ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം സീതാരാമത്തിന് യുഎഇ ഉൾപ്പടെയുള്ള വിവിധ ജിസിസി രാജ്യങ്ങളിൽ വിലക്ക്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിവിധ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ ദുൽഖറിന്റെ ചിത്രങ്ങൾക്ക് ഏറെ പ്രേക്ഷകർ ഉണ്ടെന്നിരിക്കെ വിലക്ക് പിൻവലിച്ചില്ലെങ്കിൽ അത് ചിത്രത്തിൻറെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കുമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. ദുൽഖർ സൽമാനൊപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാരാമം. ആഗസ്റ്റ് 5 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സീതാ രാമം.
വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രത്തിൻറെ ടീസറും ട്രെയ്‌ലറും ഒക്കെ ഇത് തന്നെയാണ് വ്യക്തമായിരുന്നത്. ലെഫ്റ്റന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സീതയായി എത്തുന്നത് മൃണാൾ താക്കൂർ ആണ്. തെലുഗു, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും സീത രാമത്തിനുണ്ട്.
ALSO READ: 'കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടല് പോൽ' സീതാരാമത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്
സ്വപ്‌ന സിനിമ നിർമ്മിക്കുകയും വൈജയന്തി മൂവീസ് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് സീതാരാമം. മുമ്പ് ചിത്രത്തിന് 'പ്രൊഡക്ഷൻ നമ്പർ 7' എന്നായിരുന്നു പേരിട്ടിരുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ നിർമ്മാതാവ് അശ്വിൻ ദത്ത് ആണ്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്.ദുൽഖർ, മൃണാൾ, രശ്മിക എന്നിവർക്ക് പുറമെ സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിൻറെ പ്രീറിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടത്തിയിരുന്നു. പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് പ്രഭാസ് ആയിരുന്നു. പരിപാടിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. ചില ചിത്രങ്ങൾ തീയേറ്ററുകളിൽ തന്നെ കാണണമെന്നും, സീതാരാമം അത്തരത്തിലുള്ള ഒരു ചിത്രമാണെന്നും പ്രഭാസ് പരിപാടിക്കിടയിൽ പറഞ്ഞു. ഈ ചിത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ദുൽഖർ സൽമാനും പറഞ്ഞിരുന്നു. കൂടാതെ ഈ ചിത്രം തീയേറ്ററുകളിൽ തന്നെ കാണണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...