കൊച്ചി: അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പദ്മ റിലീസിനൊരുങ്ങുകയാണ്, റിലീസിന് മുന്നോടിയായി അതി രസകരമായ വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനൂപ് മേനോനും, സുരഭി ലക്ഷ്മിയും. സിനിമ പൊട്ടിയാൽ എന്ത് ചെയ്യുമെന്നതാണ് സംഭാഷണ വിഷയം. സിനിമ പൊട്ടിയാൽ കിടപ്പാടം ഒഴിച്ച് ബാക്കിയെല്ലാം പോകുമെന്നാണ് അനൂപ് മേനോൻ പറയുന്നത്. കൂടാതെ പൊട്ടിലായിരിക്കും എന്ന പ്രതീക്ഷയും അനൂപ് മേനോനുണ്ട്. എന്നാൽ സിനിമ പൊട്ടനും പൊട്ടാതിരിക്കാനും സാധ്യതയുണ്ടെന്നാണ് സുരഭി ലക്ഷ്മിയുടെ അഭിപ്രായം.
ചിത്രം ജൂലൈ 15 ന് തീയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം അനൂപ് മേനോൻ ചിത്രത്തിൻറെ പുതിയ പോസ്റ്ററും പങ്കുവെച്ചിരുന്നു. വിവാഹിതർക്കും വിവാഹിതരാവുന്നവർക്കും മാത്രം, അവിവാഹിതർ മാറി നിൽക്കണമെന്ന് അറിയിച്ച് കൊണ്ടാണ് അനൂപ് മേനോൻ പദ്മയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ചിത്രത്തിൻറെ ടീസറും ഗാനവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ആണ് സുരഭി ലക്ഷ്മി എത്തുന്നത്. ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്‌മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പദ്മ. ചിത്രത്തിലെ 'പവിഴ മന്ദാര' എന്ന് തുടങ്ങുന്ന ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോൻ തന്നെയാണ് ഗാനത്തിന്റെ വരികൾ എഴുതിയത്. നിനോയ് വര്‍ഗീസ് സംഗീതം നൽകിയിരിക്കുന്നു.
ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി എന്നിവരെ കൂടാതെ ശങ്കര്‍ രാമകൃഷ്‍ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസർ ആയിരുന്നു ഇതിൽ ഏറെ ശ്രദ്ധ നേടിയത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോൻ തന്നെ നിർമിക്കുന്നു. ആദ്യമായാണ് അനൂപ് മേനോൻ ഒരു ചിത്രം നിർമിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ.
ഛായാഗ്രഹണം മഹാദേവൻ തമ്പിയും സിയാൻ എഡിറ്റിംഗും നിർവഹിക്കുന്നു. അനൂപ് മേനോന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ആദ്യ ചിത്രം അനൂപിന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ 'കിംഗ് ഫിഷ്' ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...