ഭാര്യയുടെ പിറന്നാൾ ദിനം വ്യത്യസ്തമായി ആഘോഷിച്ച് അല്ലു അർജുൻ. അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും മക്കളും ജന്മദിനം ആഘോഷിക്കാനായി അമൃത്സറിലേക്കാണ് ഇത്തവണ പോയത്. സുവർണ്ണ ക്ഷേത്രം കുടുംബത്തോടൊപ്പം നടൻ സന്ദർശിച്ചു. വ്യാഴാഴ്ച ഭാര്യ സ്നേഹ റെഡ്ഡിയുടെ 37-ാം ജന്മദിനം ആഘോഷിക്കാൻ സുവർണ ക്ഷേത്രത്തിൽ എത്തിയതിന്റെ ചിത്രങ്ങൾ അർജുൻ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കിട്ടു. സ്നേഹയ്ക്കും കുട്ടികളായ അയാനും അർഹയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
"ഹാപ്പി ബർത്ത്ഡേ ക്യൂട്ടി" എന്നാണ് അല്ലു പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. സുവർണ ക്ഷേത്രം സന്ദർശിച്ചതിന്റെ വീഡിയോകളും താരം പങ്കുവെച്ചു. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ താരം ഈ അനുഭവത്തെ "മാജിക്കൽ" എന്നാണ് വിശേഷിപ്പിച്ചത്. സ്നേഹ, അയാൻ, അർഹ എന്നിവർക്കൊപ്പം നിൽക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സാധാരണക്കാരനായി സുവർണ ക്ഷേത്രത്തിൽ എത്തി ക്യൂ നിൽക്കുന്ന അല്ലുവിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാണ്.
അതേസമയം പുഷ്പ: ദി റൈസിന്റെ മഹത്തായ വിജയത്തിന് ശേഷം അല്ലു അർജുൻ അടുത്തതായി അഭിനയിക്കുന്നത്, പുഷ്പ: ദി റൂൾ എന്ന ചിത്രത്തിലാണ്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് താരം ആരംഭിക്കും. 2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നതെന്നാണ് സൂചന. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ ചിത്രത്തിലെത്തിയത്.
ഇതുവരെ കാണാത്ത ഒരു അല്ലു അർജുനെയാണ് പ്രേക്ഷകർ പുഷ്പയിൽ കണ്ടത്. ഫഹദ് ഫാസിലിന്റെ വില്ലൻ വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. ഇവർ തമ്മിലുള്ള പോരാട്ടത്തിന് തന്നെയാണ് രണ്ടാം ഭാഗത്തിലും ആരാധകർ കാത്തിരിക്കുന്നത്. രശ്മിക മന്ദാന നായികയായ ചിത്രത്തിൽ സമന്തയുടെ ഐറ്റം ഡാൻസും ആഘോഷിക്കപ്പെട്ടു.
കഴിഞ്ഞ ഡിസംബർ 29ന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.