Acttor Mamukkoya Passed Away: മാമുക്കോയയും കോഴിക്കോടൻ ഭാഷയും; നാല് പതിറ്റാണ്ട് മലയാളിയുടെ മനസിൽ ചേക്കേറിയ ആ ചിരിയും മാഞ്ഞു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെൻറിലേറ്ററിൻറെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 02:11 PM IST
  • അന്ത്യം കോഴിക്കോട്ടെ ആശുപത്രിയിൽ.
  • നാല് പതിറ്റാണ്ട് മലയാളിയെ ചിരിപ്പിച്ച വ്യക്തിത്വമായിരുന്നു മാമുക്കോയ.
  • തന്റേതായ അഭിനയ ശൈലി കൊണ്ട് ജനമനസുകളിൽ മാമുക്കോയ ഇടം നേടിയിരുന്നു.
Acttor Mamukkoya Passed Away: മാമുക്കോയയും കോഴിക്കോടൻ ഭാഷയും; നാല് പതിറ്റാണ്ട് മലയാളിയുടെ മനസിൽ ചേക്കേറിയ ആ ചിരിയും മാഞ്ഞു

കോഴിക്കോട്: നടൻ പപ്പുവിന് ശേഷം കോഴിക്കോടൻ ഭാഷ വളരെ രസകരമായി അവതരിപ്പിച്ച് അതിനെ ജനകീയമാക്കിയ നടനായിരുന്നു മാമുക്കോയ. മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഹാസ്യം മാത്രമല്ല, തനിക്ക് സീരിയസ് റോളുകളും വില്ലൻ വേഷങ്ങളും ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് മാമുക്കോയ തെളിയിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടോളം മലയാളിയെ ചിരിപ്പിച്ച ഹാസ്യസാമ്രാട്ട് ഇനി ഓർമ മാത്രമാണ്. 

1946ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് മാമുക്കോയ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. കോഴിക്കോട് എം. എം. ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ സ്കൂളിൽ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു മാമുക്കോയ. കല്ലായിയിൽ മരം അളക്കൽ ജോലി ചെയ്തിരുന്നു അദ്ദേഹം. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. 

നാടകത്തിൽ നിന്നുമാണ് മാമുക്കോയ സിനിമയിലേക്ക് എത്തുന്നത്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നിലമ്പൂർ ബാലനെ സംവിധായകനാക്കി ഒരുക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ.

1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിലാണ് ഈ ചിത്രത്തിൽ ഒരു വേഷം ലഭിച്ചത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ സിനിമകളിലൂടെ തിരക്കേറിയതും പ്രേക്ഷകരുടെ ഇഷ്ട നടനുമായി മാറി മാമുക്കോയ. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടി. കൂടുതൽ കോമഡി വേഷങ്ങളാണ് അ​ദ്ദേഹം ചെയ്തിട്ടുള്ളത്. 

​ഗഫൂർ കാ ദോസ്ത് എന്ന സംഭാഷണം ഇന്ന് ട്രോളുകളിലും മറ്റും നിറഞ്ഞു നിൽക്കുന്നതാണ്. പ്രിയദർശൻ ചിത്രത്തിലെയും സ്ഥിര സാന്നിധ്യമായിരുന്നു മാമുക്കോയ. പെരുമഴക്കാലം എന്ന ചിത്രത്തിലെ മാമുക്കോയയുടെ അഭിനയം പ്രേക്ഷകരെ ഞെട്ടിച്ച ഒന്നായിരുന്നു. 

അവാർഡുകൾ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2004 - ജൂറിയുടെ പ്രത്യേക പരാമർശം.(ചിത്രം: പെരുമഴക്കാലം)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2008 - മികച്ച ഹാസ്യനടൻ. (ചിത്രം: ഇന്നത്തെ ചിന്താവിഷയം)
ജയ് ഹിന്ദ് ടെലിവിഷൻ പുരസ്കാരം 2008 - മികച്ച ഹാസ്യനടൻ. (ചിത്രം: ഇന്നത്തെ ചിന്താവിഷയം)
കലാരത്നം പുരസ്കാരം - 2009 - കല അബുദാബിയുടെ പുരസ്കാരം.

കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.05ന് ആയിരുന്നു മാമുക്കോയയുടെ അന്ത്യം. 76 വയസായിരുന്നു. തന്റേതായ അഭിനയ ശൈലി കൊണ്ട് ജനമനസുകളിൽ മാമുക്കോയ ഇടം നേടിയിരുന്നു. മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിന് പിറകെ മസ്തിഷ്‌കത്തില്‍ രക്തസ്രാവം കൂടി ഉണ്ടായതോടെ അദ്ദേഹത്തിൻറെ ആരോഗ്യനില ഗുരുതരമായിരുന്നു. 

നാളെ 10 മണിക്ക് കണ്ണംപറമ്പ് ശ്മശാനത്തിൽ സംസ്കാരം നടത്തും. ഇന്ന് മൂന്ന് മണി മുതൽ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News