Transgender Marriage: ട്രാൻസ് പ്രണയത്തിന് ഇനി വിവാഹത്തിന്റെ തണലും... പ്രണയ ദിനത്തിൽ പ്രവീണും റിഷാനയും ഒന്നായി

Transgender Marriage: പ്രവീൺ നാഥും റിഷാനും നേരത്തേ ലിവ്-ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയും ആണ് ഇപ്പോൾ വിവാഹിതരായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 12:21 PM IST
  • ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് പ്രവീണും റിഷാനയും വിവാഹം കഴിക്കുന്നത്
  • ആദ്യം വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ നേരിടേണ്ടി വന്നു
  • അവരവരുടെ മേഖലകളിൽ കഴിവുതെളിയിച്ചവരാണ് പ്രവീണും റിഷാനയും
Transgender Marriage: ട്രാൻസ് പ്രണയത്തിന് ഇനി വിവാഹത്തിന്റെ തണലും... പ്രണയ ദിനത്തിൽ പ്രവീണും റിഷാനയും ഒന്നായി

പാലക്കാട്: ട്രാൻസ്ജെൻഡർ വ്യക്തികളായ പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും പ്രണയ ദിനത്തിൽ വിവാഹിതരായി.  കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. പാലക്കാട് ടോപ് ഇൻ ടൌൺ ഓഡിറ്റോറിയത്തിൽ വച്ച് ചൊവ്വാഴ്ച രാവിലെ 10.30 നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ ആയിരുന്നു വിവാഹം.

ഇരുവരുടേയും ബന്ധം ആദ്യം വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ പീന്നിട് ഇരുവരുടെയും കൈകൾ ചേർത്ത് വയ്ക്കാനും വീട്ടുകാർ ഒപ്പം നിന്നു. ബോഡി ബിൽഡിങ് താരമായ പ്രവീൺ 2021ൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു.  2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിൽ മത്സരിച്ചു. നിലവിൽ സഹയാത്രികയുടെ അഡ്വക്കേസി കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. മലപ്പുറം കോട്ടക്കൽ സ്വദേശിയായ റിഷാന ട്രാൻസ് ജെൻഡർ വ്യക്തികൾക്കുള്ള മിസ് മലബാർ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കൊപ്പം  മോഡലിങ്ങിനും രംഗത്തും സജീവമാണ് റിഷാന .

പതിനെട്ടാം വയസ്സില്‍ ആയിരുന്നു പ്രവീണിന്റെ ട്രാന്‍സ് ഐഡന്റിറ്റി തിരിച്ചറിയപ്പെടുന്നത്. അന്നത് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന് പ്രവീണ്‍ തന്നെ തുറന്ന് പറയുന്നുണ്ട്. പക്ഷേ, വീട്ടുകാര്‍ പ്രവീണിന്റെ സ്വത്വത്തെ പിന്നീട് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തു. മഹാരാജാസ് കോളേജില്‍ ആയിരുന്നു പ്രവീണ്‍ പഠിച്ചത്. ട്രാന്‍സ് കമ്യൂണിറ്റിക്കായുള്ള സഹയാത്രിക എന്ന സംഘടന നടത്തിയ ഒരു പരിപാടിയ്ക്കിടെയാണ് റിഷാന ഐഷുവിനെ ആദ്യമായി കണ്ടത് എന്നാണ് പ്രവീണ്‍ പറഞ്ഞത്. അന്ന് ഐഷുവിന്റെ നൃത്തത്തില്‍ മയങ്ങി വീഴുകയായിരുന്നു. പിന്നീട് രണ്ടുപേരും ഇഷ്ടം തുറന്നുപറയുകയും ചെയ്തു.

പ്രവീണിനെ പോലെ അത്ര എളുപ്പമായിരുന്നില്ല ഐഷുവിന്റെ കാര്യങ്ങള്‍. മുസ്ലീം കുടുംബത്തിലായിരുന്നു ജനനം. ട്രാന്‍സ് ഐഡന്റിറ്റി അംഗീകരിക്കാന്‍ കുടുംബം തയ്യാറായില്ല. മാനസികരോഗമാണെന്ന് പറഞ്ഞ് ചികിത്സ വരെ നടത്തി. എന്തായാലും ഒടുവില്‍ ഐഷുവിന്റെ കുടുംബവും എല്ലാം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തു.

പ്രവീണിനും ഐഷുവിനും പറയാന്‍ വേദനകളുടേയും, ദുരനുഭവങ്ങളുടേയും സമാനമായ ചരിത്രങ്ങളുണ്ട്. എന്നാല്‍ അതിനും അപ്പുറവും പൊരുതി നേടിയ വിജയങ്ങളുമായിട്ടാണ് അവര്‍ ഇന്ന് ലോകത്തിന് മുന്നില്‍ നില്‍ക്കുന്നത്. ട്രാൻസ് വ്യക്തികളുടെ ശരീരസൌന്ദര്യ മത്സരത്തിൽ മിസ്റ്റർ കേരള ആയിരുന്നു പ്രവീൺ. മിസ് മലബാർ ആയി തിരഞ്ഞെടുക്കപ്പെട്ട ആളാണ് റിഷാന ഐഷു. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News