മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയമന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചു. അങ്ങനെയെങ്കില്‍ 40 ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോ? ഇയാള്‍ക്കെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസുകള്‍ വധശ്രമത്തിനും ഒരോ കേസുകള്‍ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫര്‍സീനെതിരെ കാപ്പ ചുമത്തുന്നത്.
സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകള്‍ക്കും കാല് വെട്ടി ബൈക്കില്‍ കൊണ്ടു പോയവര്‍ക്കുമൊക്കെ എതിരെ കാപ്പ ചുമത്താന്‍ തയാറാകാത്തവര്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ അതേ ശക്തിയില്‍ പ്രതിരോധിക്കും. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ട. അനധികൃത നിയമനം മരവിപ്പിച്ച ചാന്‍സിലറുടെ നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാലയെക്കൊണ്ട് കേസ് കൊടുപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം വിചിത്രവും നിയമവിരുദ്ധവുമാണ്. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ചാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നിയമനം റദ്ദാക്കിയത്.
നിയമനം മരവിപ്പിക്കുക മാത്രമാണ് ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത് അല്ലാതെ നടപടി എടുത്തിട്ടില്ല. നോട്ടീസ് കൊടുത്ത് ഹിയറിങ് നടത്തി നടപടി എടുക്കാനിരിക്കെയാണ് ചാന്‍സിലര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത്. സര്‍വകലാശാലകളില്‍ ആറ് വര്‍ഷമായി നടന്ന എല്ലാ ബന്ധു നിയമനങ്ങളെ കുറിച്ചും പരിശോധിച്ച് നടപടി എടുക്കാന്‍ ഗവര്‍ണര്‍ തയാറാകണം. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ സി.പി.എമ്മുകാരുടെ ബന്ധുക്കള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. വിഷായധിഷ്ഠിതമായാണ് പ്രതിപക്ഷം സര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിക്കുന്നത്. ബഫര്‍ സോണ്‍ വിഷയം സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്.
23-10-2019 ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കാതെ സുപ്രീം കോടതിയിലേക്കോ പരിസ്ഥിതി മന്ത്രാലയത്തിലേക്കോ പോയിട്ട് കാര്യമില്ല. ബഫര്‍ സോണ്‍ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. പാര്‍ട്ടിയുടെ അറിവോടെയാണ് മന്ത്രിയാകുന്നതിന് മുന്‍പ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയതെന്നാണ് അദ്ദേഹം പറയുന്നത്. കൃഷിയിടങ്ങളെയും ജനവാസമേഖലയെയും ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴാണ്, ബഫര്‍ സോണ്‍ പത്ത് കിലോമീറ്റര്‍ ആക്കണമെന്ന കൃഷി മന്ത്രിയുടെ ആവശ്യം കോടതിയുടെ പരിഗണനയിലിരിക്കുന്നത് വിചിത്രമാണ്. കര്‍ഷകരെയും ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഒരു വസ്ത്രവും അടിച്ചേല്‍പ്പിക്കരുത്. പെണ്‍കുട്ടികള്‍ പാന്റ്‌സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്? ഇത് എങ്ങനെ ജെണ്ടര്‍ ഇക്വാളിറ്റിയാകും? യൂണിഫോം ഒരു പാറ്റേണ്‍ ആണ്. പക്ഷെ അതില്‍ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ട്. ജെണ്ടര്‍ ജസ്റ്റിസ് നടപ്പാക്കുമ്പോള്‍ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യമാണ് പ്രധാനം. അതനുസരിച്ചുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കിയാല്‍ പ്രതിപക്ഷം പിന്തുണയ്ക്കും. ജെണ്ടര്‍ ജസ്റ്റിസ് സംബന്ധിച്ച ചര്‍ച്ച കുട്ടികളുടെ യൂണിഫോമില്‍ മാത്രം ഒതുക്കി നിര്‍ത്തുകയാണ്.
ലിംഗ നീതി സംബന്ധിച്ച് മുന്‍ഗണന തീരുമാനിക്കണം. അല്ലാതെ ഓരോ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ട് ഇതാണ് ലിംഗ നീതിയെന്ന് പറയരുത്. വിവാദങ്ങള്‍ ഉണ്ടാക്കാതെ ലിംഗ നീതി നടപ്പാക്കുകയാണ് ചെയ്യേണ്ടത്. ലിംഗ നീതി സമൂഹത്തില്‍ അനിവാര്യമാണെന്നതാണ് കോണ്‍ഗ്രസ് നിലപാട്. ഉറച്ച സ്ത്രീപക്ഷ നിലപാടാണ് കോഴിക്കോട് ചിന്തന്‍ ശിവിറിലും സ്വീകരിച്ചത്. ലിംഗ നീതി വിഷയത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കേണ്ട. ഡോ. എം.കെ മുനീര്‍ പറഞ്ഞത് എന്താണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...