ദിലീപിന്‍റെ പുതിയ ചിത്രമായ കമ്മാര സംഭവത്തിന്‍റെ ഓഡിയോ ലോഞ്ചാണ് സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാ വിഷയം. എല്ലാവരും ദിലീപിന്‍റെ പ്രസംഗവും ദിലീപ് ഉള്‍പ്പെട്ട കേസും ചര്‍ച്ച ചെയ്യുമ്പോള്‍ പണി കിട്ടിയത് ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വഹിച്ച ഗോപി സുന്ദറിനാണ്.
പണി ഇങ്ങനെ: കൊച്ചിയില്‍ നടന്ന ചടങ്ങ് ഓഡിയോ ലോഞ്ച് ആണെങ്കിലും സംഗീത സംവിധായകന്‍റെ വീഡിയോ ആരും പങ്കു വച്ചില്ല. ഇക്കാര്യം ഗോപി സുന്ദര്‍ തന്നെ ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പോലും ഇക്കാര്യം ശ്രദ്ധിച്ചത്. ഉടനെ തന്നെ അവര്‍ ചടങ്ങില്‍ ഗോപി സുന്ദര്‍ പ്രസംഗിക്കുന്ന വീഡിയോ ഔദ്യോഗിക പേജില്‍ പങ്കു വച്ചു.
വീഡിയോ പങ്ക് വയ്ക്കാന്‍ വിട്ടു പോയതില്‍ പരാതിയില്ലെന്ന് വ്യക്തമാക്കി ഗോപി സുന്ദര്‍ തന്നെ ആ വീഡിയോ സ്വന്തം പേജില്‍ പങ്കു വച്ചു. അതിനിടെ ഗോപി സുന്ദറിന് കിട്ടിയ പണി വച്ച് ഐസിയു പുതിയ മീം ഉണ്ടാക്കി. കല്ല്യാണം ഷൂട്ട് ചെയ്യാന്‍ പോയിട്ട് താലി കെട്ട് എടുക്കാതെ വന്ന ക്യാമറാമാന്‍റെ പ്രതികരണം വച്ചുകൊണ്ടായിരുന്നു ഐസിയു മീം.