Pathaan Box Office : പഠാൻ റിലീസായി ഒരു ആഴ്ചകൊണ്ട് തകർത്തത് 100 റെക്കോർഡുകൾ; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് ഷാരൂഖ് ഖാൻ

Pathaan Box Office Collection Latest Update : ഒരാഴ്ച കൊണ്ട് 300 കോടി ഷാരൂഖ് ഖാൻ സൽമാൻ ഖാൻ, അമീർ ഖാൻ എന്നിവർക്കൊപ്പമെത്തി

Written by - Ajay Sudha Biju | Edited by - Jenish Thomas | Last Updated : Jan 31, 2023, 08:42 PM IST
  • ആദ്യ ദിന കളക്ഷൻ
  • ഒരു ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം
  • അതിവേഗിത്തിൽ 300 കോടി ക്ലബ്
  • കേരളത്തിൽ നിന്ന് ഒരു കോടി നേടുന്ന ആദ്യ ബോളിവുഡ് ചിത്രം
Pathaan Box Office : പഠാൻ റിലീസായി ഒരു ആഴ്ചകൊണ്ട് തകർത്തത് 100 റെക്കോർഡുകൾ; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് ഷാരൂഖ് ഖാൻ

ബോക്സ് ഓഫീസ് റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞുകൊണ്ട് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുകയാണ് ഷാരൂഖ് ഖാന്റെ പഠാൻ എന്ന ചിത്രം. എന്തൊക്കെ ചെയ്തുിട്ടും ഒന്നിനു പുറകേ ഒന്നായി പരാജയപ്പെട്ടുകൊണ്ടിരുന്ന ബോളിവുഡ് ഇൻഡസ്ട്രിയെ പഴയ പ്രതാപത്തിലേക്ക് കൈ പിടിച്ച് ഉയർത്തുകയായിരുന്നു പഠാൻ. മുൻ കാലങ്ങളിൽ ബോളിവുഡ് ചിത്രങ്ങൾക്ക് ലോക മാർക്കറ്റിൽ ഒരു ഇടം സൃഷ്ടിച്ച് നൽകിയത് ഷാരൂഖ് ചിത്രങ്ങളായിരുന്നു. ഇന്ന് ബോളിവുഡിന്‍റെ കിങ് ഖാൻ എന്ന വിശേഷണം തനിക്ക് എങ്ങനെയാണ് ലഭിച്ചതെന്ന് അദ്ദേഹം എല്ലാവരേയും ഒന്നുകൂടി ഓർമ്മിപ്പിച്ചിരിക്കുകയാണ്. രാജ്യം വീണപ്പോള്‍ രാജാവ് പടത്തലവനായ നിമിഷമാണ് പഠാന്റെ വിജയക്കുതിപ്പ് കാണിക്കുന്നത്. ഇതിനോടകം ആഗോള ബോക്സ് ഓഫീസിൽ നൂറോളം റെക്കോർഡുകൾ പഠാൻ തകർത്തിരിക്കുന്നത് എന്നാണ് പല ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ എല്ലായിടത്തും സർവ്വ ആധിപത്യം പുലർത്തിയ ഒരു ബോളിവുഡ് ചിത്രം പുറത്തിറങ്ങിയിട്ട് കാലങ്ങളായി. ബോളിവുഡിനെ വിറപ്പിച്ച ദക്ഷിണേന്ത്യൻ താര കഥാപാത്രങ്ങളായ റോക്കി ഭായിയെയും ബാഹുബലിയെയും പോലും പിന്നിലാക്കി പഠാൻ മുന്നേറുകയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ചില റെക്കോർഡ് ബ്രേക്കുകൾ ഏതെല്ലാമെന്ന് പരിശോധക്കാം.

1. ആദ്യ ദിന കളക്ഷൻ

ബുധനാഴ്ച ഒരു പ്രവർത്തി ദിവസം റിലീസ് ചെയ്തിട്ടുപോലും ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ബോളിവുഡ് ചിത്രമായി മാറി പഠാൻ. 55 കോടിയാണ് പഠാന്‍റെ ഹിന്ദി പതിപ്പ് റിലീസ് ദിവസം നെറ്റ് കളക്ഷൻ സ്വന്തമാക്കിയത്.  ഇതിന് മുൻപ് ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ഹിന്ദി ചിത്രം കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പായിരുന്നു. 53.95 കോടിയായിരുന്നു ഇതിന്‍റെ ആദ്യ ദിന നെറ്റ് കളക്ഷൻ. എന്നാൽ കെജിഎഫ് 2 ഒരു അവധി ദിവസമാണ് പുറത്തിറങ്ങിയത്. പഠാന് മുൻപ് പ്രവർത്തി ദിവസം പുറത്തിറങ്ങി ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ബാഹുബലി 2 ന്‍റെ നെറ്റ് കളക്ഷൻ വെറും 40 കോടിയായിരുന്നു. പ്രവർത്തി ദിവസങ്ങളിൽ 30 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടാൻ പോലും ബുദ്ധിമുട്ടുന്ന ചിത്രങ്ങൾക്കിടെയിലാണ് പഠാൻ ആദ്യ ദിനം 55 കോടി നെറ്റ് കളക്ഷൻ സ്വന്തമാക്കി ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ഫസ്റ്റ് ഡേ ഓപ്പണറായി മാറിയത്. റിലീസ് ദിവസം ലോകമെമ്പാട് നിന്നും 106 കോടി ഗ്രോസ് കളക്ഷനാണ് പഠാൻ നേടിയത്. ഇതിലൂടെ റിലീസ് ദിവസം തന്നെ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമെന്ന് റെക്കോർഡും പഠാൻ കൊണ്ടു പോയി.  

