പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും, സാധാരണക്കാരന് എത്തിപ്പിടിക്കാൻ പറ്റുന്ന ദൂരത്തിലായിരുന്നു എന്നും സുശാന്ത്.. കേരളം ഇക്കാര്യത്തിൽ സുശാന്തിനോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു. ഇതുവരെ കാണാത്ത മഹാപ്രളയം കേരളത്തെ പൊറുതിമുട്ടിച്ചപ്പോൾ ഒരുകോടി രൂപയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
2018 ലെ പ്രളയത്തിൽ കേരളം ദുരിതമനുഭവിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് സുശാന്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഒരു കമന്റ് വന്നത്. "കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം നല്കാൻ എനിക്ക് താല്പര്യമുണ്ട്, പക്ഷെ എന്റെ കയ്യിൽ പണമില്ല, ഞാനെന്ത് ചെയ്യും?" ഇതായിരുന്നു ആ കമന്റ് ശുഭംരഞ്ജൻ എന്ന ഇൻസ്റ്റ ഐഡിയിൽ നിന്നാണ് ആ കമന്റ് വന്നത്.
Also Read: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ആരാധകനെ ഞെട്ടിച്ചു കൊണ്ട് സുശാന്തിന്റെ മറുപടിയെത്തി. 'നിങ്ങളുടെ പേരിൽ ഒരു കോടി രൂപ ഞാൻ നൽകാം, ആവശ്യക്കാരിലേക്ക് ആ തുക എത്തിയെന്നുറപ്പാക്കി വിവരം ഞാൻ പങ്കുവയ്ക്കാം'.
പറഞ്ഞതുപോലെ തന്നെ സുശാന്ത് പ്രവർത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകിയെന്ന് ഓൺലൈൻ രസീത് സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്ത് അദ്ദേഹം അറിയിക്കുകയുണ്ടായി. "വാക്ക് തന്ന പോലെ നിങ്ങൾ എന്ത് ചെയ്യാൻ ആഗ്രഹിച്ചുവോ അത് ഞാൻ ചെയ്തിട്ടുണ്ട്, നിങ്ങളാണത്തിന് എന്നെ പ്രേരിപ്പിച്ചത് അതിൽ അഭിമാനം കൊള്ളുക" അന്ന് കേരളത്തിന്റെ മാപ് ഷെയർ ചെയ്താണ് സുശാന്ത് ആ വിവരം പോസ്റ്റ് ചെയ്തത്.
Also Read: സുശാന്തിൻ്റെ ആത്മഹത്യയിൽ ഞെട്ടി സിനിമാ ലോകം, ആദരാഞ്ജലികൾ നേർന്ന് താരങ്ങൾ
ഞായറാഴ്ച്ച മുംബയിലെ സ്വന്തം വസതിയിലാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത രീതിയിൽ കണ്ടെത്തിയത്. മരണത്തിൽ ആദരാഞ്ജലികൾ നേർന്ന് നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.