ചെമ്പൻ വിനോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നല്ല നിലാവുള്ള രാത്രിയിലെ ഗാനം പുറത്തുവിട്ടു. താനാരോ തന്നാരോ എന്നാരംഭിക്കുന്ന നാടൻ പാട്ട് ശൈലിയിലുള്ള വീഡിയോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. കൈലാസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മർഫി ദേവസിയാണ്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിൻ, നിതിൻ ജോർജ്, ഗണപതി, കൈലാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നല്ല നിലാവുള്ള രാത്രി.
സാന്ദ്ര തോമസ് ആരംഭിച്ച പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. നവാഗതനായ മര്‍ഫി ദേവസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്നാണ് സാന്ദ്ര തോമസ് തന്റെ സ്വാതന്ത്ര സിനിമ നിർമ്മാണ കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ പൂജയും സ്വിച്ച് ഓൺ കർമ്മവും കാന്തല്ലൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സിൽ വെച്ച് കഴിഞ്ഞ സെപ്റ്റംബറിൽ നിർവഹിച്ചിരുന്നു.
മാസ് ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ് ജോസിനെ കൂടാതെ ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. ചിത്രം ചെറുപ്പക്കാരെ ആക്ഷൻ ഡ്രാമകൾ ഇഷ്ടപ്പെടുന്നവരെയും പൂർണമായി തൃപ്തിപ്പെടുത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
എഡിറ്റിംഗ് ശ്യാം ശശിധരൻ, സംഗീത സംവിധാനം കൈലാസ് മേനോൻ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ,പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ ഭാഗമായിരുന്നു സാന്ദ്ര തോമസ്. പിന്നീട് ഇവരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടർന്ന് സാന്ദ്ര തോമസ് കമ്പനിയിൽ നിന്ന് പിന്മാറുകയായിരുന്നു. ഇവരുടെ ഹിറ്റ് ചിത്രമായ അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗം ഇപ്പോൾ എത്താൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2015ലാണ് അടി കപ്യാരെ കൂട്ടമണി റിലീസാകുന്നത്. ബംബർ ഹിറ്റായ ചിത്രം 25 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് ഔദ്യോഗികമായ റിപ്പോർട്ട്. 1.80 കോടി രൂപയ്ക്കായിരുന്നു ഫ്രൈഡെ ഫിലിംസ് സിനിമ നിർമിക്കുന്നത്. ചിത്രം വൻ വിജയമായതോടെ സിനിമയുടെ രണ്ടാം ഭാഗവും ഉടൻ തന്നെ ഫ്രൈഡെ ഫിലിംസ് പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...