തൃശൂർ: നടി മീരാനന്ദൻ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരൻ. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു താലികെട്ട്.
വിവാഹ ചിത്രങ്ങൾ മീര തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്റെ ജീവിതവും പ്രണയവും എന്ന ക്യാപ്ഷനോടെയാണ് മീര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മെഹന്തി, ഹൽദി, സംഗീത് തുടങ്ങിയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ കഴിഞ്ഞ ദിവസങ്ങൾ താരം പങ്കുവെച്ചിരുന്നു. നസ്രിയ, ആൻ അഗസ്റ്റിൻ, ശ്രിന്ദ തുടങ്ങിയവർ മെഹന്തി ചടങ്ങിൽ പങ്കെടുത്തിരുന്നു.
2023 സെപ്റ്റംബർ 13നായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹ നിശ്ചയം നടന്നത്.
മാട്രിമോണി സൈറ്റ് വഴി ഇരുവരും പരിചയപ്പെടുകയും പിന്നീട് ഇവരുടെ മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയുമായിരുന്നു.
തിരുവനന്തപുരം ഇടവ സമശ്രീയിൽ ശ്രീകുമാറിന്റെയും ശ്രീലത ശ്രീകുമാറിന്റെയും മകനാണ് ശ്രീജു. എളമക്കര മുല്ലയിൽ നന്ദകുമാറിന്റെയും മായ നന്ദകുമാറിന്റെയും മകളാണ് മീര നന്ദൻ.
ലാൽജോസ് ചിത്രമായ മുല്ലയിലൂടെയായിരുന്നു മീരയുടെ സിനിമ അരങ്ങേറ്റം.
പുതിയമുഖം, കറൻസി, സ്വപ്നസഞ്ചാരി, സീനിയേഴ്സ്, മല്ലുസിംഗ് തുടങ്ങിയ ചിത്രങ്ങളിൽ മീര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ അവതാരികയായാണ് മീര ആദ്യം പ്രേക്ഷകർക്ക് സുപരിചിതയായത്.
മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. നിലവിൽ ദുബായിലെ റേഡിയോ ജോക്കിയാണ് മീര.