ജിദ്ദ: ഉംറ തീര്‍ഥാടകര്‍ക്ക് വിപുല പരിരക്ഷ നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍ വന്നു.
സൗദിയിലെത്തുന്നത് മുതല്‍ രാജ്യം വിടുന്നതുവരെയുള്ള കാലയളവിലേയ്ക്കാണ് പദ്ധതി ആനുകൂല്യം. ആരോഗ്യ സേവനങ്ങള്‍ക്കുപുറമെ നിരവധി ആനുകൂല്യങ്ങളും ഇതുവഴി ലഭിക്കും.
ഒരു മാസത്തേക്കുള്ള ഉംറ തീർഥാടക ഇൻഷുറൻസ് 189 സൗദി റിയാൽ(ഏകദേശം 3560 രൂപ) ആയിരിക്കും. ഇതുവഴി ഒരു ലക്ഷം റിയാല്‍ വരെയുള്ള ചികിത്സാ സേവനങ്ങള്‍ ലഭിക്കും, കൂടാതെ, അടിയന്തര ഘട്ടങ്ങളിലും ദുരന്തങ്ങളിലും തീര്‍ഥാടകരുടെ യാത്രക്കിടെയുണ്ടാകുന്ന അടിയന്തര ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിനുപുറമെ വിമാനം വൈകുന്നതിന് 500 റിയാല്‍ വരെയും, യാത്ര റദ്ദാക്കിയാല്‍ 5000 റിയാല്‍ വരെയും, തീര്ഥാടകന് മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലേക്ക് തിരിച്ചയക്കാന്‍ 10,000 റിയാല്‍ വരെയും അപകടമരണത്തിന് ഒരു ലക്ഷം റിയാല്‍ വരെയും നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.
കൂട്ട അത്യാഹിതമുണ്ടായാല്‍ 380 ലക്ഷം റിയാല്‍ വരെയാണ് മൊത്തം പരിരക്ഷ ലഭിക്കുക. കൂടാതെ, എയര്‍പോര്‍ട്ടുകളില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടതിനും, ബാഗേജ് നഷ്ടപ്പെടുന്നതിനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഒരുമാസ കാലാവധിയുള്ള പോളിസി ആവശ്യമെങ്കില്‍ ദീര്‍ഘിപ്പിക്കുവാനും സൗകര്യമുണ്ട്.
തീർഥാടക ഇൻഷുറൻസിന് സൗദി ഹജ്ജ്, ഉംറ വിഭാഗം കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു.
ഉംറ തീർഥാടകർക്ക് സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബെൻതിൻ അറിയിച്ചു.