മമ്മൂട്ടിയെ നായകനായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിനെതിരെ തമിഴ് സംവിധായിക ഹലിത ഷമീം. ഹലിത സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിലെ സൗന്ദര്യാനുഭൂതി മുഴുവന്‍ ലിജോ ജോസ് പെല്ലിശ്ശേരി അടർത്തിയെടുത്തുവെന്നാണ് ആരോപണം. സില്ലു കറുപ്പാട്ടി അടക്കം മികച്ച സിനിമകളുടെ സംവിധായിക ആണ് ഹലിത. സമുദ്രക്കനി കേന്ദ്ര കഥാപാത്രമായി 2021ൽ പുറത്തിറങ്ങിയ ചിത്രമാണ് ഏലേ. നൻപകൽ നേരത്ത് മയക്കവും, ഏലേയും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ചിത്രം മുഴുവന്‍ കണ്ടപ്പോള്‍ അതിലെ ആശയങ്ങളും സൌന്ദര്യാംശങ്ങളും നിര്‍ദ്ദയമായി അടർത്തിയെടുത്താൽ നിശബ്ദയായി ഇരിക്കില്ലെന്നും ഹലിത ഫേസ്ബുക്കിൽ കുറിച്ചു.
ഹലിത ഷമീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
''ഒരു സിനിമയിൽ നിന്ന് സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല.
‘ഏലേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി ഒരു ഗ്രാമം തയാറാക്കിയിരുന്നു. 'നൻപകൽ നേരത്ത് മയക്കവും' അതേ ഗ്രാമത്തിൽ ചിത്രീകരിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൌന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ അടർത്തിയെടുത്തത് കാണാൻ അൽപം ബുദ്ധിമുട്ടാണ്. ചിത്രത്തിന്റെ നീണ്ട വരച്ച സൗന്ദര്യാത്മകത അൽപ്പം മടുപ്പിക്കുന്നതാണ്.
ഏലേയിലെ ഐസ് ക്രീംകാരനാണ് ഇവിടുത്തെ പാൽക്കാരൻ. എന്റെ ചിത്രത്തിൽ ഒരു മോര്‍ച്ചറി വാനിനു പിറകെ ഒരു വൃദ്ധൻ ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യന് പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്.
ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഈ ചിത്രത്തിൽ കണ്ടു. സിനിമ മുന്നോട്ട് പോകുംന്തോറും താരതമ്യം ചെയ്ത് പറയാനായി ഇനിയും ഏറെയുണ്ട്. എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്. നിങ്ങൾക്ക് എന്റെ ഏലേ എന്ന സിനിമ തള്ളിക്കളയാം. പക്ഷേ അതിൽ നിന്നുള്ള ആശയങ്ങളും സൗന്ദര്യാനുഭൂതിയും നിഷ്കരുണം അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ല. ''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...