കന്നഡയിൽ തരംഗം സൃഷ്ടിച്ച ചിത്രം കാന്താര ഇന്ന്, ഒക്ടോബർ 20 മുതൽ തീയേറ്ററുകളിൽ റിലീസ് ചെയ്തു. അതേസമയം ചിത്രത്തിലെ മനോഹരമായ വരാഹ രൂപം എന്ന ഗാനവും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ബി അജനീഷ് ലോക്‌നാഥ് ആണ് ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ശശി രാജ് കാവൂർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായി വിഘ്‌നേഷാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൻറെ മലയാളത്തിലെ ഡബ്ബ്ഡ് വേർഷനാണ് ഇപ്പോൾ തീയേറ്ററുകളിൽഎത്തിയിരിക്കുന്നത് .
പൃഥ്വിരാജ് സുകുമാരൻ ആണ് ചിത്രം മലയാളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ഇതിനോടകം മികച്ച നിരൂപക പ്രശംസയാണ് നേടിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും റിഷഭ് തന്നെയാണ്. സെപ്റ്റംബർ 30നാണ് ചിത്രം കന്നടയിൽ റിലീസ് ചെയ്തത്. കിച്ച സുദീപ്, പൃഥ്വിരാജ്, പ്രഭാസ് തുടങ്ങിയവർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഹോംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ALSO READ: Kantara movie: "മികച്ച ആശയവും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സും"; കാന്താരയ്ക്ക് പ്രശംസയുമായി പ്രഭാസ്
കർണാടകയിലെ പരമ്പരാഗത കലകളായ കാംബ്ല, ഭൂത കോല എന്നിവ ആധാരമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ് കാന്താരാ. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ: 1, നാഗാർജുനയുടെ ഗോസ്റ്റ്, ചിരഞ്ജീവിയുടെ ഗോഡ്ഫാദർ എന്നിവയുമായി ബിഗ് സ്‌ക്രീനിൽ ഏറ്റുമുട്ടിയെങ്കിലും ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ് കാന്താര.16 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ആക്ഷൻ ത്രില്ലർ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ 50 കോടിയിലധികം ഗ്രോസ് നേടി.
ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്‌ട്ര തലത്തിലും കാന്താര ശക്തമായ മുന്നേറ്റം തുടരുകയാണ്. യുഎസിലും ഓസ്‌ട്രേലിയയിലും ചിത്രത്തിന്റെ കളക്ഷൻ രണ്ടാം വാരത്തിൽ കുതിച്ചുയർന്നു. റിഷബ് ഷെട്ടി അഭിനയിച്ച ചിത്രം അതിന്റെ ആദ്യ വാരാന്ത്യത്തിൽ ഏകദേശം 425K USD (3.50 കോടി രൂപ) കളക്ഷൻ നേടി. ഈ ആഴ്ച അവസാനത്തോടെ 700k USD (5.75 കോടി രൂപ) മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാന്താരയെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു : "സിനിമാറ്റിക്ക് അനുഭവം കൊണ്ട് മികച്ചതാണ് കാന്താര. ക്യാമറയുടെ മുന്നിലും പുറകിലുമായി ഋഷഭ് ഷെട്ടി തകർത്തിരിക്കുകയാണ്. എന്ത് മനോഹരമായ സിനിമകൾ നിർമിച്ചാണ് ഹോംബാലെ സിനിമ നിങ്ങൾ മുന്നേറുന്നത്. ഒരു പാത കാണിച്ചുതന്നതിന് ഒരുപാട് നന്ദി. അവസാന 20 മിനിറ്റ് നിങ്ങൾ ഒരു രക്ഷയുമില്ലായിരുന്നു ഋഷഭ് ഷെട്ടി". ഈ പോസ്റ്റിട്ട് 12 മണിക്കൂറുകൾക്കകം ചിത്രം മലയാളത്തിലേക്ക് കൊണ്ട് വരുന്നതായി പൃഥ്വി അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...