ന്യൂഡൽഹി: അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഹിമ ദാസിന്‍റെ പരിശീലകനെതിരെ ലൈംഗികാരോപണം.
ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വെച്ച് നിപ്പോണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപ്പിച്ച് അദ്ദേഹം തന്നെ പരിശീലനം നൽകിയ മറ്റൊരു താരമാണ് രംഗത്തെത്തിയിരിക്കുന്നത്.
മെയ് മാസം പകുതിയോടെ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ പരിശീലനത്തിൽ നിന്നും കായികമത്സരത്തിൽ നിന്നും തന്നെ പുറത്താക്കുമെന്ന് കോച്ച് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയായ കുട്ടി പറഞ്ഞു.
ഈ മാസം ആദ്യമായിരുന്നു ഹിമ ദാസ് അന്താരാഷ്ട്ര തലത്തിൽ അത്ലറ്റിക്സില്‍ മെഡൽ നേടിയത്. നാഷണൽ സ്കൂൾ മീറ്റിൽ അസ്സമിനെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ഇപ്പോൾ നിപ്പോൺ ദാസിനെതിരെ പരാതി നൽകിയിരിക്കുന്നത്.
നിപ്പോൺ ദാസിനെതിരെ പരാതികൾ ഉണ്ടെന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും അസ്സം സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ ഡിപ്പാർട്മെന്‍റ് കമ്മീഷണർ അഷുതോഷ് അഗ്നിഹോത്രി പറഞ്ഞു.
ബസിസ്ത പൊലീസ് സ്റ്റേഷനിൽ ജൂൺ 22നാണ് പരാതിക്കാരിയുടെ കുടുംബം കോച്ചിനെതിരെ പരാതി നൽകിയത്. സെക്ഷൻസ് 342, 354, 376 (ബലാത്സംഗം), 511, 506 എന്നീ വകുപ്പുകൾ ചേർത്താണ് കോച്ചിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയില്‍ ഗുവാഹാട്ടി പോലീസ് നിപ്പോണിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍, താന്‍ നിരപരാധിയാണെന്നും പെണ്‍കുട്ടി കള്ളം പറയുകയാണെന്നുമാണ് നിപ്പോണ്‍ പറയുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള അസം സംസ്ഥാന ടീമില്‍ ഇടം നല്‍കാത്തതാണ് തനിക്കെതിരെ ഇങ്ങനെയൊരു പരാതി നല്‍കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയുമെന്നും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും നിപ്പോണ്‍ കൂട്ടിച്ചേര്‍ത്തു.