ബോളീവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തപ്പോൾ അതിനെതിരെ ശബ്ദം ഉയർത്തിയവരിൽ പ്രമുഖനാണ് നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്നൻ സിൻഹ. നർക്കോട്ടിക് കൺഡ്രോൾ ബ്യൂറോ ഏതാണ്ട് ഒരു മാസക്കാലമാണ് ആര്യൻ ഖാനെ കസ്റ്റഡിയിൽ എടുത്തത്. എൻ.സി.ബിയുടെ ഈ പ്രവർത്തിയെ നിശിതമായ ഭാഷയിലാണ് ശത്രുഘ്നൻ സിൻഹ വിമർശിച്ചത്. എൻ.സി.ബി മനപ്പൂർവം ആര്യൻ ഖാനെ ഇരയാക്കുകയായിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. കഴിഞ്ഞ ആഴ്ച്ച ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു.
എന്നാൽ മകന് ഇത്രയധികം പിൻതുണ നല്‍കിയ എനിക്ക് ഷാരൂഖ് ഖാൻ ഒരു നന്ദി അറിയിക്കാൻ പോലും തയ്യാറായില്ലെന്ന് ശത്രുഘ്നൻ സിൻഹ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ എൻ.സി.ബി മുംബൈയിലെ ഒരു ക്രൂയിസ് കപ്പൽ റെയിഡ് ചെയ്തതിന് പിന്നാലെയാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ മാസം എൻ.സി.ബി സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യന്‍റെ പേര് പരാമർശിക്കാത്തതിനെത്തുടർന്നാണ് ഇയാളെ കുറ്റവിമുക്തനാക്കുന്നത്. ആര്യൻ ഖാനെ എൻ.സി.ബി കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് താരപുത്രനെ വിമർശിച്ച്കൊണ്ട് നിരവധി മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ടി.വി ചർച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും ആര്യനെ ഏറ്റവും കൂടുതൽ പിൻതുണച്ച്കൊണ്ട് രംഗത്ത് വന്നത് ശത്രുഘ്നൻ സിൻഹ ആയിരുന്നു.
Read Also: പത്തല.. പത്തല..റിമിക്സ്; 'വിക്രം'ചിത്രത്തിലെ കമൽഹാസൻ ഗാനത്തിന് റിമിക്സ് ഒരുക്കി സുനിൽ സൂര്യ
ആര്യൻ ഖാന് ക്ലീൻ ചിറ്റ് കിറ്റ് ലഭിച്ച് ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാരൂഖിനോട് ഉള്ള പരിഭവം ശത്രുഘ്നൻ സിൻഹ വ്യക്തമാക്കിയത്. "ഒരു രക്ഷകർത്താവ് എന്ന നിലയിൽ ഷാരൂഖ് ഖാന്‍റെ വിഷമം എനിക്ക് മനസ്സിലാക്കാൻ സാധിക്കും. ആര്യൻ ഖാൻ കുറ്റക്കാരനാണെങ്കിൽ പോലും എൻ.സി.ബി അയാളെ പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം ആയാളെ ജയിലിലടയ്ക്കുകയാണ് ചെയ്തത്. ഇതിൽ എല്ലാം ഷാരൂഖ് മാനസികമായി വളരെയധികം വിഷമിച്ചിട്ടുണ്ടാകും. എങ്കിലും മകന് ക്ലീൻ ചിറ്റ് ലഭിച്ചപ്പോൾ അയാൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ എനിക്ക് ഒരു നന്ദി പറയാൻ പോലും ഷാരൂഖ് ഖാൻ തയ്യാറായില്ലെന്നാണ്" ശത്രുഘ്നൻ സിൻഹ പറഞ്ഞത്.
ആര്യൻ ഖാന്‍റെ പ്രശ്നങ്ങൾ ഉണ്ടായ ശേഷം ഷാരൂഖ് ഖാനെ സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ശത്രുഘ്നൻ സിൻഹ പറഞ്ഞത്. "ഞാൻ എന്തിനാണ് അദ്ദേഹത്തെ സമീപിക്കുന്നത് ? ഞാൻ ചെയ്ത കാര്യങ്ങൾക്ക് പകരമായി അദ്ദേഹം എന്നെയായിരുന്നു സമീപിക്കേണ്ടിയിരുന്നത്" എന്നായിരുന്നു ശത്രുഘ്നൻ സിൻഹയുടെ മറുപടി. എങ്കിലും ആര്യൻ ഖാനെതിരെ കേസ് ഉണ്ടായപ്പോൾ ഷാരൂഖ് തന്നോട് പിൻതുണ ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ശരിയാണെന്ന് തോന്നിയ കാര്യത്തിനൊപ്പം താൻ സ്വന്തം ഇഷ്ടപ്രകാരം നിന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...