മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സ് താരം ശിഖർ ധവാൻ ഐപിഎൽ കരിയറിൽ 6,000 റൺസ് തികച്ചു. ഇന്ന് ഏപ്രിൽ 25ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ അർധ സെഞ്ചുറി നേടികൊണ്ടാണ് മുൻ ഇന്ത്യൻ ഓപ്പണറുടെ നേട്ടം. വിരാട് കോലിക്ക് ശേഷം ഐപിഎല്ലിൽ ഈ നാഴികക്കല്ല് സ്വന്തമാക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് ധവാൻ. കൂടാതെ പഞ്ചാബ് ഓപ്പണറുടെ 200-ാം ഐപിഎൽ മത്സരം കൂടിയാണിത്.
Milestone - 6000 IPL runs and counting for @SDhawan25
He is only the second player to achieve this feat in IPL.#TATAIPL #PBKSvCSK pic.twitter.com/G4Eq1t88Dx
— IndianPremierLeague (@IPL) April 25, 2022
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ:
വിരാട് കോലി-6402
ശിഖർ ധവാൻ-6024
രോഹിത് ശർമ-5764
ഡേവിഡ് വാർണർ-5668
സുരേഷ് റെയ്ന-5528
ഐപിഎൽ 2022 താരലേലത്തിൽ 8.25 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സ് ധവാനെ സ്വന്തമാക്കിയത്. പഞ്ചാബ് കിംഗ്‌സിനായി ഇതിനോടകം എട്ട് മത്സരങ്ങളിൽ നിന്നായി ധവാൻ 250 റൺസ് നേടിട്ടുണ്ട്.
ധവാൻ പുറത്താകാതെ നേടിയ 88 റൺസ് ഇന്നിങ്സിന്റെ പിൻബലത്തിലാണ് പഞ്ചാബ് കിങ്സ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ 188 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. 59 പന്തിൽ ഒമ്പത് ഫോറുകളും രണ്ട് സിക്സറുകളുടെ അകമ്പടിയോടെയാണ് ധവാൻ 88 റൺസെടുത്തത്.
ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 42 റൺസെടുത്ത ലങ്കൻ താരം ഭാനുക രാജപക്‌സ ധവാന് മികച്ച പിന്തുണ നൽകി. ഐപിഎൽ 2022ൽ ഇതുവരെ പഞ്ചാബ് മൂന്ന് മത്സരങ്ങൾ ജയിച്ചപ്പോൾ രണ്ട് കളികളിൽ ചെന്നൈ വിജയം സ്വന്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.