തിരുവനന്തപുരം: 'കടക്ക് പുറത്ത്' വിവാദത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒരു ഭരണാധികാരി അങ്ങനെ പറയരുതായിരുന്നുവെന്നാണ് കാനം തുറന്നടിച്ചത്. മസ്കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി 'കടക്ക് പുറത്ത്' എന്ന് ആക്രോശിച്ചിരുന്നത് സാമൂഹിക മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.
ഈ സംഭവത്തെ മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ ന്യായീകരിച്ച് കുറിപ്പെഴുതിയിരുന്നു. മസ്കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്നാണ് പിണറായി വിജയന് കുറിച്ചത്.യോഗത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എടുക്കാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് നല്‍കിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു ചര്‍ച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പം അവിടെയെത്തുമ്പോള്‍ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. അതുകൊണ്ടാണ് അവരോട് പുറത്തു പോകാന്‍ പറഞ്ഞതെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചിരുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഘടകകക്ഷി എന്ന നിലയില്‍ സി.പി.ഐ നടത്തിയ പല പരാമര്‍ശങ്ങളും പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയിരുന്നു. കടക്ക് പുറത്ത് വിവാദവും സി.പി.ഐ ഏറ്റെടുത്ത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.