ദോഹ: പറക്കുന്ന വിമാനത്തിൽ പൂർണമായും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ (ഗേറ്റ് ടു ഗേറ്റ്) കമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയുടെ അനുമതി. നേരത്തേ, വിമാനം സമുദ്രനിരപ്പിൽനിന്നു ചുരുങ്ങിയത് 3,000 മീറ്റർ ഉയരത്തിൽ പറക്കുമ്പോൾ മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ഇന്റർനെറ്റ് സേവനം ലഭ്യമായിരുന്നത് എന്നാല്‍, ഇനി മുതല്‍ മുഴുവൻ സമയവും ഇന്റർനെറ്റ് സേവനം ലഭ്യമാകും.
ഇതോടെ, വിമാനയാത്രയില്‍ ഗേറ്റ് ടു ഗേറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന മേന മേഖലയിലെ ആദ്യ രാജ്യമാകും ഖത്തർ. 2017 നവംബർ മുതൽ 2018 ജനുവരി വരെ സേവനദാതാക്കൾ, ബന്ധപ്പെട്ട മറ്റു കക്ഷികൾ, വിമാനയാത്രക്കാർ എന്നിവരെല്ലാമായി ആശയവിനിമയം നടത്തിയശേഷമാണു സിആർഎ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പുതിയ ലൈസൻസ് പ്രകാരം ഖത്തറിൽ റജിസ്റ്റർ ചെയ്ത വിമാന ഓപ്പറേറ്റർമാർക്കു മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്.
വിമാനത്തിന്‍റെ പ്രവർത്തനത്തെയോ ഭൂതല മൊബൈൽ ശൃംഖലകളെയോ ബാധിക്കാത്ത തരത്തിൽ സേവനം ലഭ്യമാക്കാനുള്ള ആധുനിക സംവിധാനങ്ങളുണ്ട്. എന്നാൽ, വിമാനം സമുദ്രനിരപ്പിൽനിന്നു 3000 മീറ്ററിനു താഴെ പറക്കുമ്പോൾ മൊബൈൽ ഫോൺ വിളികൾ, എസ്എംഎസ്, മൊബൈൽ ഡേറ്റാ സേവനങ്ങൾക്കുള്ള നിയന്ത്രണം തുടരും. വിമാനത്തിന്‍റെ പ്രവർത്തനത്തെയും ഭൂതല മൊബൈൽ ശൃംഖലയെയും ബാധിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണിത്. അതേസമയം, വിമാനത്തിലെ വൈഫൈ വഴി മൊബൈലിൽ ഇന്റർനെറ്റ് ലഭിക്കും.