തിരുവനന്തപുരം: കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് നേതൃനിരയില്‍ ഐക്യമില്ലാത്തതിനെതിരെ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചേക്കും. നേമത്തെ പരാജയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ജനതാദളും യോഗത്തില്‍ ആവശ്യപ്പെടും. അതിരപ്പളളി പദ്ധതി വേണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റിപ്പോര്‍ട്ടും യുഡിഎഫ് നേതൃയോഗത്തില്‍ അവതരിപ്പിക്കും.
യുഡിഎഫിലെ എല്ലാ പാര്‍ട്ടികളും സ്വന്തം നിലയില്‍ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് കഴിഞ്ഞു. തോല്‍വി സംബന്ധിച്ച് ഘടകക്ഷികളുടെ വിലയിരുത്തലുകള്‍ നേതൃയോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പ് ഫലം അവലോകനത്തിനും തുടര്‍ ചര്‍ച്ചകള്‍ക്കുമാണ് യോഗമെങ്കിലും മുന്നണിയിലെ അഭിപ്രായഭിന്നതകള്‍ യോഗത്തില്‍ പരസ്യമായേക്കും. ബാര്‍ കോഴ ഗൂഡാലോചനയില്‍ കേരള കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിനെയും ഉമ്മന്‍ചാണ്ടിയെയും ആവര്‍ത്തിച്ച് വിമര്‍ശിച്ച് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് യൂഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്.
തന്നെ മുന്നണിയില്‍ തളച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബാര്‍ കോഴ കേസെന്ന് ചൂണ്ടികാട്ടി കെഎം മാണി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി യൂത്ത് ഫ്രണ്ട് ഹൈക്കമാന്റിന് പരാതിയും നല്കി. ഇടഞ്ഞ് നില്ക്കുന്ന കെഎം മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. പരസ്യമായ വിഴുപ്പലക്കല്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയരാനിടയുണ്ട്. നേമത്തെ പരാജയം സംബന്ധിച്ച് അന്വേഷിച്ച കെപിസിസി മേഖലാ സമിതിയുടെ റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ജെഡിയു യോഗത്തില്‍ ആവശ്യപ്പെടും.
കോണ്‍ഗ്രസില്‍ നേതൃനിരയില്‍ നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന വിമര്‍ശനം കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനുണ്ട്. മുന്നണിയില്‍ തുടരുന്നതില്‍ ആര്‍എസ്പിയും ആശങ്ക പരസ്യമാക്കിയിരുന്നു.ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരെ പോലും ശക്തമായ പ്രതിഷേധം ഉയര്‍ത്താനായില്ലെന്നാണ് ഘടകക്ഷികളുടെ വിലയിരുത്തല്‍.
സര്‍ക്കാരിനെതിരെ പ്രതിഷേധ സമരങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും യോഗത്തില്‍ മുഖ്യ ചര്‍ച്ചയാകും. അതിരപള്ളി സന്ദര്‍ശിച്ച ശേഷം രമേശ് ചെന്നിത്തല തയ്യാറാക്കിയ റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കും. അതിരപ്പള്ളിയില്‍ അണക്കെട്ട് വേണ്ടെന്നാണ് റിപ്പോര്‍ട്ടിലെ ഉളളടക്കം.