കൊടും മഴയത്ത് പൂവണിഞ്ഞ ചിരകാല സ്വപ്നം; രാമേശ്വരം-ധനുഷ്കോടി യാത്ര

എല്ലാം ഇടറോഡുകൾ ആയിരുന്നു,തിരക്കും കുഴികളും ഏറെയായിരുന്നു.എങ്കിലും ഹിമാലയനും,ഡോമിനാറും കുഴികളിൽ ആശങ്കകളില്ലാതെ കുതിച്ചു.തിരുനെൽവേലി 9 മണിയോടെ എത്തി.

Written by - ഗോവിന്ദ് ആരോമൽ | Edited by - M Arun | Last Updated : Apr 8, 2022, 07:44 PM IST
  • ധനുഷ്‌കോടി യാത്ര 4 മണിയോടെ പരിസമാപ്തിയിൽ എത്തി
  • അവിടെ ചെന്നപ്പോൾ ആണ് അറിഞ്ഞത് ബാഗ് ഫോൺ മുതലായ ഒന്നും അനുവദിക്കില്ല
  • . 10 രൂപ കൊടുത്താൽ ബാഗും സാധനങ്ങളും ലോക്കറിൽ വച്ചു പൂട്ടാം
കൊടും മഴയത്ത് പൂവണിഞ്ഞ ചിരകാല സ്വപ്നം; രാമേശ്വരം-ധനുഷ്കോടി യാത്ര

 ഏതൊരു യാത്രപ്രേമിയുടേയും സ്വപ്നമാണ് രാമേശ്വരവും,ധനുഷ്കോടിയും കാണുക എന്നത്. പുരാണവും ഐതീഹ്യവും വിസ്മയ കാഴ്ചകളും സംഗമിക്കുന്ന അപൂർവ ഭൂമിക.ഞാനും ഒരുപാട് നാളായി ആഗ്രഹിച്ച ഒരു യാത്ര.
മഴതാണ്ഡവമാടിയ കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു ഞാനും സുഹൃത്തുക്കളായ രാഗേഷും,സിദ്ധാര്‍ത്ഥും ഹിമാലയനിലും,ഡോമിനാറിലുമായി യാത്ര തുടങ്ങിയത്. നവംബർ 5 പുലർച്ചെ 4 മണിക്ക് നെയ്യറ്റിൻകരയിൽ നിന്ന് ഞങ്ങൾ യാത്ര ആരംഭിച്ചു.തലേ ദിവസവും കനത്ത മഴയാണ് കേരളത്തിലും തമിഴ്നാട്ടിലും പെയ്തത്.  ആശങ്കകൾക്ക് ഒടുവിൽ രണ്ടും കല്പിച്ചു ഞങ്ങൾ ഇറങ്ങി.!

നെയ്യാറ്റിൻകര-കളിയിക്കാവിള-നാഗർകോവിൽ-തിരുനെൽവേലി-രാമേശ്വരം ഇതായിരുന്നു യാത്രപാത.കുണ്ടും കുഴിയും നിറഞ്ഞ റോഡാണ് കളിയിക്കാവിള നാഗർകോവിൽ പാത.5 മണിയോടെ ഞങ്ങൾ നാഗർകോവിൽ എത്തി.ആകാശത്ത് മഴമേഘങ്ങൾ വിരുന്നെത്തുന്നുണ്ട്,എന്നാലും മഴ കാത്തു. ഹൈവേയിൽ പോകാതെ ഗൂഗിൾ മാപ്പ് നോക്കി പോകാൻ തീരുമാനിച്ചു,എന്നാൽ അത് അത്ര മികച്ച തീരുമാനം ആയി പരിവർത്തനപെട്ടില്ല.കാരണം എല്ലാം ഇടറോഡുകൾ ആയിരുന്നു,തിരക്കും കുഴികളും ഏറെയായിരുന്നു.എങ്കിലും ഹിമാലയനും,ഡോമിനാറും കുഴികളിൽ ആശങ്കകളില്ലാതെ കുതിച്ചു.തിരുനെൽവേലി 9 മണിയോടെ എത്തി.

