Narivetta Movie: "മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ്, നരിവേട്ട"; ടൊവിനോയുടെ പോസ്റ്റ് വൈറൽ

Tovino Thomas Movie Narivetta: കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 14, 2025, 12:49 PM IST
  • അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്
Narivetta Movie: "മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ്, നരിവേട്ട"; ടൊവിനോയുടെ പോസ്റ്റ് വൈറൽ

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ട ചിത്രീകരണം പൂർത്തിയാക്കി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൻ്റെ പാക്കപ്പിന് ശേഷം ടൊവിനോ പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. 

Add Zee News as a Preferred Source

ടൊവിനോയുടെ പോസ്റ്റിൻ്റെ പൂർണ്ണ രൂപം- 

"നരിവേട്ട ഷൂട്ടിങ് പൂർത്തിയായി. കുട്ടനാട്ടിൽ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂൾ. പിന്നെ, ചുരം കയറി വയനാടെത്തി. കൊതുമ്പുവള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടിൽ, മരങ്ങൾക്കിടയിലേക്ക് പുലർച്ചെ, കോടമഞ്ഞിറങ്ങുന്ന ലൊക്കേഷനിലേക്കുള്ള യാത്ര. നൂറുകണക്കിന് ആർട്ടിസ്റ്റുകൾക്കൊപ്പമുള്ള ഷൂട്ട്. രാത്രി കൊടുംതണുപ്പിലും ഫുൾ ഓണായി നിൽക്കുന്ന സെറ്റ്. എടുത്തുവെക്കാൻ ഒരുപാടുള്ള, നല്ല അധ്വാനംവേണ്ട സിനിമയായിരുന്നെങ്കിലും അത്രമേൽ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വർക്ക് ചെയ്തത്. സുഖവും സന്തോഷവും തോന്നുന്ന ഒരുപാട് ഓർമകൾ ഈ ഷൂട്ടിങ് കാലം എനിക്കു തന്നു. മുൻപ് ഒരുമിച്ച് സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്കു വന്നവരുമായ കുറേപ്പേർക്കൊപ്പമുള്ള രസകരമായ നിമിഷങ്ങൾ സമ്മാനിച്ചു. 

സിനമയൊരു ഫുട്‌ബോൾ മാച്ചുപോലെയാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കളിക്കാരൻ ഒറ്റയ്ക്കു വിചാരിച്ചാൽ ടീം ജയിക്കില്ല. നല്ല ഗോളി; പഴുതടച്ച ഡിഫൻസ്; തന്ത്രങ്ങളൊരുക്കുന്ന മിഡ്ഫീൽഡ്; സുന്ദരമായി ഫിനിഷ് ചെയ്യുന്ന ഫോർവേഡ്: ഇതിനെല്ലാം അപ്പുറം ഗ്രൗണ്ടിലിറങ്ങുന്ന പതിനൊന്നു പേർ തമ്മിലുള്ള അപാരമായ ഒത്തിണക്കം  വേണം. മഞ്ഞും മഴയും വെയിലും കൊണ്ട്, രാവിലെ മുതൽ രാത്രിവരെ സിനിമയൊരുക്കുന്ന സെറ്റിലും പരസ്പരസ്‌നേഹവും സഹകരണവും വേണം. നരിവേട്ടയിൽ ഒറ്റമനസോടെ, ഒരു സ്വപ്‌നത്തിനുവേണ്ടി ഒരുകൂട്ടം ആളുകൾ മുന്നും പിന്നും നോക്കാതെ ഓടിനടന്നു. വലിയൊരു സിനിമ, തീരുമാനിച്ച സമയത്ത്, പരമാവധി പൂർണതയിൽ പൂർത്തീകരിക്കാൻ സാധിച്ചത്, എല്ലാവരും സ്‌നേഹത്തിലും ബഹുമാനത്തിലും ജോലി ചെയ്തതുകൊണ്ടാണ്. 

നരിവേട്ട ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചർച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തീയറ്ററിൽ നിറഞ്ഞ മനസോടെ ആസ്വദിക്കാനും തീയറ്റർ വിട്ടിറങ്ങിയാൽ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ. ദീർഘകാല സുഹൃത്തായ അനുരാജ് മനോഹർ ഇഷ്‌കിനു ശേഷം സംവിധാനം ചെയ്യുന്നു. കാണെക്കാണെയ്ക്കു ശേഷം, പ്രിയപ്പെട്ട സുരാജേട്ടനുമായി വീണ്ടുമൊരു സിനിമ കൂടി.

നടനായും സംവിധായകനായും നമ്മളെ ഇൻസ്‌പൈർ ചെയ്ത ചേരൻ സർ ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ്. കല്യാശ്ശേരി തീസിസിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫാണ് എഴുത്ത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ആദ്യ സിനിമയാണിത്. മലയാള സിനിമയിലേക്കു കടന്നുവരുന്ന ടിപ്പുവിനെയും ഷിയാസ്‌ക്കയെയും സ്‌നേഹത്തോടെ അഭിനന്ദിക്കുന്നു. മെക്‌സിക്കൻ അപാരതയിലും ഫോറൻസിക്കിലും എആർഎമ്മിലും കൂടെയുണ്ടായിരുന്ന, അടുത്ത സുഹൃത്തായ ഷമീർ മുഹമ്മദാണ് എഡിറ്റർ.

മിന്നൽ മുരളിയിൽ സമീർക്കയുടെ അസിസ്റ്റന്റായിരുന്ന വിജയ്, ഇരട്ടയ്ക്കും ഗോളത്തിനും ശേഷം ക്യാമറാമാനായി എത്തുന്നതിന്റെ സന്തോഷമുണ്ട്. അനുഭവസമ്പന്നനായ ബാവക്കയാണ് ആർട്ട്, രതീഷ് കുമാറാണ് ചീഫ് അസോസിയേറ്റ്.. മ്യൂസിക് ഒരുക്കുന്ന ജെയ്ക്‌സേട്ടനും ഫൈറ്റ് മാസ്റ്ററായ ഫീനിക്‌സ് പ്രഭുവിനുമൊപ്പം വീണ്ടുമൊരു സിനിമ ചെയ്യാനായതിന്റെ സന്തോഷമുണ്ട്. വൈകാരികമായൊരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം നടത്തിയത്. ജീവിതത്തിന്റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും അയാൾക്കൊപ്പം ഞാനും അനുഭവിച്ചു. അഭിനയ ജീവിതത്തിൽ ഞാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കാരണം, മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ്, നരിവേട്ട."

വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ,ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. കുട്ടനാട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നിർമ്മാതാക്കളിൽ ഒരാളായ ഷിയാസ് ഹസ്സനാണ് സ്വിച്ച് ഓൺ നടത്തി സിനിമക്ക് തുടക്കമിട്ടത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ജേക്സ് ബിജോയ്‌ നരിവേട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഡിഒപി- വിജയ്, ആർട്ട്‌- ബാവ, കോസ്റ്റ്യൂം- അരുൺ മനോഹർ, മേക്ക് അപ്- അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ- ഷെമി ബഷീർ, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി കെ, സൗണ്ട് ഡിസൈൻ- രംഗനാഥ്‌ രവി, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News