എണ്‍പതിന്‍റെ നിറവില്‍ ഗാനഗന്ധര്‍വന്‍

എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദ്ദേഹം തന്‍റെ ജന്മദിനം ആഘോഷിക്കുന്നത്. ഇന്ന് ക്ഷേത്രത്തില്‍ അദ്ദേഹത്തിന്‍റെ ഗാനാര്‍ച്ചന ഉണ്ടായിരിക്കും.   

Last Updated : Jan 10, 2020, 02:21 PM IST
എണ്‍പതിന്‍റെ നിറവില്‍ ഗാനഗന്ധര്‍വന്‍

ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍.  നിരവധിപേരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓന്‍പതാം വയസ്സിലാണ് യേശുദാസ്‌ സംഗീതം തുടങ്ങിയത് അത് ഇപ്പോഴും തുടരുകയാണ്. എത്ര കേട്ടാലും മതിവരാത്ത ശബ്ദമാണ് ദാസേട്ടന്‍റെത് എന്ന കാര്യത്തില്‍ സംശയമില്ല.   

എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദ്ദേഹം തന്‍റെ ജന്മദിനം ആഘോഷിക്കുന്നത്. ഇന്ന് ക്ഷേത്രത്തില്‍ അദ്ദേഹത്തിന്‍റെ ഗാനാര്‍ച്ചന ഉണ്ടായിരിക്കും. 

1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്‍റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്തവനായി യേശുദാസ് ജനിച്ചു. അച്ഛനായിരുന്നു ആദ്യ ഗുരു.

ശേഷം 1949 ല്‍ ആദ്യ കച്ചേരി നടത്തി. പഠിക്കുന്ന സമയത്ത് സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയിരുന്നു. 

തിരുവനന്തപുരം മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു യേശുദാസിന്‍റെ സംഗീത പഠനം. ശേഷം വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥന്‍ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ചെമ്പൈയുടെ മരണംവരെ അദ്ദേഹത്തിന്‍റെ ശിഷ്യനായിരുന്നു യേശുദാസ്.

1961 ല്‍ എംബി ശ്രീനിവാസിന്‍റെ സംഗീതത്തില്‍ 'കാല്‍പ്പാടുകള്‍' എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്‍റെ 'ജാതിഭേദം മതദ്വേഷം' എന്ന് തുടങ്ങുന്ന വരികള്‍ പാടിയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 

സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാന്‍ അവസരം ലഭിച്ചെങ്കിലും ജലദോഷം കാരണം ഒരു ഗാനം മാത്രമേ അദ്ദേഹത്തിന് ആലപിക്കാനായുള്ളൂ. ശേഷം പല ഭാഷകളില്‍ മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ സര്‍ഗ്ഗസംഗീതം പടര്‍ന്നു പന്തലിക്കുകയായിരുന്നു. 

അസമീസ്, കൊങ്ങിണി, കശ്മീരി എന്നിവ ഒഴികെ എല്ലാ ഇന്ത്യന്‍ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നടിയ ഗായകനാണ് അദ്ദേഹം. 

കൂടാതെ കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെപുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

കെ.എസ്.ചിത്ര യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. തന്‍റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്ര യേശുദാസിന് ആശംസകള്‍ നേര്‍ന്നത്.

ഈ തിരുമധുരത്തിനു തിരികേത്തരാന്‍ ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാര്‍ത്ഥനകള്‍ മാത്രം, പ്രപഞ്ചാവസാനം വരെ അങ്ങയുടെ നിലയ്ക്കാത്ത മാസ്മരനാദ വര്‍ഷത്താല്‍ ഞങ്ങളെ ധന്യരാക്കിയാലും നാദവ്യാസ എന്ന കുറിപ്പോടെയാണ് ഗാനഗന്ധര്‍വ്വന് ചിത്ര ആശംസ നേര്‍ന്നത്. 

Trending News