aromal1

എന്നാൽ കനത്ത മഴയാണ് ഞങ്ങളെ വരവേറ്റത് ഒന്നരമണിക്കൂറാണ് മഴ നിർത്താതെ പെയ്തത്.യാത്ര തുടർന്നത് 11 മണിയോടെയായിരുന്നു ഏതാണ്ട് 1 മണിയോടെ രാമനാഥപുരത്ത് ഞങ്ങൾ എത്തി.അവിടെ മഴ പെയ്യുന്നില്ല.പ്രശസ്തമായ ഖുശി ബീച്ചിൽ പോകാൻ തീരുമാനിച്ചു.അവിടെ 3 മണിക്കൂറോളം സമയം കടലിൽ കുളിച്ചും കളിച്ചും ഞങ്ങൾ സമയം ചിലവഴിച്ചു,അത്ര വൃത്തിയുള്ള ബീച്ച് ഒന്നുമല്ല ഖുശി എന്നാൽ തിരക്ക് ഇല്ല.

4:30 കഴിഞ്ഞപ്പോൾ രാമേശ്വരം ലക്ഷ്യമാക്കി യാത്ര തുടർന്നു. രാമനാഥപുരത്ത് നിന്ന് 55 കിലോമീറ്റർ ദൂരമുണ്ട് രാമേശ്വരത്തേക്ക് ,യാത്ര തുടങ്ങിയപ്പോൾ തന്നെ മഴ വീണ്ടും കൂട്ടിനെത്തി എന്നാൽ ഞങ്ങൾ മഴ നനഞ്ഞുകൊണ്ട് യാത്ര തുടർന്നു,ഏകദേശം 6 മണിയോടെ ഞങ്ങൾ ചരിത്രം കുടികൊള്ളുന്ന ഐതീഹ്യപെരുമ പേറുന്ന രാമേശ്വരം എത്തി.കനത്ത മഴയിലും തിരക്കിന് കുറവില്ലായിയിരുന്നു 

ഓൺലൈൻ വഴി 3 പേർക്കുമായി 1 റൂം ബുക്ക് ചെയ്തിരുന്നു ,ഹോട്ടൽ കണ്ടുപിടിക്കാനും അല്പം കഷ്ടപ്പെട്ടു ഒടുവിൽ റൂമിൽ എത്തിയപ്പോൾ സമയം 8 മണിയായി.ഓൺലൈൻ സൈറ്റിൽ കണ്ട റൂമിൽ നിന്ന് ഏറെ വിഭിന്നമായിന്നു കിട്ടിയ റൂം ഒരു ചെറിയ ബെഡിൽ ആണ് ഞങ്ങൾ കിടക്കാൻ പോകുന്നത് ,തറയിൽ എല്ലാം വെള്ളം തളം കെട്ടിക്കിടക്കുന്നു എന്തായാലും അമളിപറ്റി എന്ന് മനസിലാക്കി  നെടുവീർപ്പിട്ടു.  വഴിയിൽ നിന്ന് തന്നെ വാങ്ങിയ ഭക്ഷണം റൂമിൽ ഇരുന്ന് തന്നെ കഴിച്ചു.ക്ഷേത്ര ദർശനം എല്ലാം അടുത്ത ദിവസം രാവിലെ മതി എന്ന് തീരുമാനിച്ചു.നല്ല ക്ഷീണം ഉണ്ടായിരുന്നത് കാരണം അപ്പോൾ തന്നെ ഉറങ്ങിപ്പോയി. 

