ദുബായ്: അന്തരാഷ്ട്രതലത്തിൽ നാണയപ്പെരുപ്പവും വിലക്കയറ്റവും വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇവ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾക്ക് ഒരുങ്ങി യു എ ഇ സർക്കാർ. ആഗോള വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും ആഘാതം പരിമിതപ്പെടുത്താൻ തങ്ങളാൽ കഴിയുന്നത് എല്ലാം ചെയ്യുന്നെണ്ടെന്നു സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ നയങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും വാർത്താ ഏജൻസി ആയ വാമിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ചരക്കുകളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ യു എ ഇ സാമ്പത്തിക മന്ത്രാലയം പ്രാദേശിക സാമ്പത്തിക വകുപ്പുകളുമായും, സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രസക്ത പങ്കാളികൾ എന്നിവരുമായി ചേർന്ന് വില വർദ്ധനവിനെ പിടിച്ചുകെട്ടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറയുന്നു. യു എ ഇ യുടെ ഉപഭോക്തൃ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്താനുള്ള ശക്തമായ നിയമങ്ങൾ തയ്യാറാക്കുന്നത് രാജ്യം ഏറ്റവും കൂടുതൽ മുൻഗണന കൊടുക്കുന്ന കാര്യങ്ങളാണ്. പ്രാദേശിക വിപണിയിൽ മികച്ച വാണിജ്യ സമ്പ്രാദയങ്ങൾ ഉറപ്പാക്കാനും ഉൽപ്പനങ്ങളുടെ ലഭ്യത നിലനിർത്തുവാനും സർക്കാർ പ്രതിബദ്ധമാണ്.
Read Also: ന്യൂസിലാൻഡ് പോലീസിലെ ആദ്യ മലയാളി വനിതാ ഉദ്യോഗസ്ഥയായി പാലാ സ്വദേശി അലീന
അതു പോലെ തന്നെ രാജ്യത്തെ പൗരൻമാരുടെയും താമസക്കാരുടേയും ആവശ്യങ്ങൾക്ക് അനുസൃതമായി ഉൽപ്പന്നങ്ങളുടെ സ്റ്റോക്കുകൾ വർധിപ്പിക്കുമെന്നും മന്ത്രി അഭിമുഖത്തിൽ പറയുന്നുണ്ട്. അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള പുതിയ നയത്തിന് ഈ വർഷം ആദ്യം മന്ത്രാലയം അനുതി നൽകിയിരുന്നു. പുതിയതും ഉണങ്ങിയതുമായ പാൽ, ഫ്രഷ് ചിക്കൻ മുട്ട, റൊട്ടി, മാവ്, പഞ്ചസാര, ഉപ്പ്, അരി, പയർ വർഗങ്ങൾ, പാചക എണ്ണ, മിനറൽ വാട്ടർ തുടങ്ങിയ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഇനങ്ങളുടെ വില വർധനവിനുണ്ടായാൽ വിതരണക്കാർ തന്നെ അതിന് കൃത്യമായ തെളിവുകൾ സമർപ്പിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ നയം.
നിലവിലെ സാഹചര്യത്തിൽ ഉയർന്ന ചരക്കുകൂലി, എണ്ണവില, റഷ്യ-യുക്രൈൻ യുദ്ധം എന്നിവ കാരണം ലോകമെമ്പാടും നിയന്ത്രണാതീതമായി ഭക്ഷ്യവസ്തുക്കളുടെ വില ഉയരുകയാണ്. ഈ വർഷം ആദ്യപാദത്തിൽ മാത്രം 11 മേഖലകളിലായി യുഎഇ യിലെ പണപ്പെരുപ്പം 3.35 ശതമാനം വർധിച്ചു. പണപ്പെരുപ്പം കുറക്കാൻ രാജ്യത്തെ ജനങ്ങൾ തന്നെ ചെലവ് വെട്ടിക്കുറക്കേണ്ടി വരുമെന്നാണ് പഠനങ്ങൾ പറയുന്നത്. വില വർധനവിന്‍റെ ആഘാതം കുറക്കാനായി പുതിയ മാർഗങ്ങൾ തേടുകയാണെന്ന് ചില്ലറ വ്യാപാരികളും വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...