Aadujeevitham, The Goat Life: ഇത് ബ്ലെസ്സിയുടെ 'ആടുജീവിതം'... ബെന്യാമന്റെ നോവല്‍ മറ്റൊന്ന്, നജീബിന്റെ ജീവിതം അതിനുമപ്പുറം

Aadujeevitham, The Goat Life: നോവൽ വായിക്കാത്തവർക്കും കൂടി വേണ്ടിയാണ് ബ്ലെസ്സി നജീബിന്റെ ജീവിതം അഭ്രപാളിയിലേക്ക് പകർത്തിയിരിക്കുന്നത്. 

Written by - Binu Phalgunan A | Last Updated : Mar 28, 2024, 05:14 PM IST
  • നോവലിന്റെ വൈകാരിക തലത്തിലേക്ക് സിനിമയ്ക്ക് എത്താനായില്ല എന്ന വിമര്‍ശനം ഉയർന്നിട്ടുണ്ട്
  • ആടുജീവിതം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന ദൃശ്യങ്ങള്‍ തുലോം കുറഞ്ഞുപോയി എന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്
 Aadujeevitham, The Goat Life: ഇത് ബ്ലെസ്സിയുടെ 'ആടുജീവിതം'... ബെന്യാമന്റെ നോവല്‍ മറ്റൊന്ന്, നജീബിന്റെ ജീവിതം അതിനുമപ്പുറം

മലയാളത്തില്‍ ഏറ്റവും അധികം വിറ്റഴിയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന നോവലാണ് ബെന്യാമന്റെ ആടുജീവിതം. ഏറ്റവും അധികം വായിക്കപ്പെട്ടതും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും ഈ പുസ്തകം തന്നെ. നജീബ് എന്ന പ്രവാസിയുടെ ദുരിതപൂര്‍ണമായ ജീവിതം വരച്ചുകാട്ടിയ പുസ്തകം സംവിധായകന്‍ ബ്ലെസ്സി സിനിമയാക്കുന്നു എന്ന് കേട്ടതുമുതല്‍ മലയാളികള്‍ ആ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

ഒടുവില്‍ ആടുജീവിതം അഭ്രപാളിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. സിനിമയുടെ റിലീസിന് മുമ്പ് തന്നെ പ്രിവ്യൂ ഷോകള്‍ കണ്ട പ്രമുഖര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു. എന്തായാലും പ്രേക്ഷക പ്രതീക്ഷകള്‍ അല്‍പം പോലും തകിടം മറിയ്ക്കാതെ ബ്ലെസ്സി 'ആടുജീവിതം' സെല്ലുലോയ്ഡില്‍ പകര്‍ത്തിയിരിക്കുന്നു. പൃഥ്വിരാജ് സുകുമാരന്‍ എന്ന താരശരീരം നജീബിലേക്ക് പരകായ പ്രവേശം നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.

Read Also: പ്രിയ പൃഥ്വി, ബ്ലെസി.. ഓസ്കർ വിദൂരമല്ല.. ആടുജീവിതം റിവ്യൂ

ബെന്യാമന്റെ ആടുജീവിതം എന്നത് നജീബ് മുഹമ്മദ് എന്ന പ്രവാസി അനുഭവിച്ച അതിദാരുണമായ ജീവിതാവസ്ഥകളുടെ ഒരു പകര്‍ത്തിയെഴുത്തായിരുന്നു. നജീബ് അനുഭവിച്ചത് മുഴുവന്‍ തനിക്ക് പുസ്‌കത്തില്‍ പറയാനായിട്ടില്ലെന്നാണ് ബെന്യാമന്‍ തന്നെ പലവുരു പറഞ്ഞിട്ടുള്ളത്. അങ്ങനെയൊരു ജീവിതത്തെ ആറ്റിക്കുറുക്കിയാണ് ബ്ലെസ്സി അതേ പേരില്‍ ഒരു ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. നോവല്‍ അതേപടി സിനിമയാക്കുക എന്നത് അസാധ്യമാണ്. നോവല്‍ വായിക്കാത്തവരെ കൂടി പരിഗണിച്ചായിരിക്കണമല്ലോ സിനിമ ഒരുക്കേണ്ടത്. അതും മലയാളികള്‍ക്ക് വേണ്ടി മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ക്ക് വേണ്ടി.

പൃഥ്വിരാജിന്റെ പ്രകടനം, ബ്ലെസ്സിയുടെ സംവിധാനം, സുനിലിന്റെ ക്യാമറ, എആര്‍ റഹ്മാന്റെ സംഗീതം, റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണം, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്ലസ് പോയന്റുകളാണ് ആടുജീവിതത്തിനുള്ളത്. എന്നാല്‍ നോവല്‍ വായിച്ച് സിനിമ കാണാന്‍ പോയവര്‍ക്ക് പലതും അത്ര മികച്ചതായി തോന്നിയില്ല എന്ന പ്രശ്‌നവും ഉയര്‍ത്തിക്കാട്ടപ്പെടുന്നുണ്ട്. നോവലിന്റെ വൈകാരിക തലത്തിലേക്ക് സിനിമയ്ക്ക് എത്താനായില്ല എന്നതാണ് വിമര്‍ശനം. നോവലിലെ ഏറെ ഹൃദയസ്പര്‍ശിയായ ചില നിമിഷങ്ങള്‍ സിനിമയിലും പ്രതീക്ഷിച്ചതിന്റെ നിരാശയായിരിക്കാം ഇത്തരം ഒരു വിമര്‍ശനത്തിന് വഴിവച്ചത്.

