ഹാങ്ചോ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് തുടക്കം. രണ്ട് ഇനങ്ങളിൽ വെള്ളി നേടികൊണ്ടാണ് ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ നേട്ടത്തിന് ആരംഭം കുറിച്ചിരിക്കുന്നത്. പത്ത് മീറ്റർ എയർ റൈഫിൾ, ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസ് ടീം ഇനങ്ങളിലാണ് ഇന്ത്യയുടെ വെള്ളി നേട്ടം. ആതിഥേയരായ ചൈനയ്ക്കാണ് രണ്ട് ഇനങ്ങളിലും സ്വർണം. ക്രിക്കറ്റിൽ ഇന്ത്യൻ വനിത ടീം ഫൈനലിൽ പ്രവേശിച്ചു.
ഷൂട്ടിങ്ങിൽ റമിത, മെഹുലി ഘോഷ്, ആഷി ചോക്സി എന്നിവരടങ്ങുന്ന വനിത ടീമാണ് ആദ്യ മെഡൽ സ്വന്തമാക്കുന്നത്. പിന്നാലെ തുഴച്ചിലിൽ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ അർജുൻ ലാലും അരവിന്ദ് സിങ്ങുമാണ് ഇന്ത്യക്കായി മറ്റൊരു വെള്ളി സ്വന്തമാക്കിയത്. ഇവയ്ക്ക് പുറമെ തുഴച്ചിലിലും ഷൂട്ടിങ്ങിലും ഇന്ത്യ വെങ്കലം നേടുകയും ചെയ്തു. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ നമിതയാണ് വെങ്കലം സ്വന്തമാക്കിയത്. ചൈനയ്ക്കാണ് സ്വർണവും വെള്ളിയും. തുഴച്ചലിൽ പുരുഷന്മാരുടെ ടീം ഇനത്തിൽ ബാബു യാദവും ലേഖ് റാമുമാണ് വെങ്കലം സ്വന്തമാക്കിയത്
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ വനിത ടീം ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യ മെഡൽ ഉറപ്പിച്ചത്. ഫുട്ബോളിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് മ്യാന്മാറിനെതിരെ ഇറങ്ങും. വോളിബോൾ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ജപ്പാനെ നേരിടും. ഇവയ്ക്ക് പുറമെ ഹോക്കിയിൽ ആദ്യ മത്സരത്തിന് ഇറങ്ങി ഇന്ത്യ ഉസ്ബെക്കിസ്ഥാനെ നേരിടുകയാണ്.
ഏഷ്യൻ ഗെയിംസ് 19-ാം പതിപ്പിന് ഇന്നലെയാണ് ചൈനയിലെ ഹാങ്ചോയിൽ വർണാഭമായ തുടക്കം കുറിച്ചത്. ഒളിമ്പിക്സ് സ്പോർട്സ് സെൻ്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് സ്പോർട്സ് മാമാങ്കത്തിന് തിരിതെളിഞ്ഞത്. ഉദ്ഘാടനച്ചടങ്ങിൽ ഹോക്കി നായകൻ ഹർമൻപ്രീത് സിങ്ങും ബോക്‌സർ ലവ്‌ലിന ബോർഗോഹെയ്‌നും ഇന്ത്യൻ പതാകയേന്തി.
655 അംഗങ്ങളുള്ള സംഘത്തെയാണ് ഇന്ത്യ ഇത്തവണ ഏഷ്യൻ ഗെയിംസിന് അയച്ചിരിക്കുന്നത്. ഇത് ഏഷ്യാഡ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തേയും വലിയ സംഘമാണ്. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇതിൽ 39 ഇനങ്ങളിലാണ് ഇന്ത്യ ഇത്തവണ മത്സരിക്കുന്നത്. കൂടുതൽ മെഡലുകൾ നേടിത്തരാറുള്ള അത്ലറ്റിക്സിൽ ഇന്ത്യൻ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര, ഡയമണ്ട് ലീഗ് ഫൈനൽസിന് യോഗ്യത നേടിയ മലയാളി എം ശ്രീശങ്കർ, സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാംബ്ലെ തുടങ്ങി നിരവധി താരങ്ങൾ ഇക്കുറി അണിനിരക്കുന്നുണ്ട്. 2018 ഏഷ്യൻ ഗെയിംസിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ 70 മെഡലുകളോടെ എട്ടാം സ്ഥാനത്താണ് ഇന്ത്യ ഗെയിംസ് അവസാനിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...