ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു.
‘അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല’ – ധർമജൻ പറഞ്ഞു.
Also Read: ഷംന കാസിം ബ്ലാക്‌മെയിലിംങ് കേസ്; ധർമ്മജന്റെ മൊഴിയെടുക്കും.. നേരിട്ട് ഹാജരാകാൻ നിർദേശം
തട്ടിപ്പില്‍ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധര്‍മജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധര്‍മജന്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍നിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നത്. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.