്കുന്ന സാഹചര്യത്തിൽ പ്രവീണിന്റെ ജീവിതം വലിയ മാതൃകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News