ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ഇന്നു വൈകിട്ട് നാല് മണിക്ക് വിജ്ഞാൻ ഭവനിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്.
അതേസമയം, 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി രംനാഥ് കോവിന്ദ് വിതരണം ചെയ്യുന്നതില്‍ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധം അറിയിച്ചു. പുരസ്കാരത്തിനുള്ള ക്ഷണക്കത്തിൽ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ പരിഷ്കാരം വിവേചനമാണെന്നും പുരസ്‌കാര ജേതാക്കള്‍ അറിയിച്ചു.
ബാക്കി പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും, തീരുമാനത്തില്‍ മാറ്റമുണ്ടായിലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്നും ജേതാക്കള്‍ വ്യക്തമാക്കി. പ്രശ്നം ചർച്ച ചെയ്യാൻ അവാർഡ് ജേതാക്കൾ ഇന്നു രാവിലെ യോഗം ചേരും. രാഷ്ട്രപതിയിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങുന്ന 11 പേരെ എന്തു മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുത്തതെന്നും ജേതാക്കള്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് ചോദിച്ചു.
വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുമെന്നറിച്ചത്.
നോണ്‍ഫീച്ചര്‍ പുരസ്‌കാരങ്ങള്‍ വൈകീട്ട് നാലിന് സ്മൃതി ഇറാനി വിതരണം ചെയ്ത ശേഷം 11 പുരസ്‌കാരങ്ങള്‍ അഞ്ചരയോടെ രാഷ്ട്രപതി വിതരണം ചെയ്യുന്ന തരത്തിലാണ് പരിപാടിയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, പ്രതിഷേധം ശക്തമായതോടെ പ്രശ്നം തൃപ്തികരമായ രീതിയില്‍ പരിഹരിക്കാമെന്ന് മന്ത്രി അറിയിച്ചു.
14 പ്രധാന പുരസ്‌കാരങ്ങളാണ് ഇക്കുറി മലയാളത്തിന് ലഭിച്ചത്. പ്രമുഖ സംവിധായകന്‍ ശേഖര്‍കപൂര്‍ അധ്യക്ഷനായ വിധിനിര്‍ണയ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. യേശുദാസ് (ഗായകന്‍), ജയരാജ് (സംവിധായകന്‍), ഫഹദ് ഫാസില്‍ (സഹനടന്‍), പാര്‍വതി (പ്രത്യേക പരാമര്‍ശം), ദിലീഷ് പോത്തന്‍ (മികച്ച മലയാള ചിത്രത്തിന്‍റെ സംവിധായകന്‍), സജീവ് പാഴൂര്‍ (തിരക്കഥാകൃത്ത്), നിഖില്‍ എസ്. പ്രവീണ്‍ (ഛായാഗ്രാഹകന്‍), സന്തോഷ് രാമന്‍ (നിര്‍മാണ രൂപകല്‍പ്പന), സനല്‍ ജോര്‍ജ്, ജസ്റ്റിന്‍ ജോസ് (ശബ്ദ സാങ്കേതികവിദ്യ), ഷൈനി ജേക്കബ് ബെഞ്ചമിന്‍ (മികച്ച കഥേതര ജീവചരിത്ര ചിത്രത്തിന്‍റെ സംവിധായിക), രമേഷ് നാരായണന്‍ (സംഗീതം-കഥേതരം), അപ്പു പ്രഭാകര്‍ (മികച്ച ഛായാഗ്രാഹകന്‍-കഥേതരം), സുരേഷ് എറിയാട്ട് (അനിമേഷന്‍ ചിത്രം) തുടങ്ങിയവരാണ് പുരസ്‌കാരം നേടിയത്.