നാല് വർഷത്തിന് ശേഷം തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ആതിരയുടെ മകൾ അഞ്ജലി എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ ആരും ചെയ്യാത്ത പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. നൂറോളം പുതുമുഖ അഭിനേതാക്കളാണ് ചിത്രത്തിൽ വേഷമിടുന്നതെന്നും സംവിധായകന്‍ പറയുന്നു.
ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ സന്തോഷ് പണ്ഡിറ്റ് പറയുന്നത് ഇങ്ങനെ:
''ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് കൊമേഷ്യൽ ഘടകങ്ങളുമുള്ള ചിത്രമാണിത്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. ഗാനചിത്രീകരണം കേരളത്തിന് പുറത്താണ് നടത്തുന്നത്. നൂറോളം താരങ്ങൾ ചിത്രത്തിലുണ്ട്.''
2011ല്‍ കൃഷ്ണനും രാധയും എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് സിനിമ മേഖലയിലേക്ക് എത്തുന്നത്. തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത് പുറത്തിറക്കി. ഈ ചിത്രങ്ങളിലെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെ ആയിരുന്നു നായകൻ. ചിത്രങ്ങളുടെ മറ്റ് സാങ്കേതിക മേഖലകളും സന്തോഷ് ആണ് കൈകാര്യം ചെയ്തത്. 2019ല്‍ ഇറങ്ങിയ ബ്രോക്കര്‍ പ്രേമചന്ദ്രന്‍റെ ലീലാവിലാസങ്ങള്‍ക്കു ശേഷം എത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...