ALSO READ : Pathaan Box Office: 300 കോടി ക്ലബ്ബിൽ സൽമാൻ ഖാനോടും ആമിർ ഖാനോടും ഒപ്പം ഷാരൂഖ് ഖാൻ; ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പത്താൻ

2.  ഒരു ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം

പഠാൻ റിലീസ് ചെയ്ത രണ്ടാമത്തെ ദിവസം 68 കോടി നെറ്റ് കളക്ഷനാണ് ഇന്ത്യയിൽ നിന്നും ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയിൽ നിന്നും ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ബോളിവുഡ് ചിത്രമായി പഠാൻ മാറി. പഠാൻ റിലീസ് ചെയ്ത രണ്ടാമത്തെ ദിവസം റിപ്പബ്ലിക് ഡേ ആയിരുന്നു. അവധി ദിവസം കൂടി ആയതിനാൽ വമ്പൻ പ്രീ ബുക്കിങ്ങാണ് ഈ ദിവസം രാജ്യത്തെ മൾട്ടീ പ്ലെക്സ് ചെയ്നുകളിൽ പഠാന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് മുൻപ് ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ചിത്രം കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പായിരുന്നു. ആദ്യ ദിവസം ലഭിച്ച 53.95 കോടി രൂപയായിരുന്നു ഇതിന്‍റെ റെക്കോർഡ്. പഠാനിലൂടെയായിരുന്നു ആദ്യമായി ഒരു ഹിന്ദി ചിത്രം ഒറ്റ ദിവസം കൊണ്ട് 60 കോടിക്ക് മുകളിലെ നെറ്റ് കളക്ഷൻ സ്വന്തമാക്കുന്നത്. 

3. അതിവേഗത്തിൽ 300 കോടി ക്ലബ്

മുൻപ് 300 കോടി ക്ലബ്ബ് ഇല്ലാത്ത ബോളിവുഡ് സൂപ്പർ താരം എന്ന പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്നയാളാണ് ഷാരൂഖ് ഖാൻ. എന്നാൽ പഠാനിലൂടെ വെറും 7 ദിവസങ്ങള്‍ കൊണ്ട് ഷാരൂഖ് ഈ നേട്ടത്തിലെത്തിച്ചേർന്നു. ഇതിലൂടെ ഏറ്റവും വേഗത്തിൽ 300 കോടി നെറ്റ് കളക്ഷൻ നേടുന്ന സിനിമയായി പഠാൻ മാറി. ബാഹുബലി 2 ന്‍റെ റെക്കോർഡ് തകർത്തുകൊണ്ടാണ് പഠാൻ ഈ നേട്ടത്തിലെത്തിച്ചേർന്നത്. 2017 ൽ പുറത്തിറങ്ങിയ ബാഹുബലി 2 ന്‍റെ ഹിന്ദി പതിപ്പ് 10 ദിവസങ്ങൾ കൊണ്ടാണ് 300 കോടി ക്ലബ്ബിലെത്തിയത്. തൊട്ട് പിന്നിൽ നിൽക്കുന്ന ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പാണ്. 11 ദിവസങ്ങൾ കൊണ്ടാണ് കെജിഎഫ് 2 ഈ നേട്ടം കൈവരിച്ചത്. ഇതിന് മുൻപ് ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിലെത്തിച്ചേരുന്ന ബോളിവുഡ് ചിത്രം ദംഗൽ 13 ദിവസങ്ങൾ കൊണ്ടായിരുന്നു ഈ നേട്ടത്തിലെത്തിച്ചേർന്നത്. കേവിഡിന് ശേഷം പുറത്തിറങ്ങിയ പല ബോളിവുഡ് ചിത്രങ്ങളും 200 കോടി നെറ്റ് കളക്ഷൻ ഉണ്ടാക്കാൻ പോലും പാട് പെടുമ്പോഴാണ് പഠാന്‍റെ 300 കോടി നേട്ടം. 

