കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പോലീസ് UAPA ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും ഷുഹൈബിന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പൊലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു.
അതില്‍ എന്തുകൊണ്ട് പ്രതികളുടെ മേല്‍ UAPA ചുമത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ തെളിവുകളടക്കം നിരത്തി പൊലീസ് കോടതിയെ അറിയിച്ചു. ഇതെല്ലം പരിശോധിച്ച ശേഷമാണ് പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ച് കോടതി ജാമ്യം നിഷേധിച്ചത്.
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണെന്നും അതിന്‍റെ ഉള്ളടക്കം കണ്ടെത്താന്‍ വിശദമായ പരിശോധന വേണമെന്നും മാത്രമല്ല മറ്റൊരു പ്രതിയായ ഉസ്മാനെക്കുറിച്ച് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ലയെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയില്‍ വാദിച്ചു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
ഇതേവിഷയത്തില്‍ നേരത്തെ കോഴിക്കോട് ജില്ലാ പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
യുഎപിഎ ചുമത്തിയ പൊലീസ് നടപടി നീതി നിഷേധമാണെന്ന വാദമായിരുന്നു പ്രതികള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഒരു ലഘുലേഖയോ പുസ്തകമോ കയ്യില്‍വച്ചതിന്‍റെ അടിസ്ഥാനത്തില്‍ UAPA ചുമത്താന്‍ ആവില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ പൊലീസ് റിപ്പോര്‍ട്ടില്‍ കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നവംബര്‍ രണ്ടിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അലനെയും താഹയേയും അറസ്റ്റു ചെയ്തത്.