Vande Bharat Express Kerala : വന്ദേ ഭാരതിന്റെ സമയക്രമമായി; ഒരു സ്റ്റോപ്പും കൂടി ചേർത്തു; സർവീസ് ആഴ്ചയിൽ ആറ് ദിവസം മാത്രം

Vande Bharat Express Kerala Timings and Stopages : പുതുതായി ഷൊർണ്ണൂരിനെ സ്റ്റോപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തികൊണ്ടാണ് ഇന്ത്യൻ റെയിൽ വന്ദേഭാരത കേരള എക്സ്പ്രസിന്റെ സർവീസ് സമയം ക്രമം അറിയിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 04:26 PM IST
  • രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്നും സർവീസാരംഭിക്കും
  • ഉച്ചയ്ക്ക് 2.30ന് കാസർകോഡ് നിന്നും മടക്കയാത്ര
  • സ്റ്റോപ്പുകളുടെ പട്ടികയിൽ ഷൊർണ്ണൂരും
  • 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
Vande Bharat Express Kerala : വന്ദേ ഭാരതിന്റെ സമയക്രമമായി; ഒരു സ്റ്റോപ്പും കൂടി ചേർത്തു; സർവീസ് ആഴ്ചയിൽ ആറ് ദിവസം മാത്രം

തിരുവനന്തപുരം : തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയം ക്രമം റെയിൽവെ പ്രഖ്യാപിച്ചു. സ്റ്റോപ്പുകളുടെ പട്ടികയിൽ പാലക്കാട് ഷൊർണൂർ റെയിൽവെ സ്റ്റേഷനും കൂടി ഉൾപ്പെടുത്തിയാണ് ദക്ഷിണ റെയിൽവെ കേരളത്തിലെ വന്ദേഭാരത് സർവീസിന്റെ സമയ ക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസം മാത്രമാണ് വന്ദേഭാരത് സർവീസ് നടത്തുക. വ്യാഴാഴ്ചയാണ് സർവീസ് ഉണ്ടാകാത്തത്. സർവീസ് ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. 20633/20634 എന്നിങ്ങിനെയാണ് വന്ദേഭാരത് സർവീസുകളുടെ ട്രെയിൻ നമ്പറുകൾ

വന്ദേഭാരത് തിരുവനന്തപുരം-കാസർകോഡ് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും

രാവിലെ 5.20ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന സർവീസ് ഉച്ചയ്ക്ക് 1.25ന് കാസർകോഡ് എത്തിച്ചേരും വിധമാണ് സമയക്രമം ഒരുക്കിയിരിക്കുന്നത്. 8.05 മണിക്കൂറാണ് വന്ദേഭാരതിന്റെ ആകെ യാത്ര സമയം. ശേഷം 2.30ന് കാസർകോഡ് നിന്നും മടക്കയാത്ര ആരംഭിക്കും. രാത്രി 10.35ന് തിരുവനന്തപുരത്തെത്തി ചേരും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങിനെയാണ് തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസിന്റെ സ്റ്റോപ്പുകളുടെ പട്ടിക.

ALSO READ : Kochi Water Metro: കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസ് 26ന്; റൂട്ടും നിരക്കുകളും ഇങ്ങനെ

ഉദ്ഘാടനത്തിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നും കാസർകോഡിലേക്കുള്ള സർവീസ് അടുത്ത ദിവസം ഏപ്രിൽ 26ന് ആരംഭിക്കും. ഏപ്രിൽ 28 മുതലാണ് കാസർകോഡ്- തിരുവനന്തപുരം മടക്കയാത്ര സർവീസ് ആരംഭിക്കുന്നത്. പ്രാഥമിക മെയ്ന്റനൻസെല്ലാം കൊച്ചുവേളിയിൽ നടത്തും. കാസർകോഡ് വെള്ളം ഫിൽ ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത് വരെ കണ്ണൂരിൽ നിന്നാണ് സർവീസിനുള്ള വെള്ളം ട്രെയിനിൽ പമ്പ് ചെയ്യുക. അതേസമയം ട്രെയിന്റെ സർവീസിനായി മറ്റ് സർവീസുകൾ പിടിച്ചിടില്ലയെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്.

വന്ദേ ഭാരത് ഷൊർണൂരും നിർത്തും

സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷനായ ഷൊർണ്ണൂർ ജങ്ഷനെയും ഉൾപ്പെടുത്തികൊണ്ടാണ് ദക്ഷിണ റെയിൽവെ വന്ദേഭാരതിന്റെ അന്തിമ സ്റ്റോപ്പുകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം നേരത്തെ വന്ദേഭാരത് സർവീസിന് ഷൊർണ്ണൂരിൽ നിർത്തിയില്ലെങ്കിൽ തടയുമെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ അറിയിച്ചിരുന്നു. 

വന്ദേ ഭാരത് ഫ്ലാഗ് ഓഫ്

കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യുക. സർവീസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ യാത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.  എന്നാൽ, കന്നി യാത്രയിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന കാര്യത്തിൽ സ്ഥിരീകരണമായി

പ്രധാനമന്ത്രിയുടെ സന്ദർശനവും വന്ദേ ഭാരതിൻറെ ഫ്ലാഗ് ഓഫും പ്രമാണിച്ച് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ഏപ്രിൽ 23 മുതൽ 25 വരെയാണ് സർവീസുകളിലാണ് മാറ്റം വരുത്തിയത്. 23, 24 തീയതികളിൽ മലബാർ എക്സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. 24, 25 തീയതികളിലെ മലബാർ, ചെന്നൈ എക്സ്പ്രസുകൾ കൊച്ചുവേളിയിൽ നിന്നാണ് യാത്ര ആരംഭിക്കുക. കൊച്ചുവേളി - നാഗർകോവിൽ എക്സ്പ്രസ് ഏപ്രിൽ 24, 25 തീയതികളിൽ നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടുമ്പോൾ 24ന് അമൃത എക്സ്പ്രസ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News