Nunakkuzhi Movie: പൊട്ടിച്ചിരിപ്പിക്കാൻ ജീത്തു ജോസഫ്; കൂടെ ബേസിൽ ജോസഫും കൂട്ടരും; 'നുണക്കുഴി' നാളെ മുതൽ പ്രേക്ഷകരിലേക്ക്..

Nunakkuzhi Movie: 'ഗുരുവായൂരമ്പലനടയിൽ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിഖില വിമലും ബേസിൽ ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നുണക്കുഴി. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2024, 08:06 PM IST
  • മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബേസിൽ ജോസഫും നിഖില വിമലും.
  • 'നുണക്കുഴി'യിലൂടെ ഇവർ വീണ്ടും സ്ക്രീനിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ്.
  • സസ്പെൻസ് ഒളിപ്പിച്ച ട്രെയിലർ സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.
Nunakkuzhi Movie: പൊട്ടിച്ചിരിപ്പിക്കാൻ ജീത്തു ജോസഫ്; കൂടെ ബേസിൽ ജോസഫും കൂട്ടരും; 'നുണക്കുഴി' നാളെ മുതൽ പ്രേക്ഷകരിലേക്ക്..

ബേസിൽ ജോസഫ്, നിഖില വിമൽ, ഗ്രേസ് ആന്റണി എന്നീ ഈ മൂന്ന് പേരുകളോടൊപ്പം ജീത്തു ജോസഫ് എന്ന പേര് കൂടെ ചേരുമ്പോൾ പ്രേക്ഷകർ സാക്ഷ്യം വഹിക്കാൻ പോവുന്നത് ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നറായ 'നുണക്കുഴി' എന്ന ചിത്രത്തിനാണ്. ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയകളിൽ ലഭിച്ചത്. ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഈ ചിത്രം ബേസിൽ ജോസഫ്-നിഖില വിമൽ കോംബോ വീണ്ടും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ്. നർമ്മം കലർന്ന കഥാപാത്രങ്ങളെ വിതറിയിട്ട 'നുണക്കുഴി'ക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ഇനി അവസാനിപ്പിക്കാം. U/A സർട്ടിഫിക്കറ്റോടെ 2024 ഓഗസ്റ്റ് 15ന് ചിത്രം തിയറ്റർ റിലീസ് ചെയ്യും. 

സിനിമ സ്വപ്നം കണ്ടുനടക്കുന്ന ഒരുകൂട്ടം മനുഷ്യർക്കിടയിൽ നിന്ന് സിനിമ പശ്ചാത്തലമില്ലാതെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന ജീത്തു ജോസഫ് തന്റെ ആദ്യ ചിത്രം 'ഡിറ്റക്ടീവ്'ന്റെ തിരക്കഥ രചിക്കുമ്പോൾ ആത്മവിശ്വാസം മാത്രമാണ് കൈമുതലായ് ഉണ്ടായിരുന്നത്. പൂർത്തീകരിച്ച തിരക്കഥയുമായ് നേരെ ചെന്നത് സുരേഷ്‌ ഗോപിയുടെ അടുത്തേക്ക്. ജീത്തു ജോസഫിലെ കഥ പറച്ചിലുകാരനിൽ വിശ്വസിച്ച സുരേഷ്‌ ഗോപി ഡേറ്റ് നൽകിപ്പോൾ 2007 ഫെബ്രുവരി 16ന് കുറ്റാന്വേഷണ ചിത്രമായ 'ഡിറ്റക്ടീവ്' പിറന്നു. പിന്നീടങ്ങോട്ട് കോമഡി, ഫാമിലി എന്റർടൈനർ, മിസ്റ്ററി, ത്രില്ലർ തുടങ്ങി വ്യത്യസ്തമായ ജേർണറുകളിലായ് നിരവധി സിനിമകൾ ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലുമായ് പ്രേക്ഷകരിലേക്കെത്തി. 

ALSO READ: മധുരയിൽ ജിമിക്കി കമ്മിലിട്ട് ഐശ്വര്യ ലക്ഷ്മി; കേരള ക്വീൻ എന്ന് ആരാധകർ

'ഡിറ്റക്ടീവ്'ന് ശേഷം ഫാമിലി എന്റർടൈനർ ​ഗണത്തിൽ ഉർവശി, മുകേഷ്, കുഞ്ചാക്കോ ബോബൻ, അർച്ചനാ കവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 'മമ്മി ആന്റ് മീ' (2010 മെയ് 21) ഉം ദിലീപ്, മംമ്ത മോഹൻദാസ് എന്നിവരെ നായകനും നായികയുമാക്കി 'മൈ ബോസ്' (2012 നവംബർ 10) ഉം തിരക്കഥയെഴുതി സംവിധാനം ചെയ്തു. രണ്ട് ചിത്രങ്ങളും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതോടെ നാലാമത്തെ ചിത്രമായ 'മെമ്മറീസ്' സസ്പെൻസ് ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. പൃഥ്വിരാജ് നായകവേഷം അണിഞ്ഞ ചിത്രം 2013 ആഗസ്റ്റ്‌ 9ന് റിലീസ് ചെയ്തു. സുരേഷ് ​ഗോപിയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ജീത്തു ജോസഫിന്റെ തലവര മാറ്റിമറിച്ചത് മോഹൻലാൽ ചിത്രം 'ദൃശ്യം'ആണ്. കെട്ടുറപ്പുള്ള തിരക്കഥയും ആകാംക്ഷഭരിതമായ കഥാ​ഗതിയും കോർത്തിണക്കി ദൃശ്യാവിഷ്കരിച്ച 'ദൃശ്യം' ഭീതി പടർത്തിയതോടെ ചിത്രത്തിന്റെ രണ്ടാംഭാ​ഗമായ 'ദൃശ്യം 2'നായ് പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്നു. ആദ്യഭാ​ഗം 2013 ഡിസംബർ 19ന് റിലീസ് ചെയ്തപ്പോൾ രണ്ടാംഭാ​ഗം 8 വർഷങ്ങൾക്ക് ശേഷം 2021 ഫെബ്രുവരി 19നാണ് തിയറ്ററുകളിലെത്തിയത്. മൂന്നാംഭാ​ഗം ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്.

