കുവൈറ്റ്: മഴ തുടരും, വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു

കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. 

Last Updated : Nov 16, 2018, 01:41 PM IST
കുവൈറ്റ്: മഴ തുടരും, വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു

കുവൈറ്റ്: കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. 

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്നായിരുന്നു വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടത്. ബുധനാഴ്ച അര്‍ധരാത്രിയാണ് കുവൈറ്റ് അന്തരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്

അതേസമയം, വെള്ളിയാഴ്ചയും രാജ്യത്ത് മഴ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ അറിയിച്ചു. 
കനത്ത മഴ കുവൈറ്റിലെ ഒട്ടുമിക്ക പ്രദേശങ്ങളെയും പ്രളയത്തില്‍ മുക്കി. ഹൈവേകളിലും റോഡുകളിലും വെള്ളം കുത്തി ഒഴുകി വന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. 
പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കെല്ലാം ചൊവ്വാഴ്ച മുതല്‍ അവധി നല്‍കി. ജനങ്ങളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും മന്ത്രിസഭ അഭ്യര്‍ഥിച്ചു. ഏറ്റവും അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്ത് പോകരുതെന്നും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മഴയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 

24 മണിക്കൂറിനിടെ രാജ്യത്ത് 97 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു വര്‍ഷം ശരാശരി 100 മില്ലീമീറ്റര്‍ മഴയാണ് കുവൈത്തില്‍ ലഭിക്കാറ്. 

 

 

Trending News