എന്നാൽ അടുത്ത ദിവസം 6 മണിക്ക് തന്നെ എണീറ്റ് പ്രസിദ്ധമായ രാമേശ്വരം ക്ഷേത്ര ദർശനത്തിന് ഇറങ്ങി ,അപ്പോഴും മഴ പെയ്യുന്നുണ്ട്.സൂര്യൻ പോലും ഉദിച്ചുവരുന്നതെ ഒളളൂ.ഏതു സമയവും മൈക്ക് അനൗൺസ്‌മെൻറ് കേൾക്കാം ബാഗും ഫോൺ എല്ലാം സൂക്ഷിക്കുക കുളിക്കാൻ ഇറങ്ങുമ്പോൾ മോഷ്ടിച്ചു കൊണ്ടുപോകാൻ സാധ്യത ഉണ്ട് എന്നൊക്കെ. ഞാനെന്‍റെ ബാഗ് ഒന്ന് മുറുക്കി പിടിച്ച് അഗ്നി തീർത്ഥത്തിൽ  ഇറങ്ങി ഒന്ന് കാലു നനച്ചു കയറി പോന്നു. . ജനങ്ങൾ കൂടി കൂടി വരുന്നു, എല്ലാവരും ഇവിടെ നിന്നും മുങ്ങി കുളിചാണ് ദർശനത്തിന് പോകുന്നത്.

aromal4 

അവിടെ ചെന്നപ്പോൾ ആണ് അറിഞ്ഞത് ബാഗ് ഫോൺ മുതലായ ഒന്നും അനുവദിക്കില്ല എന്ന് ,പെട്ട അവസ്ഥ ആയി. നോക്കിയപ്പോൾ ലോക്കർ അവൈലബിൾ എന്ന ബോർഡ്‌ കണ്ടു. 10 രൂപ കൊടുത്താൽ ബാഗും സാധനങ്ങളും ലോക്കറിൽ വച്ചു പുട്ടാം.തിരിച്ചു വരുമ്പോൾ സാധനം ഇവിടെ തന്നെ ഉണ്ടാവണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു അമ്പലത്തിലേക്ക് നടന്നു. 1740 വർഷം മുൻപ് ആണ് ഇന്ന് കാണുന്ന രീതിയിലുള്ള രാമേശ്വരം ക്ഷേത്രം നിർമിച്ചത് എന്നാണ് ചരിത്രം. അത്ഭുതം തോന്നി പോയി ഇത്രേം വലിയ ക്ഷേത്രം ഇത്ര കൊത്തുപണികളോടെ അന്നേ മനുഷ്യൻ നിർമിക്കാൻ സാധിച്ചല്ലോ .എല്ലാം പതിയെ നടന്നു കണ്ടു ഞാൻ പുറത്തിറങ്ങി. 

പ്രഭാത ഭക്ഷണം കഴിഞ്ഞ് പ്രധാന ലക്ഷ്യമായ ചിരകാല സ്വപ്നമായ ധനുഷ്കോടിയിലേക്കുള്ള യാത്ര ആരംഭിച്ചു ,20 കിലോമീറ്റർ ദൂരം നേർരേഖയിൽ ഇരുവശവും കടൽ കാവൽ നിൽക്കുന്ന ധനുഷ്‌കോടി പാതയിൽ ബൈക്കിൽ ഞാൻ പറന്നു ,മനസ്സിൽ അപ്പോൾ പല പാട്ടുകളും പശ്ചാത്തല സംഗീതമായി മാറി ,പല മധുരമേറിയ നോവേറിയ ഓർമ്മകളും മിന്നിമാഞ്ഞു.ഈ ലഭിക്കുന്ന അനുഭവങ്ങൾ എല്ലാം ധനുഷ്‌കോടി യാത്രക്ക് മാത്രം അവകാശപ്പെട്ടതാണ്.

പോകുന്നവഴിയിൽ കോതണ്ഡരാമർ ക്ഷേത്രവും കണ്ടു ,പ്രധാനപാതയിൽ നിന്ന് ഉള്ളിലോട്ട് മറ്റൊരു ചെറുറോഡിലൂടെ വേണം ക്ഷേത്രത്തിൽ എത്താൻ .അറ മണിക്കൂറിൽ  ധനുഷ്കോടിയിൽ എത്തിയ ഞങ്ങൾ ,അവിടെ കടൽ പുറത്തു കൂടി കുറേ നേരം നടന്നു. ചുഴലി കാറ്റിൽ നശിച്ചു പോയ റെയിൽവേ സ്റ്റേഷൻ, ക്ഷേത്രങ്ങൾ വീടുകൾ  പള്ളി  എല്ലാം കണ്ടു. അവിടെ ഒരു റെയിൽവേ സ്റ്റേഷൻ ഒക്കെ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ കണ്ടാൽ വിശ്വസിക്കാൻ പോലും പ്രയാസം ആണ്.വിസ്മൃതിയിൽ ആണ്ടുപോയ സുവർണ്ണ  കാലത്തിന്‍റെ സ്മാരകങ്ങളാണ് അവയെല്ലാം.

