കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ജഗതി ശ്രീകുമാർ വീണ്ടും അഭിനയരംഗത്തേക്ക്

അപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്.  

Last Updated : Feb 19, 2019, 02:57 PM IST
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ജഗതി ശ്രീകുമാർ വീണ്ടും അഭിനയരംഗത്തേക്ക്

കൊച്ചി: ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗതി ശ്രീകുമാറിന്‍റെ മകൻ രാജ്കുമാറാണ് ഈ ശുഭവാർത്ത അറിയിച്ചത്.

അപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ജഗതിയുടെ രണ്ടാം വരവ് സിനിമയിലൂടെയല്ല. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ്. 

അടുത്തവർഷം സിനിമയിലും ജഗതി ശ്രീകുമാർ അഭിനയിക്കുമെന്ന് രാജ്കുമാർ പറഞ്ഞു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നത്. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്‍റർടെയ്ൻമെന്‍റ്സ് കമ്പനിയാണ് പരസ്യചിത്രം നിർമ്മിക്കുന്നത്.

2012 മാര്‍ച്ച് മാസം കോഴിക്കോട് തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. അന്നുതൊട്ടിന്നോളം മഹാനടന്‍റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും കലാലോകവും.

Trending News