Asia Cup 2023: ഏഷ്യാ കപ്പിൽ പാകിസ്താൻ സേഫായി; സൂപ്പർ 4-ന് യോഗ്യത നേടാൻ ഇന്ത്യ ചെയ്യേണ്ടത്..!

India Asia Cup Super 4 chances: തിങ്കളാഴ്ച നേപ്പാളിനെതിരെ നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്.

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 05:44 PM IST
  • പാകിസ്താൻ 4 പോയിന്റുമായി സൂപ്പർ 4ൽ എത്തിക്കഴിഞ്ഞു. ​
  • തിങ്കളാഴ്ചയാണ് ഇന്ത്യ - നേപ്പാൾ മത്സരം നടക്കുക.
  • നേപ്പാളിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യ സൂപ്പ‍ർ 4ലേയ്ക്ക് യോഗ്യത നേടും.
Asia Cup 2023: ഏഷ്യാ കപ്പിൽ പാകിസ്താൻ സേഫായി; സൂപ്പർ 4-ന് യോഗ്യത നേടാൻ ഇന്ത്യ ചെയ്യേണ്ടത്..!

ഏഷ്യാ കപ്പിൽ ഏവരും ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ - പാകിസ്താൻ പോരാട്ടം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നത് ഇന്ത്യയ്ക്ക് ഒരർത്ഥത്തിൽ തിരിച്ചടിയായി. ഇരു ടീമുകൾക്കും ഒരു പോയിന്റ് വീതം ലഭിച്ചപ്പോൾ പാകിസ്താൻ 3 പോയിന്റുമായി സൂപ്പർ 4ൽ എത്തി. നേപ്പാളിനെതിരായ ആദ്യ മത്സരത്തിൽ നേടിയ 238 റൺസിന്റെ തകർപ്പൻ വിജയമാണ് പാകിസ്താന് അവസാന നാലിലേയ്ക്ക് വഴിയൊരുക്കിയത്. 

മറുഭാഗത്ത്, ആദ്യ മത്സരം ഉപേക്ഷിക്കപ്പെട്ടതിനാൽ ഇന്ത്യയ്ക്ക് ഒരു പോയിന്റ് മാത്രമേ ലഭിച്ചുള്ളൂ. നേപ്പാളിനെതിരായ മത്സരം വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സൂപ്പർ 4ൽ ഇടം നേടാൻ കഴിയൂ. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇന്ത്യ സൂപ്പർ 4ൽ എത്തുമെങ്കിലും നേപ്പാളിനെതിരെ പരാജയപ്പെട്ടാൽ ഇന്ത്യ പുറത്താകും. ഗ്രൂപ്പിൽ നിന്ന് പാകിസ്താനൊപ്പം നേപ്പാൾ സൂപ്പർ 4ലേയ്ക്ക് യോഗ്യത നേടും. നേപ്പാളിനെതിരെ എത്ര മാർജിനിൽ ജയിക്കണമെന്ന കണക്ക് ഇന്ത്യയ്ക്ക് ബാധകമല്ല. 

ALSO READ: മഴ ചതിച്ചു! ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചു; പാകിസ്താൻ സൂപ്പർ ഫോറിൽ

പെല്ലേക്കെലയിൽ നടന്ന ഇന്ത്യ - പാകിസ്താൻ പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെല്ലേക്കെലയിൽ മഴ പെയ്തതിനാൽ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുമെന്ന കാര്യം ഉറപ്പായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ മഴ വില്ലനാകുകയും ഡെക്ക്വർത്ത് ലൂയിസ് നിയമം വരികയും ചെയ്യാനുള്ള സാഹചര്യം മുന്നിൽ കണ്ടായിരുന്നു ഇരു ടീമുകളും ഇറങ്ങിയത്. 

പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ത്യയുടെ ബാറ്റിംഗിനിടെ പല തവണ മഴ കളി മുടക്കി. പ്രതികൂല കാലാവസ്ഥയെയും പാകിസ്താന്റെ കരുത്തുറ്റ പേസ് ആക്രമണത്തെയും അതിജീവിക്കാൻ ഇന്ത്യ ബുദ്ധിമുട്ടി. ഓപ്പണർമാരായ രോഹിത് ശർമ്മയും (11) ശുഭ്മാൻ ഗില്ലും (10) പിടിച്ചുനിൽക്കാനാകാതെ പുറത്തായി. മൂന്നമനായെത്തിയ വിരാട് കോഹ്ലി 4 റൺസുമായി പുറത്തായതോടെ ഇന്ത്യ അപകടം മണത്തു. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ശ്രേയസ് അയ്യർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും 14 റൺസ് മാത്രം നേടാനെ സാധിച്ചുള്ളൂ.

66ന് 4 എന്ന നിലയിൽ തകർച്ച നേരിട്ട ഇന്ത്യയെ ഇഷാൻ കിഷനും ഹാർദ്ദിക് പാണ്ഡ്യയുമാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 138 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ 200 കടത്തി. 81 പന്തുകൾ നേരിട്ട കിഷൻ 82 റൺസ് നേടിയപ്പോൾ 90 പന്തുകളിൽ 87 റൺസ് നേടിയ പാണ്ഡ്യ ഇന്ത്യയുടെ ടോപ് സ്‌കോററായി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി 35 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി. നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ 3 വിക്കറ്റുകൾ വീതം സ്വന്തമാക്കി. ഏഷ്യാ കപ്പിൽ ഇതാദ്യമായാണ് ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റുകളും പേസർമാർ സ്വന്തമാക്കുന്നത്.   

ഗ്രൂപ്പ് എയിൽ 4 പോയിന്റുമായി പാകിസ്താനാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 1 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട നേപ്പാൾ പോയിന്റ് ഒന്നുമില്ലാതെ മൂന്നാം സ്ഥാനത്താണ്. തിങ്കളാഴ്ചയാണ് (സെപ്റ്റംബർ 4) നിർണായകമായ ഇന്ത്യ - നേപ്പാൾ മത്സരം നടക്കുക. നേപ്പാളിനെ തോൽപ്പിച്ച് സൂപ്പർ 4-ൽ എത്തിയാൽ ഇന്ത്യ വീണ്ടും പാകിസ്താനെ നേരിടും. സെപ്തംബർ 10 ന് കൊളംബോയിലാണ് ഇന്ത്യ - പാകിസ്താൻ പോരാട്ടം നടക്കുക. സൂപ്പർ 4-ൽ നാല് ടീമുകളും പരസ്പരം ഒരോ തവണ വീതം കളിക്കും, ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിലേയ്ക്ക് യോഗ്യത നേടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News