ഇന്ത്യൻ സിനിമാ ചരിത്രത്തില്‍ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് നർഗീസ് ദത്ത്. നർഗീസിന്‍റെ ജനന വാര്‍ഷികമായ ഇന്ന് അമ്മയെപ്പറ്റി ഉള്ള ഓർമ്മകൾ മക്കളായ സഞ്ജയ് ദത്തും പ്രിയ ദത്തും പങ്ക് വച്ചു. പ്രശസ്ത നടനും രാഷ്ട്രീയ പ്രവർത്തകനും ആയിരുന്ന സുനിൽ ദത്തിനെ വിവാഹം ചെയ്ത നർഗീസ് ദത്ത് 1981 മേയ് മൂന്നിനാണ് മുംബൈയിലെ ബീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ച് ക്യാൻസർ ബാധിതയായി മരിക്കുന്നത്. നർഗീസിനൊപ്പമുള്ള ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമാണ് പ്രമുഖ ചലച്ചിത്ര താരമായ സഞ്ജയ് ദത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വച്ചത്.
'അമ്മയുടെ പുഞ്ചിരി ആയിരുന്നു എന്‍റെ ശക്തി. അമ്മയുടെ വാക്കുകൾ ആയിരുന്നു എന്‍റെ നിലനിൽപ്പ്. അമ്മയുടെ ആത്മാവായിരുന്നു ജീവിതത്തിലെ മോശം ഘട്ടങ്ങളിൽ നിന്നും എന്നെ കൈ പിടിച്ച് ഉയർത്തിയത്. എനിക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ ഭാഗ്യമായിരുന്നു നിങ്ങൾ. ഹാപ്പി ബർത്ത് ഡേ അമ്മാ' എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി സഞ്ജയ് ദത്ത് എഴുതിയത്. നർഗീസ് ദത്ത് സഞ്ജയ് ദത്തിനെ നോക്കി നിൽക്കുന്ന ഒരു അപൂര്‍വ്വ ചിത്രമായിരുന്നു അദ്ദേഹം പങ്ക് വച്ചത്. സഞ്ജയ് ദത്തിന്‍റെ മകളായ ത്രിഷാലാ ദത്ത് 'ലവ് യൂ ഡാഡ്' എന്ന് ചിത്രത്തിന് കമന്‍റും ചെയ്തിട്ടുണ്ട്.
നർഗീസ് ദത്തിന് വേണ്ടി ഒരു വീഡിയോ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്ക് വച്ചാണ് മകളായ പ്രിയ ദത്ത് അമ്മയുടെ ജന്മദിനം ഓർത്തത്. നർഗീസ് ദത്തിന്‍റെയും ദത്ത് ഫാമിലിയുടെയും ആരും കാണാത്ത വളരെ അപൂർവ്വമായ ചില ചിത്രങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. മദർ ഇന്ത്യ എന്ന ചിത്രത്തിന്‍റെ സെറ്റിൽ ഒരു വലിയ തീ പിടുത്തം ഉണ്ടായപ്പോൾ ആയിരുന്നു സുനിൽ ദത്തും നർഗീസ് ദത്തും തമ്മിൽ പ്രണയത്തിൽ ആകുന്നത്. ആ അപകടത്തിൽ നിന്നും ഉണ്ടായ പരിക്കുകളിൽ നിന്ന് സുഖം പ്രാപിച്ച് വരുന്ന സമയമാണ് ഇരുവരും അടുക്കുന്നത്. വളരെ വിവാദാത്മകമായ ഇരുവരുടെയും പ്രണയ ബന്ധത്തിന് ശേഷം 1958 മാർച്ച് 11 നാണ് ഇരുവരും വിവാഹിതരാകുന്നത്.
സഞ്ജയ് ദത്ത്, പ്രിയ ദത്ത്, നമ്രതാ ദത്ത് എന്നീ മൂന്ന് മക്കളാണ് സുനിൽ - നർഗീസ് ദമ്പതികൾക്ക് ഉള്ളത്. 80 കളുടെ തുടക്കത്തിലാണ് നർഗീസ് ദത്തിന് പാൻക്രിയാസ് ക്യാൻസർ പിടിപെടുന്നത്. അധികം താമസിയാതെ അവർ മരണപ്പെടുകയും ചെയ്തു. നർഗീസ് ദത്ത് ക്യാൻസർ ബാധിത ആയതോടെയാണ് മകൻ സഞ്ജയ് ദത്ത് മയക്ക് മരുന്നിന് അടിമയായി മാറുന്നത്. നർഗീസിന്‍റെ മരണം സുനിൽ ദത്തിലും വലിയ മാറ്റങ്ങൾ വരുത്തി. 'ദത്ത് കുടുംബത്തിന്‍റെ തീൻ മേശാ സംഭാഷണങ്ങൾ ഒരിക്കലും സിനിമകളെക്കുറിച്ചായിരുന്നില്ല, എന്നാൽ അമ്മയുടെ മരണ ശേഷം അച്ഛന്‍റെ പെരുമാറ്റത്തിലും ഞങ്ങളോടുള്ള ഇടപെടലിലും ഉൾപ്പെടെ വലിയ മാറ്റങ്ങൾ വന്നതായി' പ്രിയ ദത്ത് 2018 ൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...