മലയാള സിനിമയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നടൻ ടിനി ടോമിന്റെ പ്രസ്താവനയെ പിന്തുണച്ച് നടൻ ദേവൻ. സിനിമയിൽ നടന്മരല്ല അഭിനയിക്കുന്നത് ലഹരി മരുന്നുകളാണെന്ന് ദേവൻ ഒരു യുട്യൂബ് മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. മലയാള സിനിമയിൽ മോശം കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇൻഡസ്ട്രിയുടെ ഇപ്പൊഴത്തെ പോക്കിൽ തനിക്ക് വിഷമം ഉണ്ടെന്നും ദേവൻ പറഞ്ഞു. കേരളത്തിൽ മൃഗീയമായ കൊലപാതകങ്ങൾ നടക്കുന്നത് അടിസ്ഥാന കാരണം മയക്കുമരുന്നിന്റെ വ്യാപക ഉപയോഗമാണ് ദേവൻ തന്റെ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
മനസ്സിൽ വന്ന കാര്യമാണ് ടിനി ടോം പറഞ്ഞത്. നമ്മുടെ നാടിന്റെ നഗ്നചിത്രമാണ് ടിനി ടോം സ്റ്റേജിൽ കയറി പറഞ്ഞത്. മലയാള സിനിമ ഇൻഡസ്ട്രിയെ രക്ഷപ്പെടുത്താൻ ഇവയൊന്നും ഇല്ലെന്ന് പറയാൻ സാധിക്കുമോയെന്ന് ദേവൻ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചു. ഇപ്പോൾ നടന്മാരല്ല അഭിനയിക്കുന്നത് അവരുടെ ഉള്ളിലുള്ള ലഹരിയാണ് അഭിനയിക്കുന്നത്. ഇതിലൂടെ മലയാള സിനിമയ്ക്ക് യഥാർഥ നടന്മാരെ ഇപ്പോൾ ലഭിക്കുന്നില്ലയെന്നും ദേവൻ തന്റെ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : Anuragam Ott Release: അനുരാഗം ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?
നല്ല ചിത്രങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും മലയാള സിനിമയുടെ നിലവിലുള്ള പോക്ക് കണ്ടിട്ട് തനിക്ക് ദുഃഖമുണ്ട്. സിനിമ ഇൻഡസ്ട്രിയെ രക്ഷപ്പെടുത്താൻ ആ ദുഃഖങ്ങൾക്ക് വഴിവെക്കുന്ന മോശം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനും അന്വേഷണം നടത്തരുതെന്ന് പറയാനും പാടില്ലെന്ന് ദേവൻ പറഞ്ഞു. ലഹരി സംബന്ധിച്ച് അന്വേഷണം നടത്തുന്നത് പോലീസിന്റെ ജോലിയാണ്. എന്നാൽ തന്റെ മുറിയിൽ അത് നടത്താൻ പാടില്ലെന്ന് പറയാൻ ഒരു സംഘടനഭാരവാഹികൾക്കും അർഹതയില്ലെന്ന് ദേവൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് മയക്കുമരുന്നകൾ സുലഭമായിട്ടാണ് ലഭിക്കുന്നത്. ഇത് കേരളത്തിന്റെ ക്രിമിനൽ പശ്ചാത്തലം മൃഗീയമായി മാറ്റുന്നു. ഇത് ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. കാരണം ലഹരി ഓരോ വീടിന്റെയും വാതിക്കൽ വന്ന് നിൽക്കുകയാണെന്ന് ദേവൻ വ്യക്തമാക്കി.
നേരത്തെ ഒരു പൊതുവേദിയിൽ മലയാള സിനിമയിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന് നടൻ ടിനി ടോം അഭിപ്രായപ്പെട്ടിരുന്നു. അമിതമായ ലഹരി ഉപയോഗത്തിലൂടെ മലയാളത്തിലെ ഒരു പ്രമുഖ നടന്റെ പല്ല് വരെ നഷ്ടമായി. തന്റെ മകനെ സിനിമയിലേക്ക് താൻ ഭയപ്പെടുന്നുയെന്നുമായിരുന്നു ടിനി ടോം അന്ന് പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിൽ ഏതാനും സിനിമ പ്രവർത്തകരുടെ ഓഫീസിലും വസതികളിലും പോലീസിന്റെ പരിശോധന നടന്നിരുന്നു. ഇതിനെതിരെ സിനിമ സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...