Read Also: ഇതു പൃഥ്വിരാജിന്റെ പകർന്നാട്ടം; കരളലിയിക്കും നജീബിന്റെ ''ആടുജീവിതം''! റിവ്യൂ

ആടുജീവിതം എന്ന പേര് അന്വര്‍ത്ഥമാക്കുന്ന ഒരുപാട് സംഭവങ്ങളായിരുന്നു നോവലില്‍ ഉണ്ടായിരുന്നത് (നജീബിന്റെ യഥാര്‍ത്ഥ ജീവിതത്തിലും). എന്നാല്‍ സിനിമയിലേക്ക് എത്തുമ്പോള്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന ദൃശ്യങ്ങള്‍ തുലോം കുറഞ്ഞുപോയി എന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. സ്വന്തം മകനെ പോലെ നജീബ് വളര്‍ത്തുന്ന ആട്ടിന്‍കുട്ടി സിനിമയില്‍ പരാമര്‍ശിക്കപ്പെടാത പോവുകയും ചെയ്തു.

ആടുജീവിതം എന്ന സിനിമ, ആടുജീവിതം എന്ന നോവല്‍ വായിച്ചവര്‍ക്ക് വേണ്ടി മാത്രമായി സൃഷ്ടിച്ച ഒന്നല്ല എന്നതാണ് ഇതിന്റെ എല്ലാം ഉത്തരം. ലോകത്തിന് മുന്നില്‍ നജീബിന്റെ ജീവിതം അവതരിപ്പിക്കുകയാണ് ബ്ലെസ്സി ചെയ്തിരിക്കുന്നത്. മൂന്നുമണിക്കൂ‍ർ എന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് അദ്ദേഹം അത് ​ഗംഭീരമായി ചെയ്യുകയും ചെയ്തു. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത ഉപകരണങ്ങള്‍- പൃഥ്വിരാജും മറ്റ് അഭിനേതാക്കളും, ഛായാഗ്രാഹകനും, സംഗീത സംവിധായകനും, എഡിറ്ററും, സൗണ്ട് ഡിസൈനറും- ഏറ്റവും മികച്ചവ ആയിരുന്നു എന്ന് തെളിയിക്കുകയാണ് ആടുജീവിതം. 

പൃഥ്വിരാജിലും ബ്ലെസ്സിയിലും മാത്രം ഒതുങ്ങിനിൽക്കുന്നില്ല ആടുജീവിതം എന്ന സിനിമയുടെ പെരുമ. പൃഥ്വിരാജിന്റെ ഭാര്യ സൈനുവായി എത്തിയ അമല പോൾ സിനിമയുടെ മൊത്തം ജൈവികതയ്ക്ക് അത്രയേറെ സംഭാവന നൽകിയ താരമാണ്. ഒരുപക്ഷേ, പൃഥ്വിരാജിനൊപ്പമോ അതിനപ്പുറമോ എത്തിനിൽക്കുന്ന പ്രകടനവുമായി ഞെട്ടിപ്പിക്കുന്നുണ്ട് ഹക്കീമിനെ അവതരിപ്പിച്ച കെആർ ​ഗോകുൽ. സിനിമ കണ്ടിറങ്ങിയ ആ‍ർക്കും ഹക്കീമിനെ മറക്കാൻ ആവില്ല. അതുപോലെ  തന്നെയാണ് രക്ഷകനായി എത്തി ഒടുക്കം അപ്രത്യക്ഷനാകുന്ന ഇബ്രാഹിം ഖാദിരിയെ അവതരിപ്പിച്ച ജിമ്മി ഷോൻ ലൂയിയുടെ പ്രകടനവും. സിനിമയുടെ സഹനി‍ർമാതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

മലയാള സിനിമയില്‍ ഇങ്ങനെയൊന്ന് ഇനി എന്നെങ്കിലും സംഭവിക്കുമോ എന്ന് പറയാന്‍ ആവില്ല. പൃഥ്വിരാജ് എന്ന നടനെ അഭിനയത്തിലും കഠിനാധ്വാനത്തിലും ആത്മസമര്‍പ്പണത്തിലും കവച്ചുവയ്ക്കാന്‍ മറ്റൊരു മലയാള നടന് സാധിക്കുമോ എന്നും പറയാന്‍ കഴിയില്ല. ഇതിനേക്കാള്‍ ദുരിതമയമായ ഒരു ജീവിതം ജീവിച്ചുതീര്‍ത്ത നജീബിനേയും ആ ജീവിതത്തെ കരളലിയിക്കുന്ന വാക്കുകളിലൂടെ ജനങ്ങളിലേക്കെത്തിച്ച ബെന്യാമനും കൂടി നന്ദി പറയാതെ ആടുജീവിതം അവസാനിക്കുന്നില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News