Kochi: വാഹനത്തില്‍ നിയമവിരുദ്ധ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതിനെത്തുടര്‍ന്ന് നിയമനടപടി നേരിടേണ്ടി വന്ന "ഇ ബുള്‍ ജെറ്റ്’ വ്‌ളോഗര്‍മാരെ വിട്ടയക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫോളോവേഴ്‌സ് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഫോണ്‍ ചെയ്തിരുന്നു.
സുരേഷ് ഗോപി, PC ജോര്‍ജ്ജ് എന്നിവരെ ക്കൂടാതെ ആരാധകര്‍ സമീപിച്ചവരില്‍ ഒരാളായിരുന്നു സിനിമാതാരവും MLAയുമായ മുകേഷ്. (Mukesh) തൊടുന്നതെല്ലാം വിവാദമാക്കുന്ന താരത്തിന് ഇ ബുള്‍ ജെറ്റ് എന്താണെന്ന് അത്ര പിടിയില്ലായിരുന്നു....!! താരത്തിന്‍റെ ഫോണ്‍ സംഭാഷണം ഇതിനോടകം തന്നെ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോഡുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
എന്നാല്‍, തനിക്ക് വന്ന ഇ ബുള്‍ ജെറ്റ് ആരാധകരുടെ സഹായ അഭ്യര്‍ത്ഥനയോട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിയ്ക്കുകയാണ് മുകേഷ്.
"കേരളത്തില്‍ നടക്കുന്ന സകല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നാട്ടുകാര്‍ തന്നെ വിളിക്കുന്നത് കാണുന്ന മുകേഷേട്ടന്‍, ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ’ ഇപ്രകാരം എഴുതിയ ട്രോള്‍ ആണ് മുകേഷ് പങ്കുവച്ചത്. ‘ഓരോരോ മാരണങ്ങളേ....’ എന്ന ക്യാപ്ഷനൊപ്പം നല്ല ട്രോള്‍ എന്നുകൂടി മുകേഷ് ചേര്‍ത്തിട്ടുണ്ട്.
എന്തായാലും മുകേഷിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ഏറെ പെട്ടെന്ന് തന്നെ വൈറലായി. പോസ്റ്റിന് കമന്‍റുമായി ആയിരക്കണക്കിന് പേരാണ് എത്തിയത്. വിമര്‍ശിച്ചവരും പരിഹസിച്ചവരും ഏറെ.
ഇന്നലെയാണ് RTO ഓഫീസില്‍ പരാക്രമം കാട്ടിയതിന് വ്‌ളോഗര്‍ സഹോദരന്മാര്‍ പോലീസ് കാസ്റ്റഡിയിലായത്. ഇതോടെ ഇവരെ വിട്ടയക്കാന്‍ സഹായിക്കണ മെന്നാവശ്യപ്പെട്ട് ഫോളോവര്‍മാരിലൊരാള്‍ കോതമംഗലത്ത് നിന്നും മുകേഷിനെ വിളിച്ചത്.
എന്നാല്‍, ഈ സംഭവത്തേക്കുറിച്ചോ വ്‌ളോഗര്‍ സഹോദരങ്ങളെക്കുറിച്ചോ ഒരു ധാരണയുമില്ലാതിരുന്ന മുകേഷിന് ഈ "ഇ ബുള്‍ ജെറ്റ്" എന്ന വാക്കുപോലും വ്യക്തമായില്ല. ‘ഇ ബുള്ളറ്റോ, ഇ ബജറ്റോ, കോതമംഗലം ഓഫീസില്‍ പറയൂ’ എന്നെല്ലാം മുകേഷ് പറയുന്നത് സംഭാഷണത്തില്‍ കേള്‍ക്കാം.
മുന്‍പ് സുഹൃത്തിന് പഠിക്കാനായി മൊബൈല്‍ ഫോണ്‍ അഭ്യര്‍ത്ഥിച്ച് പാലക്കാട് നിന്ന് വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് നടത്തിയ പ്രതികരണം വിവാദമായിരുന്നു. കൂടാതെ, മുകേഷും മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് അടുത്ത ഫോണ്‍ കോള്‍ എത്തുന്നത്...! എന്നാല്‍, ഇത്തവണത്തെ ഫോണ്‍ കോള്‍ വിവാദമാകാതെ രസകരമായി കടന്നുപോയി എന്നു കരുതാം.
തിങ്കളാഴ്ചയാണ് വാഹനത്തില്‍ നിയമവിരുദ്ധ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതിന് ഇ ബുള്‍ ജെറ്റ് വ്ളോഗര്‍ സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തത്. RTO ഓഫീസില്‍ നടന്ന നാടകീയ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു നടപടി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതേസമയം, ഇവര്‍ക്ക് പിന്തുണയുമായി നിരവധി യുവാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...