നിരവധി പേർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. മുടിക്ക് പുറമേ ചെയ്യുന്ന പരിഹാരമാർഗങ്ങൾ ഫലം കാണുമെങ്കിലും ഭക്ഷണവും മുടിയുടെ ആരോഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
പ്രോട്ടീന്റെയും ബയോട്ടിന്റെയും മികച്ച ഉറവിടമാണ് മുട്ട. ഭക്ഷണത്തിലൂടെ ലഭിക്കുന്ന പ്രോട്ടീന്റെ അളവ് കുറയുന്നത് തലമുടി കൊഴിയുന്നതിലേക്ക് നയിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് മുടിയുടെ വളര്‍ച്ചയെ സഹായിക്കും.
മാങ്ങയില്‍ സുലഭമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ തലമുടി വരണ്ടുപോകാതെയിരിക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ മാങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇ, കാത്സ്യം, ഫോളേറ്റ് എന്നിവയെല്ലാം തലമുടിയുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഘടകങ്ങളാണ്.
ഫോളേറ്റ്, അയേണ്‍, വിറ്റാമിന്‍ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ് പച്ചച്ചീര. തലമുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നവയാണ് ഈ പോഷകങ്ങളെല്ലാം.
ധാരാളം ജലാംശം അടങ്ങിയ ഒരു ഫലമാണ് തണ്ണിമത്തൻ. നിര്‍ജലീകരണം തടഞ്ഞ് തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് തണ്ണമത്തന്‍ സഹായിക്കുന്നു.