യുഎഇയുടെ ആദരം, കേരളത്തിന് അഭിമാനം; ഗോള്‍ഡന്‍ വിസ നേടി മലയാളി ഡോക്ടര്‍

രാജ്യത്ത് സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് യുഎഇ സര്‍ക്കാര്‍ സമ്മാനിച്ച ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ മലയാളി ഡോക്ടറും. 

Updated: May 15, 2020, 06:34 AM IST
യുഎഇയുടെ ആദരം, കേരളത്തിന് അഭിമാനം; ഗോള്‍ഡന്‍ വിസ നേടി മലയാളി ഡോക്ടര്‍

രാജ്യത്ത് സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് യുഎഇ സര്‍ക്കാര്‍ സമ്മാനിച്ച ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ മലയാളി ഡോക്ടറും. 

കാസര്‍ഗോഡ്‌ കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ.സിഎച്ച് അബ്ദുല്‍ റഹ്മാനാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. നേരത്തെ, വന്‍കിട നിക്ഷേപകര്‍ക്ക് മാത്രം അനുവദിച്ചിരുന്ന ഗോള്‍ഡന്‍ വിസ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത്. 

യുഎഇ സര്‍ക്കാരിന്‍റെ ദുബായ് ഹെല്‍ത്ത് അതോറിറ്റിയ്ക്ക് കീഴിലുള്ള 212 ഡോക്ടര്‍മാര്‍ക്കാണ് കഴിഞ്ഞ ദിവസം യുഎഇ സര്‍ക്കാര്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കിയത്. നിലവില്‍ ദുബായ് ലത്തീഫ ആശുപത്രിയില്‍ കുട്ടികളുടെ രോഗവിദഗ്തനായി ജോലി ചെയ്യുകയാണ് റഹ്മാന്‍. 

കഴിഞ്ഞ 17 വര്‍ഷമായി യുഎഇയില്‍ സേവനമനുഷ്ഠിക്കുന്ന റഹ്മാന്‍ ലത്തീഫ ആശുപത്രിയിലെ കൊറോണ രോഗികള്‍ക്കായി സേവനം ചെയ്തു. കൂടാതെ, മറ്റ് ക്വാറന്‍റ്റീന്‍ കേന്ദ്രങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 

''20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്ന് അഞ്ച് പകര്‍ച്ച വ്യാധികള്‍, ഇത് അവസാനിപ്പിക്കണം'' 

ഇതിനെല്ലാമുള്ള അംഗീകാരമായാകാം തനിക്ക് ഗോള്‍ഡന്‍ വിസ നല്‍കിയതെന്ന് റഹ്മാന്‍ പറയുന്നു. എമിഗ്രേഷന്‍ അധികൃതര്‍ രണ്ട് ദിവസം മുന്‍പ് വിളിച്ചപ്പോഴാണ് ഗോള്‍ഡന്‍ വിസ നല്‍കുന്ന കാര്യം റഹ്മാന്‍ അറിഞ്ഞത്. 

പിന്നീട് പാസ്പോര്‍ട്ട് വാങ്ങികൊണ്ടുപോയ അധികൃതര്‍ ഇന്നലെയാണ് വിസാ പതിച്ച് പാസ്പോര്‍ട്ട് തിരികെ നല്‍കിയത്. തനിക്ക് ലഭിച്ച ഈ അംഗീകാരം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളികള്‍ക്കുമുള്ള അംഗീകാരമാണെന്ന് റഹ്മാന്‍ പറയുന്നു. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഡോ. റഹ്മാന്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, ഡല്‍ഹി അലിഗഡ് സര്‍വകലാശാലയില്‍ നിന്നും എംഡി സ്വന്തമാക്കി. ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക് ആന്‍ഡ്‌ ചൈല്‍ഡ് ഹെല്‍ത്തില്‍ ബിരുദം (MRCPCH) നേടി.