ഭക്തര്‍ക്കായി ഇന്ത്യന്‍ റെയിൽവേയുടെ (IRCTC) ശ്രീ രാമായണ യാത്ര വരുന്നു. രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രധാന സ്ഥലങ്ങളിലൂടെയെല്ലാം തീര്‍ത്ഥാടകര്‍ക്ക് ഈ ട്രെയിനിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും. 17 ദിവസം നീളുന്ന ഈ തീര്‍ത്ഥ യാത്രയ്ക്ക് Shri Ramayan Yatra എന്നാണ് പേര്.
ശ്രീ രാമായണ യാത്രയ്ക്ക് 82,950 രൂപ മുതൽ 1,12,955 രൂപ വരെയുള്ള ഒന്നിലധികം പാക്കേജ് ഓപ്ഷനുകള്‍ ലഭ്യമാണ്.
17 ദിവസത്തെ യാത്രയിൽ, സഞ്ചാരികൾക്ക് രാമജന്മ ഭൂമി ക്ഷേത്രം, സരയു ഘട്ട്, അയോധ്യ, ജനക് പൂരിലെ രാം-ജാനകി ക്ഷേത്രം , തുളസി മാനസ് ക്ഷേത്രം, സങ്കട് മോചൻ ക്ഷേത്രം, വാരാണസിയിലെ മറ്റു പുണ്യ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കാം. സീതാമർഹി, പ്രയാഗ്, ചിത്രകൂട്ട്, ശൃംഗവേർപൂർ, ഹംപി, നാസിക്, രാമേശ്വരം എന്നിവിടങ്ങളിലും ട്രെയിന്‍ നിറുത്തും. നേപ്പാളിലെ ജനക് പൂരിലുള്ള രാം -ജാൻകി ക്ഷേത്രവും സഞ്ചാരികൾക്ക് കാണാം.
ശ്രീ രാമായണ യാത്ര (Shri Ramayan Yatra) പാക്കേജ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് IRCTC ടൂറിസത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് (https://www.irctctourism.com) സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. Shri Ramayan Yatra 17 ദിവസം കൊണ്ട് ഏകദേശം 7,500 കിലോമീറ്റർ ദൂരം പിന്നിടും.
ശ്രീ രാമായണ യാത്രയിൽ, യാത്രക്കാർക്ക് ഡീലക്സ് താമസസൗകര്യം എട്ട് രാത്രിയില്‍ ലഭിക്കും. ബാക്കി 8 രാത്രികള്‍ റെയിൽ കോച്ചുകളിലാവും. യാത്രക്കാര്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം ആയിരിയ്ക്കും ലഭിക്കുക. ഐആർസിടിസി ടൂർ മാനേജർമാരും യാത്രക്കാർക്കൊപ്പം ഉണ്ടാകും. കൂടാതെ, മുഴുവൻ യാത്രക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. 18 വയസിന് മുകളിലുള്ള മുതിർന്നവർക്ക് മാത്രമേ ഈ നിയമം ബാധകമാകൂ.