തമിഴ്നാട്ടില്‍ കോവിഡിനുശേഷം തിയേറ്ററുകളെ ഉണര്‍ത്താന്‍ ജയലളിതയുടെ ജീവിതകഥയുമായി കങ്കണ റണൗത് (Kangana Ranaut) എത്തുന്നു. ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി വെള്ളിയാഴ്ച രാജ്യത്താകമാനം റിലീസ് ചെയ്യും. ഒരു മാസത്തിന് ശേഷം ചിത്രത്തിന്‍റെ OTT റിലീസും ഉണ്ട്.
ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി (Thalaivii) തന്‍റെ കരിയറിലെ ഏറ്റവം മികച്ച ചിത്രമാണ് എന്നാണ് കങ്കണ റണൗത് (Kangana Ranaut) അഭിപ്രായപ്പെട്ടത്. താന്‍ ഏറെ സന്തോഷത്തോടെ അഭിനയിച്ച ചിത്രമാണ് തലൈവി എന്നും ഈ ചിത്രം സിനിമാ പ്രേമികളെ തിയേറ്ററിലേയ്ക്ക് മടക്കിക്കൊണ്ടു വരുമെന്നും കങ്കണ പറഞ്ഞു.
അര നൂറ്റാണ്ട് കാലം തമിഴ് രാഷ്ട്രീയത്തില്‍ നിറഞ്ഞാടിയ വ്യക്തിയായിരുന്നു ജയലളിത. എം.ജി.ആറിന്‍റെ നായികയായി തിരശീലയില്‍ ആരംഭിച്ച ജീവിതം തമിഴകത്തിന്‍റെ അമ്മയായി അവസാനിക്കുകയായിരുന്നു.
ജയലളിതയുടെ ജീവിതത്തിലെ 57 വര്‍ഷങ്ങളാണ് തലൈവി (Thalaivii) എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കങ്കണ റണൗത് ജയലളിതയായി എത്തുമ്പോള്‍ അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി രൂപം മാറുന്നത്.
ജയലളിതയുടെ സിനിമാ, രാഷ്ട്രീയ ജീവിതം, ഒടുവില്‍ അവരുടെ മരണവും അതേപടിയാണ് സിനിമയില്‍ ഉള്ളത് എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ വേഷമാണ് അഭിനയിച്ചു തീര്‍ത്തതെന്നാണ് അരവിന്ദ് സ്വാമി അഭിപ്രായപ്പെട്ടത്.
എ. എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവി (Thalaivii) തമിഴിനു പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങും. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ ബിഗ്ബജറ്റ് സിനിമയാണ് തലൈവി. ചിതീകരണം ഏറെ മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായി എങ്കിലും കോവിഡ് വ്യാപനം മൂലം റിലീസ് വൈകുകയായിരുന്നു.