4. കേരളത്തിൽ നിന്ന് ഒരു കോടി നേടുന്ന ആദ്യ ബോളിവുഡ് ചിത്രം

കോവിഡിന് ശേഷം മലയാളി നടന്മാർ പോലും കേരളത്തിൽ നിന്ന് ആദ്യ ദിവസം 1 കോടി കളക്ഷൻ നേടാൻ ബുദ്ധിമുട്ടുമ്പോഴാണ് പഠാനിലൂടെ ഷാരൂഖ് ഈ നേട്ടത്തിലേക്കെത്തിയത്. ഇതിന് മുൻപ് ബാങ് ബാങ് എന്ന ചിത്രത്തിലൂടെ ഹൃത്തിക് റോഷൻ കേരളത്തിൽ നിന്ന് 1 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയിരുന്നു. എന്നാൽ പഠാന് ആദ്യ ദിവസം കേരളത്തിൽ നിന്ന് 1 കോടി രൂപയുടെ നെറ്റ് കളക്ഷൻ സ്വന്തമാക്കാൻ സാധിച്ചു. ഏതാണ്ട് 2 കോടിയോളം രൂപ ഗ്രോസ് കളക്ഷനും കേരളത്തിൽ നിന്ന് ആദ്യ ദിനം പഠാന് ലഭിച്ചു. ആദ്യ വാരവസാനത്തിൽ ഏകദേശം 8 കോടിയോളം രൂപയാണ് പഠാന് കേരളത്തിൽ നിന്ന് ലഭിച്ചത്. എലോൺ, തങ്കം എന്നീ മലയാള ചിത്രങ്ങൾ റിലീസ് ചെയ്ത സമയം ആയിട്ട് പോലും പ്രവർത്തി ദിവസമെന്നോ അവധി ദിവസമെന്നോ വ്യത്യാസമില്ലാതെ മികച്ച ബുക്കിങ്ങാണ് കേരളത്തിലെ ഭൂരിഭാഗം തീയറ്ററുകളിലും പഠാന് ലഭിക്കുന്നത്. 

5. ഇന്ത്യക്ക് പുറത്ത് പഠാൻ

എല്ലാ കാലത്തും ഷാരൂഖ് ഖാന്‍റെ കുത്തകയായിരുന്നു ഓവർസീസ് മാർക്കറ്റ്. കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ ഇന്ത്യക്ക് പുറത്ത് നിന്നുള്ള കളക്ഷൻ. 2013 ൽ പുറത്തിറങ്ങിയ ഷാരൂഖിന്‍റെ ചെന്നൈ എക്സ്പ്രെസിന് ശേഷം മറ്റൊരു ചിത്രവും ഓവർസീസ് മാർക്കറ്റിൽ ചലനം സൃഷ്ടിച്ചിരുന്നില്ല. 2018 ൽ പുറത്തിറങ്ങിയ പദ്മാവത് ആയിരുന്നു നിലവിലെ ഏറ്റവും വലിയ ഓവർസീസ് ഓപ്പണർ.  എന്നാൽ പഠാന്‍റെ വരവോടെ ഇത് പഴങ്കഥയായി മാറി. 4.5 മില്ല്യൺ യുഎസ് ഡോളറാണ് പഠാൻ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. യുഎയിലെ ഓപ്പണിങ്ങ് വീക്കെന്‍റ് കളക്ഷനിൽ അവഞ്ചേഴ്സ് എൻഡ് ഗെയിമിന് തൊട്ട് പിന്നിലാണ് പഠാന്‍റെ സ്ഥാനം. ഇത്തരത്തിൽ കൊവിഡിന് ശേഷം ഇന്ത്യൻ സിനിമകൾക്ക് സ്വപ്നം മാത്രമായിരുന്ന പല രാജ്യങ്ങളിലെയും ബോക്സ് ഓഫീസ് പഠാന് മുന്നിൽ തുറന്നു.

ഇനിയുമുണ്ട് പഠാൻ തകർത്ത എണ്ണിയാൽ തീരാത്ത റെക്കോർഡുകൾ. എന്തായാലും ഈ വേഗത്തിൽ പഠാൻ കളക്ഷൻ തുടർന്നാൽ ഈ ആഴ്ച്ചയോടെ ദംഗലിന്‍റെ 374 കോടി എന്ന റെക്കോർഡ് മറി കടന്ന് ബോളിവുഡിലെ പുതിയ ഇന്‍റസ്ട്രി ഹിറ്റായി മാറും. പിന്നീട് പഠാന്‍റെ വേട്ട 2 ദക്ഷിണേന്ത്യൻ വമ്പന്മാരുടെ കളക്ഷന് വേണ്ടിയാകും. കെജിഎഫ് 2 ന്‍റെ 434 കോടി നെറ്റ് കളക്ഷനും ബാഹുബലി 2 ന്‍റെ 510 കോടി നെറ്റ് കളക്ഷനും. കേൾക്കുമ്പോൾ ഈ സ്വപ്നം വിദൂരമാണെന്ന് തോന്നാമെങ്കിലും പഠാന് ഈ നേട്ടത്തിലെത്തിച്ചേരാൻ സാധിക്കുമെന്നാണ് പല ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. എന്തായാലും കാത്തിരുന്ന് കാണാം കിംഗ് ഖാന്‍റെ വേട്ട എവിടെ ചെന്ന് നിൽക്കുമെന്ന്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News