നിരവധി ഭാഷകളിലേക്ക് 'ദൃശ്യം' റീമേക്ക് ചെയ്യപ്പെട്ടതോടെ മലയാളത്തിന് പുറത്തും ആരാധവൃത്തം സൃഷ്ടിക്കാൻ ജീത്തു ജോസഫിന് സാധിച്ചു. കമൽ ഹാസനെ നായകനാക്കി ഒരുക്കിയ ദൃശ്യത്തിന്റെ തമിഴ് റീമേക്ക് 'പാപനാസം' ഉം ദഗ്ഗുബതി വെങ്കിടേഷ് നായകനായെത്തിയ തെലു​ഗു റീമേക്ക് 'ദ്രുശ്യം 2' ഉം ജീത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്തത്. 'ദൃശ്യം 1'നും 'ദൃശ്യം 2'നും ഇടയിലുള്ള കാലയളവിൽ 'ലൈഫ് ഓഫ് ജോസൂട്ടി', 'ഊഴം', 'ആദി', 'മിസ്റ്റർ & മിസ് റൗഡി', 'ദ ബോഡി' (ഹിന്ദി), 'തമ്പി' (തമിഴ്) എന്നീ ചിത്രങ്ങളും 'ദൃശ്യം 2'ന് ശേഷം '12ത്ത് മാൻ', 'കൂമൻ', 'നേര്' തുടങ്ങിയ സിനിമകളും സംവിധാനം ചെയ്ത ജീത്തുവിന്റെ ഏറ്റവും പുതിയ സിനിമയാണ് 'നുണക്കുഴി'. 

സിനിമ മോഹവുമായ് നടന്ന ജീത്തു ജോസഫ് ഇന്ന് ലോകം അറിയപ്പെടുന്ന സംവിധായനും തിരക്കഥാകൃത്തുമാണ്. സിനിമക്ക് ആവശ്യമായ ചേരുവകൾ കൃത്യതയോടെ ചേർക്കുന്ന അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ആ​ഗ്രഹിക്കുന്നത് ആസ്വാദ്യകരമായ ദൃശ്യവിസ്മയമാണ്. ഓരോ സിനിമയും ആവശ്യപ്പെടുന്ന ഘടകങ്ങൾ അളവിൽ കൂടുതലോ കുറച്ചോ ചേർത്ത് പാതിവെന്ത പരുവത്തിലാക്കിയാൽ ആ സിനിമയുടെ ജീവൻ നിലനിർത്താനായെന്ന് വരില്ല. ലാ​ഗ്, ഡ്രാമ, സ്ലോ എന്നൊക്കെ പറഞ്ഞ് മാറ്റിനിർത്തപ്പെട്ട എത്രയോ സിനിമകളുണ്ട്. എന്നാൽ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് എന്നും പ്രേക്ഷകരുണ്ട്. സിനിമ ആവശ്യപ്പെടുന്നതിനപ്പുറം മറ്റൊന്നും അദ്ദേഹം തന്റെ സിനിമകളിൽ ഉൾപ്പെടുത്താറില്ല എന്നതാണ് അതിന് പിന്നിലെ രഹസ്യം. 

സിനിമയുടെ അടിത്തറ തിരക്കഥയാണ്. ​ഗൗരവത്തോടെയും ദൃഢതയോടെയും പക്വതയോടെയും ഊട്ടിയുറപ്പിക്കണം. പാമ്പിനെപോലെ ഇഴഞ്ഞോ പട്ടത്തിനോളം വേഗത്തിലോ സഞ്ചരിച്ചാൽ കാഴ്ചക്കാരുണ്ടാവില്ല. ജീത്തു ജോസഫിന്റെ ഭുരിഭാ​ഗം ചിത്രങ്ങളുടെയും തിരക്കഥ അദ്ദേഹം തന്നെയാണ് തയ്യാറാക്കിയത്. എന്നാൽ റിലീസിനൊരുങ്ങുന്ന 'നുണക്കുഴി'യുടെ തിരക്കഥ രചിച്ചത് 'ട്വെൽത്ത് മാൻ', 'കൂമൻ' എന്നിവയുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ്. ഏറെ വ്യത്യസ്ത പുലർത്തി ഒരുങ്ങുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. 

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ): സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ&മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News