മഴക്കാലത്ത് ഓഫീസിലോ സ്കൂളിലോ പോകുമ്പോൾ മുടി നനയുന്നത് സ്വാഭാവികമാണ്. മുടി നനഞ്ഞിരിക്കുന്നത് പേൻ, താരൻ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
Home Remedies for Lice: ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലി നാം അറിയാതെ തന്നെ നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ, നമ്മൾ അറിയാത്തവരുമായോ അറിയുന്നവരുമായോ അടുത്ത് സമ്പർക്കം പുലർത്തുമ്പോൾ മുടിയിൽ പേൻ, താരൻ എന്നിവ ഉണ്ടാകാനിടയുണ്ട്.
തലയിലെ പേൻ ശല്യം ഒഴിവാക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചാൽ മതി. അത് എന്തൊക്കെയാണെന്ന് നോക്കാം.
നാരങ്ങ, ഇഞ്ചി നീര്: നാരങ്ങയിൽ സിട്രിക് ആസിഡും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. കൂടാതെ, മുടി വളർച്ചയ്ക്ക് ഇഞ്ചി ഫലപ്രദവുമാണ്. മുടിയിൽ പേൻ ധാരാളമുണ്ടെങ്കിൽ ഇഞ്ചിയും നാരങ്ങാനീരും ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം പരീക്ഷിക്കാം. രണ്ട് ടീസ്പൂൺ നാരങ്ങാ നീരും ഇഞ്ചി പേസ്റ്റും തുല്യ അളവിൽ കലർത്തി മുടിയിലും തലയോട്ടിയിലും നന്നായി മസാജ് ചെയ്യുക. ഇഞ്ചിയും നാരങ്ങാ നീരും ആൻ്റിസെപ്റ്റിക് ആയതിനാൽ പേൻ, താരൻ എന്നിവ അതിവേഗം നീക്കം ചെയ്യപ്പെടും.
ഓയിൽ മസാജ്: വെളിച്ചെണ്ണയിൽ പുതിനയില നീരും വേപ്പെണ്ണയും കലർത്തി തയ്യാറാക്കുന്ന മിശ്രിതം പേൻ, താരൻ എന്നിവയെ നീക്കം ചെയ്യാൻ ഫലപ്രദമാണ്. ഈ എണ്ണ മുടിയിൽ ഒരു മണിക്കൂർ നേരം തേച്ചുപിടിപ്പിക്കുക. അതിനു ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക.
കർപ്പൂരം: തല പേൻ അകറ്റാൻ കർപ്പൂരം ഫലപ്രമാണ്. മുടിയിൽ കർപ്പൂരം പുരട്ടിയാൽ താരൻ അപ്രത്യക്ഷമാകും. പേൻ അകറ്റാനും കർപ്പൂരം ഗുണകരമാണ്. കർപ്പൂരം വെളിച്ചെണ്ണയിൽ കലർത്തി മുടിയുടെ വേരുകളിൽ നന്നായി മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പേൻ ശല്യം ഒഴിവായിക്കിട്ടും.
പേൻ ശല്യം അനുഭവപ്പെട്ട് തുടങ്ങിയാൽ ആദ്യം ചെയ്യേണ്ടത് ഒരു ചീർപ്പ് ഉപയോഗിച്ച് നന്നായി മുടി ചീകുക എന്നതാണ്. ഇത് മുടിയിലെ പേൻ നീക്കം ചെയ്യുന്നു. എന്നാൽ, തലയോട്ടിയ്ക്ക് കേടുപാടുകൾ സംഭവിക്കുന്ന രീതിയിൽ മുടി ചീകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മഴ നനഞ്ഞാലോ കുളിച്ച് കഴിഞ്ഞാലോ മുടി നന്നായി ഉണക്കാത്തതാണ് പേൻ ഉണ്ടാകാനുള്ള പ്രധാന കാരണം. അതിനാൽ ടവ്വൽ ഉപയോഗിച്ച് മുടി നന്നായി തോർത്തുക. പുറത്ത് പോകുമ്പോൾ തൊപ്പിയോ മറ്റ് ശിരോവസ്ത്രങ്ങളോ ധരിക്കാൻ ശ്രദ്ധിക്കുക. ഹെൽമറ്റ് ധരിക്കുന്നതിന് മുന്നോടിയായി ടവ്വൽ തലയിൽ ധരിക്കാൻ മറക്കാതിരിക്കുക.