ധനുഷ്ക്കോടിയിൽ നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ അരിച്ചൽ മുന എത്തും  -"dead end" ഇവിടം കൊണ്ടു ഇന്ത്യ അവസാനിക്കുന്നു. അരിച്ചാൽ മുനയിൽ നിന്ന് വെറും 18 miles (ഏകദേശം 29km) അകലെയാണ് ശ്രീലങ്ക എന്നോർത്തപ്പോൾ ഒരു വല്ലാത്ത അനുഭൂതി തോന്നി. അവിടെ ബൈനോക്കുലർ വഴി നോക്കിയാൽ ശ്രീലങ്കയിലെ തലൈമന്നാർ കാണാം.ഐതീഹ്യം അനുസരിച്ച് ഭഗവൻ ശ്രീരാമൻ രാമസേതു നിർമിച്ച് ലങ്കയിലേക്ക് പോയത് ഇവിടെ നിന്നുമാണ് .  പ്രാചീനകാലത്ത് അരിച്ചാൽ മുനയിൽ നിന്ന് ഇന്ത്യക്ക്  ശ്രീലങ്കയിലേക്ക് വാണിജ്യബന്ധവും  ഉണ്ടായായിരുന്നു.

എന്തായാലും കാഴ്ചകൾ വേണ്ടുവോളം ഞങ്ങൾ ആസ്വദിച്ചു , ആ സമയത്ത് മഴയും മാറി നിന്നു.തിരികെ പോകുമ്പോൾ നമ്മുടെ അഭിമാനമായ മുൻ രാഷ്‌ട്രപതി  എപിജെ അബ്ദുൽ കലാമിന്‍റെ മെമ്മോറിയലിലും ഇറങ്ങി. ഫുൾ സെക്യൂരിറ്റി ആണ് അവിടെ. ബാഗ് കയറ്റാൻ പറ്റില്ല. ഫോൺ സ്വിച്ച് ഓഫ്‌ ആക്കണം,അതിനാൽ ളള്ളിലെ കാഴ്ചകൾ ക്യാമറയിൽ ആക്കാൻ സാധിക്കില്ല. മെമ്മോറിയലിൽ നിറയെ അദ്ദേഹത്തിന്‍റെ പുരസ്‌കാരങ്ങൾ, അവസാനം ആയി ഉപയോഗിച്ച ഡ്രസ്സ്‌, ചീപ്, അദ്ദേഹം ഉപയോഗിച്ച ലാപ്ടോപ്, എഴുതിയ ഡയറി എന്നിവ സൂക്ഷിച്ചിരിക്കുന്നു കാഴ്ചകൾ എല്ലാം കണ്ടു.

aroma5

9 മണിക്ക് തുടങ്ങിയ ധനുഷ്‌കോടി യാത്ര 4 മണിയോടെ പരിസമാപ്തിയിൽ എത്തി.രാമേശ്വരത്ത് എത്തി ഒരു ചായയും മാസാല ബോണ്ടയും കഴിച്ചു ,ഇപ്പോ വയറും നിറഞ്ഞു മനസ്സും നിറഞ്ഞു.ഹോട്ടലിൽ പോയി റൂം വെക്കേറ്റ് ചെയ്ത് മടക്കയാത്ര ആരംഭിച്ചു, ബൈക്ക്  പാമ്പൻ പാലത്തിൽ കൂടെ നീങ്ങിയപ്പോൾ ഞാൻ വീണ്ടും അത്ഭുതത്തോടെ നോക്കി ഇരുന്നു പോയി, എന്നിട്ട് മനസ്സിൽ ഉറപ്പിച്ചു വരും ഇനിയും ഞാൻ തിരിച്ചു വരും രാമേശ്വരം എന്ന പുണ്യത്തിലേക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News