അഭിനയം നിര്‍ത്താനൊരുങ്ങി സായ് പല്ലവി?

സൂര്യയും ധാരാളം റീടേക്കുകളെടുക്കുന്നെന്ന് അറിഞ്ഞതോടെയാണ്‌ തനിക്ക് കുറച്ചെങ്കിലും ആശ്വാസമായതെന്നും സായ് പറയുന്നു. 

Last Updated : May 27, 2019, 01:55 PM IST
അഭിനയം നിര്‍ത്താനൊരുങ്ങി സായ് പല്ലവി?

പ്രേമ൦, കലി, ഫിദ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. 

ഇപ്പോഴിതാ, സൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍ജികെയില്‍ സൂര്യയുടെ ഭാര്യയായി വേഷമിടുകയാണ് സായ്. 

എന്‍ജികെയ്ക്ക് ശേഷം സായ് അഭിനയം നിര്‍ത്തുകയാണെന്ന തരത്തില്‍  സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. താൻ ഒരു മികച്ച നടിയല്ലെന്നും അതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്നും സായ് പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നിരുന്നത്. 

എൻജികെയുടെ പ്രൊമോഷൻ ചടങ്ങുകൾക്കിടെ അഭിനയം നിർത്തുന്നതിനെപ്പറ്റി ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നുവെന്ന് സായ് പറഞ്ഞിരുന്നു.

എന്നാല്‍‍, എന്‍ജികെയിലെ ഒരു രംഗം സംവിധായകന്‍ സെൽവരാഘവന് ഇഷ്ടപ്പെടാതെ വന്നതോടെയുണ്ടായ താല്‍കാലിക തോന്നല്‍ മാത്രമായിരുന്നു അത്. 

സെൽവരാഘവന് സീന്‍ ഇഷ്ടപ്പെടാതെ വന്നതോടെ ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റിയെന്നും വീട്ടിലെത്തിയ ശേഷം താന്‍ നല്ല നടിയല്ലെന്നും അഭിനയം നിര്‍ത്തി മെഡിസിൻ പഠനത്തിലേക്ക് തിരിച്ചു പോവുകയാണെന്നും അമ്മയോട് പറഞ്ഞെന്നും സായ് പറഞ്ഞു. 

എന്നാല്‍, സൂര്യയും ധാരാളം റീടേക്കുകളെടുക്കുന്നെന്ന് അറിഞ്ഞതോടെയാണ്‌ തനിക്ക് കുറച്ചെങ്കിലും ആശ്വാസമായതെന്നും സായ് പറയുന്നു. 

സെൽവരാഘവന് സംതൃപ്തി നൽകുന്ന തരത്തിൽ അഭിനേതാക്കളുടെ പ്രകടനമെത്തുന്നത് വരെ റീടേക്കുകൾ പോകുമെന്ന് കൂടി അറിഞ്ഞതോടെ ആശ്വാസം ഇരട്ടിയായെന്നും സായ് കൂട്ടിച്ചേർത്തു.

Trending News