തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ (കെ.എഫ്.സി) അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനിൽ അംബാനിയുടെ മുങ്ങാൻ പോകുന്ന കമ്പനിയിൽ കെ.എഫ്.സി 60 കോടി നിക്ഷേപിച്ചു. ഇക്കാര്യം കെ.എഫ്.സി.യുടെ വാർഷിക റിപ്പോർട്ടിൽ നിന്ന് മറച്ചുവച്ചെന്നും സതീശൻ പറഞ്ഞു.
അനിൽ അമ്പാനിയുടെ ആർ.സി.എഫ്.എൽ കമ്പനിയിലാണ് കെ.എഫ്.സി നിക്ഷേപം നടത്തിയത്. ഈ സ്ഥാപനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തായിരുന്നു നിക്ഷേപം.
2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ ആയിരുന്നു നടപടി. 2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തു. പലിശ ഉൾപ്പെടെ കെ.എഫ്.സി.ക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപ ആയിരുന്നു. എന്നാല്‍ കിട്ടിയത് 7 കോടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇടത്തര ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കെ.എഫ്.സി രൂപീകരിച്ചത്. സംസ്ഥാനത്തെ എം.എസ്.എം.ഇ അടക്കമുള്ള വ്യവസായങ്ങൾക്ക് വായ്പ നൽകാൻ രൂപീകരിച്ച ഈ സ്ഥാപനം അനിൽ അംബാനിയുടെ ആർ.സി.എഫ്.എൽ എന്ന സ്ഥാപനത്തിൽ 60 കോടി 80 ലക്ഷം നിക്ഷേപിച്ചു. 19-04-2018ൽ നടന്ന കെ.എഫ്.സി.യുടെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു നിക്ഷേപം.
ഇതിൽ 2018 എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അനിൽ അംബാനിയുടെ എല്ലാ സ്ഥാപനങ്ങളും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് എന്ന വാർത്തകൾ വരുന്ന കാലത്താണ് അനിലിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത്. കൂടാതെ, 2018-19-ലെ കെ.എഫ്.സി.യുടെ വാർഷിക റിപ്പോർട്ടിൽ കമ്പനിയുടെ പേര് മറച്ചുവെയ്ക്കുകയും ചെയ്തു.
2019-20ലെ വാർഷിക റിപ്പോർട്ടിലും ഇതുതന്നെ ആവർത്തിച്ചു.പിന്നീട് 2020-21ലെ റിപ്പോർട്ടിലാണ് കമ്പനിയുടെ പേര് പുറത്തുവരുന്നത്. സ്റ്റേറ്റ് ഫിനാഷ്യൽ കോർപ്പറേഷൻ ആക്ട് 1951-ന്റെ 33-ാം വകുപ്പ് പ്രകാരം റിസർവ് ബാങ്കിലോ ദേശസാത്കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാൻ പാടുള്ളൂവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
2019-ൽ അനിൽ അംബാനിയുടെ ഈ കമ്പനി പൂട്ടി. തുടർന്ന്, പാപ്പരത്ത നടപടികളുടെ ഭാഗമായി ഏഴ് കോടി ഒമ്പത് ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. പലിശയടക്കം 101 കോടി ലഭിക്കേണ്ടിടത്താണ് ഇത്രയും ചെറിയ തുക മാത്ര ലഭിച്ചത്. സംസ്ഥാന ചെറുകിട ഇടത്തര സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ഫണ്ടായിരുന്നു ഇത്. ഒരു ഗ്യാരണ്ടിയുമില്ലാതെയാണ് പണം നിക്ഷേപിച്ചത്.
പണം നിക്ഷേപിക്കുമ്പോൾ ധനകാര്യ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നില എന്താണെന്ന് പരിശോധിക്കേണ്ടേയെന്നും സതീശൻ ചോദിച്ചു. ഇവയൊന്നും പരിശോധിക്കാതെ കമ്മീഷൻ വാങ്ങി ഭരണനേതൃത്വത്തിന്റെ അറിവോടെ ചില ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിരിക്കുന്നത്.
പതിനൊന്നാം നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യം ധനമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാൽ, ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഇതിന്റെ കരാർ രേഖകൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.