കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ജൂലൈ 29ന് അന്താരാഷ്ട്ര കടുവ ദിനമായി ആചരിക്കുന്നു.
ഇന്ത്യയിലെ മികച്ച അഞ്ച് കടുവാ സങ്കേതങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. "വംശനാശഭീഷണി നേരിടുന്ന" ഇനമായി പ്രഖ്യാപിച്ചിരിക്കുന്ന കടുവകളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂലൈ 29ന് അന്താരാഷ്ട്ര കടുവ ദിനം അല്ലെങ്കിൽ ആഗോള കടുവ ദിനം ആഘോഷിക്കുന്നു.
ലോകത്തിലെ കടുവകളുടെ വലിയൊരു ശതമാനത്തിന്റെ ആവാസ കേന്ദ്രമാണ് ഇന്ത്യ. ഏറ്റവും പുതിയ ദേശീയ കടുവ സെൻസസ് പ്രകാരം ഇന്ത്യയിൽ ഇപ്പോൾ കുറഞ്ഞത് 3,167 കടുവകളാണുള്ളത്. 2018 ലെ കടുവ സെൻസസിൽ, ഈ കണക്ക് 2,967 ആയിരുന്നു.
കാലങ്ങളായി പരിസ്ഥിതി സ്നേഹികളെയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരെയും ആകർഷിക്കുന്ന വന്യമൃഗമാണ് കടുവ. കടുവകളെ കാണാൻ ഇന്ത്യയിൽ സന്ദർശിക്കേണ്ട അഞ്ച് നാഷണൽ പാർക്കുകൾ പരിചയപ്പെടാം.
ഇന്ത്യയും ബംഗ്ലാദേശും അതിർത്തി പങ്കിടുന്ന ലോകത്തിലെ ഏറ്റവും വലിയ വനമാണ് സുന്ദർബൻസ്. ഇവിടെ കാണപ്പെടുന്ന അതിമനോഹരമായ റോയൽ ബംഗാൾ കടുവകൾ ഇവിടുത്തെ അന്തരീക്ഷത്തെ അതിജീവിക്കാൻ പരിണമിച്ചു. റോയൽ ബംഗാൾ കടുവയെ കൂടാതെ, വംശനാശഭീഷണി നേരിടുന്ന ഐരാവഡി ഡോൾഫിനുകളേയും നിങ്ങൾക്ക് കാണാൻ കഴിയും. സന്ദർശിക്കാൻ പറ്റിയ സമയം: സെപ്റ്റംബർ - മാർച്ച്.
മാനസ് നദിയുടെ പേരിൽ അറിയപ്പെടുന്ന ഈ ദേശീയോദ്യാനം കിഴക്കൻ ഹിമാലയത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു പറുദീസയാണ്. ഇത് ഒരു ദേശീയോദ്യാനം മാത്രമല്ല, യുനെസ്കോയുടെ ലോക പൈതൃക സൈറ്റും കൂടിയാണ്. സങ്കോഷ് നദി മുതൽ ദർശിനി നദി വരെ 500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഇത് വ്യാപിച്ചുകിടക്കുന്നു. സന്ദർശിക്കാൻ പറ്റിയ സമയം: ഒക്ടോബർ - ഏപ്രിൽ.
ഇന്ത്യയിലെ കർണാടകയിലെ പ്രകൃതിരമണീയമായ ഭൂപ്രകൃതിയിൽ സ്ഥിതി ചെയ്യുന്ന ബന്ദിപ്പൂർ ടൈഗർ റിസർവ് ഏതൊരു വന്യജീവി പ്രേമികൾക്കും ഇഷ്ടപ്പെടുന്നൊരു സങ്കേതമാണ്. 874 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വനം മനോഹരമായ കടുവകൾ ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. സന്ദർശിക്കാൻ പറ്റിയ സമയം: ഒക്ടോബർ - മാർച്ച്.
വിന്ധ്യാചൽ മലനിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് പന്ന. കടുവകളുടെ പ്രധാന ഭൂമിയാണിത്. പുരാതന ഗുഹകളും പച്ചപ്പും ഈ പ്രദേശത്തെ മനോഹരമാക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ദേശീയോദ്യാനമായി പ്രസിദ്ധമായ ഈ വന്യജീവി സങ്കേതം, കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കടുവകൾക്ക് വാസസ്ഥലം നൽകുന്നു. ലോകമെമ്പാടുമുള്ള വന്യജീവി പ്രേമികളെയും ഫോട്ടോഗ്രാഫർമാരെയും ആകർഷിക്കുന്നതാണ് പന്നയിലെ കടുവകൾ. സന്ദർശിക്കാൻ പറ്റിയ സമയം: ഡിസംബർ - മാർച്ച്.
തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ആനമല മലനിരകളിലാണ് ആനമല ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്തിന്റെ വൈവിധ്യമാർന്ന കാലാവസ്ഥയും ഭൂപ്രകൃതിയും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമാണ്. ഏകദേശം 42 കടുവകളാണ് ഇവിടെയുള്ളത്. സന്ദർശിക്കാൻ പറ്റിയ സമയം: മെയ് - ജൂൺ, ഒക്ടോബർ - ഫെബ്രുവരി.