മലയാളികളുടെ പ്രിയ താരമാണ് ബിജു മേനോൻ. സഹനടനായും വില്ലനായും നായകനായും സ്വഭാവ നടനായും ഹാസ്യതാരമായും എല്ലാം കളം നിറഞ്ഞാടുന്ന താരമാണ് അദ്ദേഹം. ബിജു മേനോൻ മലയാള സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷം പൂർത്തിയായിരിക്കുകയാണ്. ഈ സന്തോഷം ആഘോഷമാക്കിയിരിക്കുകയാണ് ബിജു മേനോനും ആസിഫ് അലിയും അഭിനയിക്കുന്ന തലവൻ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ.
സീരിയലുകളിലൂടെ ജനപ്രിയനായി മാറിയ നടൻ ആയിരുന്നു ബിജു മേനോൻ. മിഖായലിന്റെ സന്തതികൾ എന്ന സീരിയൽ ആണ് അദ്ദേഹത്തിന് ഏറെ ആരാധകരെ സമ്മാനിച്ചത്. അതിന് ശേഷം 1991 ൽ ഈഗിൾ എന്ന ചിത്രത്തിൽ ഒരു റിസപ്ഷനിസ്റ്റിന്റെ റോളിൽ സിനിമയിൽ എത്തിയിരുന്നു. എന്നാൽ 1994 ൽ പുറത്തിറങ്ങിയ പുത്രൻ എന്ന സിനിമയിൽ ആണ് ഒരു കഥാപാത്രമായി വെള്ളിത്തിരയിൽ എത്തുന്നത്. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ഈ ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത്. അതിന് ശേഷം ഈ മുപ്പത് വർഷത്തിനിടെ 150 ൽപരം സിനിമകളിൽ ആണ് ബിജു മേനോൻ അഭിനയിച്ചത്.
ആസിഫ് അലിയ്ക്കൊപ്പം നായക വേഷത്തിൽ എത്തുന്ന, ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ ആണ് ബിജു മേനോന്റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. മെയ് 24ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. മലയാളത്തിൽ സമീപകാലത്ത് സൂപ്പർ ഹിറ്റുകളായി മാറിയ പല മൾട്ടി ഹീറോ ചിത്രങ്ങളും ബിജു മേനോന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായവയാണ്. ഓർഡിനറി, ചേട്ടായീസ്, റോമൻസ്, അയ്യപ്പനും കോശിയും തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഒരു ദേശീയ പുരസ്കാരവും മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് ബിജു മേനോന്.
സിനിമയിൽ നിന്ന് തന്നെയാണ് ബിജു മേനോൻ തന്റെ ജീവിത പങ്കാളിയേയും കണ്ടെത്തിയിരിക്കുന്നത്. സംയുക്ത വർമ എന്ന നടിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട് സംയുക്ത. മഴ, മേഘമൽഹാർ, മധുര നൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകളിൽ ബിജു മേനോനും സംയുക്ത വർമയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
കേക്ക് മുറിച്ചും പൊന്നാട അണിയിച്ചും ഒക്കെയാണ് തലവൻ സിനിമയുടെ അണിയറ പ്രവർത്തകർ ബിജു മേനോന്റെ അഭിനയ ജീവിതത്തിലെ 30 വർഷം ആഘോഷമാക്കിയത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy